| Tuesday, 9th September 2025, 5:08 pm

നദ്‌വിയുടെ പരാമര്‍ശം ഇസ്‌ലാമിക വിരുദ്ധം; സമസ്ത മുശാവറ അംഗത്വം റദ്ദ് ചെയ്യണം: നാഷണല്‍ ലീഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സമസ്ത കേന്ദ്ര മുശാവറ അംഗവും ഇസ്‌ലാമിക പണ്ഡിതനുമായ ബഹാവുദ്ദീന്‍ നദ്‌വി ഉസ്താദിന്റെ പരാമര്‍ശം അപക്വവും അനുചിതവുമാണെന്ന് നാഷണല്‍ ലീഗ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍.കെ. അബ്ദുല്‍ അസീസ്.

‘ചില മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും അവിഹിത ഭാര്യമാരുണ്ട്’ എന്ന പരാമര്‍ശം അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന് ചേര്‍ന്നതല്ലെന്നും അബ്ദുല്‍ അസീസ് പ്രസ്താവനയില്‍ പറഞ്ഞു.

അനിവാര്യ ഘട്ടത്തില്‍ ബഹുഭാര്യത്വത്തെ അംഗീകരിക്കുന്ന ഇസ്‌ലാമിക കാഴ്ചപ്പാടിന്റെ വസ്തുതകള്‍ പറഞ്ഞ് മനസിലാക്കുകയോ ആശയ പ്രചാരണം നടത്തുകയോ ചെയ്യുന്നതിന് പകരം, ഇസ്‌ലാമിനെയും സ്ത്രീകളെയും ജനപ്രതിനിധികളെയും രാഷ്ട്രീയ നേതാക്കളെയും അനാവശ്യ വിവാദങ്ങളിലേക്കും സംശയത്തിന്റെ നിഴലിലേക്കും വലിച്ചിഴക്കുന്നത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും അബ്ദുല്‍ അസീസ് ചൂണ്ടിക്കാട്ടി.

ഒരാളുടെ പേരില്‍ ലൈംഗിക അപവാദം ഉന്നയിക്കുന്നത് വന്‍ പാപമാണെന്നും നാഷണല്‍ ലീഗ് പ്രതികരിച്ചു.

വ്യഭിചരിക്കുന്നത് നേരിട്ട് ഒരാള്‍ കണ്ടാല്‍ പോലും വിശ്വാസ്യയോഗ്യരായ നാല് സാക്ഷികള്‍ ഇല്ലാതെ അത് പരസ്യപ്പെടുത്താന്‍ പാടില്ല എന്നാണ് ഇസ്‌ലാമിക നിയമമെന്നും അബ്ദുല്‍ അസീസ് പറഞ്ഞു.

ഇത്തരം ഗുരുതരമായ ദുരാരോപണങ്ങള്‍ ഉന്നയിക്കുകയും സാക്ഷികളെ ഹാജരാക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നാണ് ഖുര്‍ആനിന്റെ കല്‍പ്പന. ഏതൊരു മനുഷ്യന്റെയും അഭിമാനത്തെ ക്ഷതപ്പെടുത്തുന്ന വാക്കുകളോ പ്രവൃത്തികളോ ആരോപണങ്ങളോ വിശ്വാസികളുടെ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നദ്‌വിയുടെ പരാമര്‍ശങ്ങള്‍ തിരുത്തേണ്ടതോ പിന്‍വലിക്കേണ്ടതോ ആണ്. ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുന്ന ഈ നിലപാട് സമസ്ത മുശാവറ പരിശോധിക്കണമെന്നും നാഷണല്‍ ലീഗ് ആവശ്യപ്പെട്ടു.

സമസ്തയുടെ വിശ്വാസ്യത തകര്‍ക്കുന്ന ഇത്തരം പ്രവണതകള്‍ പണ്ഡിത ശ്രേഷ്ഠരുടെ ഭാഗത്തുനിന്നും ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ത്തി.

Content Highlight: Nadwi’s remarks are anti-Islamic; Samastha Mushavara membership should be cancelled: National League

We use cookies to give you the best possible experience. Learn more