തെന്നിന്ത്യന്‍ സിനിമയിലെ അറിയപ്പെടുന്ന നടനാണ് നാഗ ചൈതന്യ. 2009ല്‍ ജോഷ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമ ലോകത്തേക്ക് എത്തുന്നത്. പിന്നീട് യേ മായ ചേസാവേ, 100% ലവ്, മനം, പ്രേമം, എന്നീ ചിത്രങ്ങളിലൂടെ തെലുങ്കിലെ മുന്‍നിര നടന്മാരില്‍ ഒരാളായി മാറി.
സിനിമ കുടുംബത്തില്‍ നിന്നാണ് നാഗ ചൈതന്യ അഭിനയത്തിലേക്ക് കടന്നുവരുന്നത്. നടന്‍ നാഗാര്‍ജുനയുടെയും നടി ലക്ഷ്മി രാമനായിഡുവിന്റെയും മകനായ അദ്ദേഹത്തിന്റെ മുത്തച്ഛന്‍ തെലുങ്ക് സിനിമാ ലോകത്തെ ഇതിഹാസ താരങ്ങളില്‍ ഒരാളായ അക്കിനേനി നാഗേശ്വര റാവു ആണ്. നാഗ ചൈതന്യയുടെ അമ്മയുടെ അച്ഛന്‍ പ്രമുഖ നിര്‍മാതാവായ ഡി. രാമനായിഡു ആണ്.
ഇത്രയും വലിയ സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്ന് വരുന്നതുകൊണ്ടുതന്നെ തന്റെ മുകളില്‍ ഒരുപാട് പ്രതീക്ഷകളുണ്ടെന്ന് നാഗ ചൈതന്യ പറയുന്നു.
‘എന്റെ എന്റെ മുത്തച്ഛനും അച്ഛനും ഉണ്ടാക്കിവെച്ചിരിക്കുന്ന പ്രതീക്ഷകള്‍ക്കൊത്ത് ഉയരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. അവരുടെ പ്രതീക്ഷകള്‍ക്കൊത്താണ് ഞാന്‍ ജീവിക്കുന്നത്. എന്നാല്‍ അതിനപ്പുറം പ്രേക്ഷകര്‍ എന്നെ വിശ്വസിക്കണമെന്നും സ്‌നേഹിക്കണമെന്നും എനിക്ക് ആഗ്രഹമുണ്ട്. ഒരു പോസ്റ്ററില്‍ എന്റെ പേര് പ്രേക്ഷകര്‍ കാണുകയാണെങ്കില്‍ ആ സിനിമയിലെ എന്റെ കഥാപാത്രത്തെ പ്രതീക്ഷിച്ചുകൊണ്ട് അവര്‍ സിനിമക്ക് കയറണമെന്നാണ് എന്റെ സ്വപ്നം. അങ്ങനെയുള്ള ഒരു കരിയര്‍ വളര്‍ത്തിയെടുക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്,’ നാഗ ചൈതന്യ പറഞ്ഞു.
തന്റെ പങ്കാളി ശോഭിത ധുലിപാലയെ കുറിച്ചും നാഗ ചൈതന്യ സംസാരിച്ചു. ശോഭിതക്ക് വായനയിലാണ് താത്പര്യമെന്നും എന്നാല്‍ തനിക്ക് റേസിങ് ആണ് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു. ഇഷ്ടങ്ങള്‍ തമ്മില്‍ വളരെ അന്തരമുള്ളവരാണ് ഇരുവരുമെന്നും എന്നാല്‍ സ്‌നേഹത്തിന് മുന്നില്‍ അതെല്ലാം ഒത്തുപോകുമെന്നും നാഗ ചൈതന്യ പറയുന്നു.
‘ഞങ്ങള്‍ രണ്ടുപേരും ക്രിയേറ്റിവായ ആളുകളാണ്. ഞങ്ങള്‍ ഊഴമനുസരിച്ച് വെക്കേഷന്‍ ആസൂത്രണം ചെയ്യുന്നു. ഇത്തവണ അവളാണ് പ്ലാന്‍ ചെയ്യുന്നതെങ്കില്‍ അടുത്ത പ്രാവശ്യം ഞാന്‍ ചെയ്യും. യാതൊരു വിധത്തിലുമുള്ള പ്രഷര്‍ ഞങ്ങള്‍ക്കിടയില്‍ ഉണ്ടാകാറില്ല. വണ്ടിയോടിക്കാന്‍ അവള്‍ക്ക് ഭയങ്കര ഇഷ്ടമാണ്. എനിക്ക് കടല്‍ക്കരയില്‍ ഇരിക്കുന്നതും. എത്ര മണിക്കൂറുകള്‍ വേണമെങ്കിലും കടലിനെ നോക്കി ഞാന്‍ അങ്ങനെ നില്‍ക്കും,’ നാഗ ചൈതന്യ പറയുന്നു.
Content highlight: Naga Chaitanya says he live up to the expectations of his father and grandfather