കോഹിമ: നാഗാലാന്‍ഡില്‍ പാര സെന്യത്തിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഗ്രാമീണരുടെ ബന്ധുക്കളെ അധികൃതര്‍ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട്.
13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് അധികൃതര്‍ ആവശ്യപ്പെട്ടതായാണ് ബന്ധുക്കള്‍ പറഞ്ഞത്.
നിലവില്‍ ദിബ്രുഗഡിലെ അസം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ (എ.എം.സി.എച്ച്) ഐ.സിയുവില്‍ ചികിത്സയില്‍ കഴിയുന്ന 30 കാരനായ യെവാങ് കൊന്യാകിന്റെയും 22 കാരിയായ ഷെയ്വാങ് കൊന്യാക്കിന്റെയും ബന്ധുക്കളാണ് ബുധനാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.
തലയോട്ടിയിലും കണ്ണിലും നെഞ്ചിലും കൈമുട്ടിലും വെടിയേറ്റ് ഡിസംബര്‍ 5 ന് പുലര്‍ച്ചെ 1 മണിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരുടേയും നില ഗുരുതരമാണ്.
നേരത്തെ വെടിവെപ്പിനെക്കുറിച്ചുള്ള വിവരങ്ങളും വിശദാംശങ്ങളും രോഗികളുടെ ബന്ധുക്കള്‍ നല്‍കിയിരുന്നെങ്കിലും സംഭവത്തെക്കുറിച്ച് ആരുമായും സംസാരിക്കരുതെന്ന് നാഗാലാന്‍ഡ് അധികൃതര്‍ വിലക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ട്രക്കില്‍ സഞ്ചരിക്കുകയായിരുന്ന ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് എത്തിയവരാണെന്ന് തെറ്റിദ്ധരിച്ചാണ് സുരക്ഷാ സേന വെടിവെച്ചതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
സംഭവത്തില്‍ പൊലീസ് കൊലപാതക കേസ് ഫയല്‍ ചെയ്തിരുന്നു. 21 പാരാ സ്‌പെഷ്യല്‍ ഫോഴ്‌സ് ഓഫ് ആര്‍മി ഉദ്യോഗസ്ഥരെ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കൊലപാതകം ലക്ഷ്യമിട്ടാണ് സുരക്ഷാ സേന ആക്രമണം നടത്തിയതെന്ന് എഫ്.ഐ.ആറില്‍ പൊലീസ് പറയുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Nagaland firing: Condition of survivors serious; kin ‘asked not to talk to media’