| Saturday, 16th August 2025, 7:27 pm

കൂലിയിലെ എന്റെ വേഷം കാലങ്ങളോളം ജനങ്ങള്‍ ഓര്‍ത്തിരിക്കും: നാഗാര്‍ജുന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രജിനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രമായിരുന്നു കൂലി. വമ്പന്‍ ഹൈപ്പിലെത്തിയ ചിത്രത്തിന് എന്നാല്‍ സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. കൂലിയില്‍ ക്രൂരനായ വില്ലനായ സൈമണിന്റെ വേഷത്തിലെത്തിയത് തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയായിരുന്നു. ഇപ്പോള്‍ ചിത്രത്തെ കുറിച്ചും രജിനികാന്തിനെ കുറിച്ചും സംസാരിക്കുകയാണ് നാഗാര്‍ജുന.

ലോകമെമ്പാടും കൂലിക്ക് ലഭിച്ച സ്‌നേഹം ചിത്രമാണെന്ന് നാഗാര്‍ജുന പറഞ്ഞു. രണ്ട് ദിവസം കൊണ്ട് 250 കോടിയിലധികം കളക്ഷന്‍ ചിത്രം നേടിയെന്നും ഒരു തമിഴ് ചിത്രത്തിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച ഓപ്പണിങ് ആണിതെന്നും അദ്ദേഹം പറയുന്നു. കൂലി പോലെ ഇത്രയും വലിയ ഒരു സിനിമയില്‍ രജിനികാന്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് മറക്കാനാവാത്ത അനുഭവമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ രണ്ടുപേരും ഒന്നിച്ച് സ്‌ക്രീനിലെത്തുമ്പോള്‍ അതിന് എന്തോ ഒരു മന്ത്രികതയുള്ളതുപോലെ എനിക്ക് തോന്നി. രജിനികാന്തിനൊപ്പം അഭിനയിക്കുമ്പോള്‍ വല്ലാത്ത ഒരു എനര്‍ജി നമുക്ക് തോന്നും. ഞങ്ങള്‍ അഭിനയിക്കുന്നത് വലിയൊരു പ്രൊജക്ടിന് വേണ്ടിയാണെന്ന നല്ല ബോധം ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഉണ്ടായിരുന്നു.

ഈ സിനിമയിലെ ഞങ്ങളുടെ വേഷം കാലങ്ങള്‍ക്കും അപ്പുറം ജനങ്ങള്‍ ഓര്‍ത്തിരിക്കുമെന്നും എനിക്ക് നല്ല ഉറപ്പുണ്ട്. കൂലിയുടെ സെറ്റ് മുതല്‍ അത് തിയേറ്ററില്‍ എത്തുന്നതുവരെ ഒരു നല്ല സിനിമയുടെ ഭാഗമാണ് ഞാനെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ഈ സിനിമ ഇനിയും റെക്കോഡുകള്‍ തകര്‍ക്കും,’ നാഗാര്‍ജുന പറഞ്ഞു.

അതേസമയം ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ക്ലാഷിനായിരുന്നു ഇന്നലെ സിനിമാലോകം സാക്ഷിയായത്. വാര്‍ 2 വും കൂലിയും ഒന്നിച്ച് റിലീസ് ചെയ്തപ്പോള്‍ റെക്കോഡ് ഓപ്പണിങ് കളക്ഷനാണ് കൂലി നേടിയത്. റിലീസിന് മുമ്പേ 150 കോടിയോളമാണ് കൂലി സ്വന്തമാക്കിയത്.

Content Highlight: Nagarjuna Talks About Coolie Movie

We use cookies to give you the best possible experience. Learn more