| Monday, 18th August 2025, 8:33 pm

തെലുങ്കില്‍ ഏഴ് ഹിറ്റുകള്‍ ഉണ്ടായപ്പോഴും എനിക്ക് തൃപ്തിയായില്ല, ഒടുവില്‍ മണിര്തനത്തിന്റെ കാല് പിടിച്ച് ആ സിനിമ ചെയ്യിച്ചു: നാഗാര്‍ജുന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെലുങ്കിലെ മുന്‍കാല സൂപ്പര്‍സ്റ്റാര്‍ നാഗേശ്വര റാവുവിന്റെ മകനെന്ന നിലയില്‍ സിനിമാലോകത്തേക്ക് കടന്നുവന്ന താരമാണ് നാഗാര്‍ജുന. കരിയറിന്റെ തുടക്കത്തില്‍ തന്നെ ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ താരത്തിന് സാധിച്ചു. 68ാം വയസിലും ഇന്‍ഡസ്ട്രിയുടെ മുന്‍നിരയില്‍ തന്നെ തുടരുന്ന നാഗാര്‍ജുന കൂലിയിലും വിസ്മയിപ്പിച്ചു.

താരത്തിന്റെ കരിയറില്‍ വലിയ ഇംപാക്ടുണ്ടാക്കിയ ചിത്രമാണ് ഗീതാഞ്ജലി. തമിഴില്‍ ഇദയത്തൈ തിരുടാതെ എന്ന പേരില്‍ ഡബ്ബ് ചെയ്ത് പുറത്തിറക്കിയ ചിത്രം വന്‍ ഹിറ്റായി മാറി. ജനപ്രിയ ചിത്രത്തിനുള്ള ആ വര്‍ഷത്തെ ദേശീയ അവാര്‍ഡ് സ്വന്തമാക്കിയത് ഗീതാഞ്ജലിയായിരുന്നു. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് നാഗാര്‍ജുന.

നാഗേശ്വര റാവുവിന്റെ മകന്‍ എന്ന നിലയില്‍ സിനിമയിലേക്കുള്ള തന്റെ വരവ് വളരെ എളുപ്പമായിരുന്നെന്ന് നാഗാര്‍ജുന പറഞ്ഞു. ആദ്യസിനിമ അങ്ങനെ ഹിറ്റായെന്നും പിന്നാലെ അടുത്ത ചിത്രം തനിക്ക് ലഭിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു. പിന്നീട് മജ്‌നു, കളക്ടര്‍ ഗാരി അബ്ബായി എന്നീ ചിത്രങ്ങള്‍ ഹിറ്റായെന്നും എന്നാല്‍ അതെല്ലാം സംവിധായകന്റെ കഴിവിലാണ് ഹിറ്റായതെന്നും അദ്ദേഹം പറയുന്നു.

‘പിന്നീട് ചെയ്ത ആകിരി പോരാട്ടവും വന്‍ വിജയമായിരുന്നു. പക്ഷേ, ആ സിനിമയുടെ ക്രെഡിറ്റ് കൊണ്ടുപോയത് ശ്രീദേവിയായിരുന്നു. രണ്ട് വര്‍ഷത്തിനിടയില്‍ ഏഴിലധികം ഹിറ്റ് സിനിമകള്‍ ചെയ്തു. എന്നാല്‍ അതിലൊന്നും എനിക്ക് പങ്കുണ്ടായിരുന്നില്ല. ഞാനായിട്ട് ഒരു ഹിറ്റുണ്ടാക്കാമെന്ന നിലയില്‍ ഇറങ്ങി പുറപ്പെട്ടു.

ആ സമയത്താണ് മൗനരാഗം എന്ന സിനിമ റിലീസായത്. അത് കണ്ടപ്പോള്‍ തന്നെ വല്ലാതെ ഇഷ്ടപ്പെട്ടു. തമിഴില്‍ റിലീസായ സിനിമ തെലുങ്കില്‍ ഡബ്ബ് ചെയ്ത് ഇറങ്ങുകയായിരുന്നു. മണിരത്‌നത്തിന്റെ കൂടെ ഒരു സിനിമ ചെയ്യണമെന്ന് അതോടെ ആഗ്രഹമായി. ഞാന്‍ എന്റെ താമസം മുഴുവന്‍ ചെന്നൈയിലേക്ക് മാറി. എല്ലാദിവസവും പോയസ് ഗാര്‍ഡനിലുള്ള അദ്ദേഹത്തിന്റെ വീടിന്റെ മുന്നില്‍ വന്ന് കാത്ത് നില്‍ക്കും. ആദ്യമൊന്നും അദ്ദേഹം മൈന്‍ഡ് ചെയ്യാതെ ഇരുന്നപ്പോള്‍ വിഷമമായി,’ നാഗാര്‍ജുന പറയുന്നു.

പിന്നീട് മണിരത്‌നം പോകുന്ന ടെന്നീസ് കോര്‍ട്ടിലെല്ലാം പോയി അദ്ദേഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിച്ചെന്നും താരം പറഞ്ഞു. ഒടുവില്‍ അദ്ദേഹം തന്നോട് സംസാരിച്ചെന്നും താന്‍ സിനിമയുടെ കാര്യം അദ്ദേഹത്തോട് സൂചിപ്പിച്ചെന്നും നാഗാര്‍ജുന കൂട്ടിച്ചേര്‍ത്തു. ജഗപതി ബാബുവിന് നല്‍കിയ അഭിമുഖത്തിലാണ് നാഗാര്‍ജുന ഇക്കാര്യം പറഞ്ഞത്.

‘മണി സാറിന്റെ കാല് പിടിച്ച് എനിക്ക് കിട്ടിയ സിനിമയാണ് ഗീതാഞ്ജലി. അദ്ദേഹത്തിന്റെ രീതികളെല്ലാം അറിയാവുന്നതിനാല്‍ വളരെ ശ്രദ്ധയോടെ നിന്നു. ആദ്യം ആ സിനിമ തമിഴില്‍ റിലീസ് ചെയ്യാനായിരുന്നു പ്ലാന്‍. പക്ഷേ, തെലുങ്ക് മാര്‍ക്കറ്റ് കൂടി വലുതാക്കണമെന്ന് ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞതുകൊണ്ട് രണ്ട് ഭാഷയിലും സിനിമ റിലീസ് ചെയ്തു. വന്‍ വിജയമായി ഗീതാഞ്ജലി മാറി,’ നാഗാര്‍ജുന പറഞ്ഞു.

Content Highlight: Nagarjuna about how he got film with Maniranam

We use cookies to give you the best possible experience. Learn more