| Sunday, 14th June 2026, 5:57 pm

ലാലേട്ടനോടും മമ്മൂക്കയോടും അധികം സംസാരിച്ചിരുന്നില്ല, ഒരേ പ്രായമായത് കൊണ്ട് കൂടുതല്‍ കമ്യൂണിക്കേറ്റ് ചെയ്തത് റഹ്‌മാനുമായിട്ട്: നദിയ മൊയ്തു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ സീനിയര്‍ സംവിധായകന്‍ ഫാസില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 1984ല്‍ പുറത്തിറങ്ങിയ ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തിലൂടെ തന്റെ പതിനെട്ടാം വയസില്‍ അഭിനയജീവിതത്തിന് അരങ്ങേറ്റം കുറിച്ച അഭിനേത്രിയാണ് നദിയ മൊയ്തു. പിന്നീട് തമിഴിലും തെലുങ്കിലും താരം സജീവമായെങ്കിലും മലയാളത്തില്‍ എണ്‍പതുകളിലും തൊണ്ണൂറുകളിലും നദിയ അഭിനയിച്ച ചിത്രങ്ങള്‍ പലതും മലയാളികളുടെ ഫേവറിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചവയാണ്.

മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം താരം വേഷമിട്ടുണ്ടെങ്കിലും റഹ്‌മാന്റെ നായികയായി നദിയ എത്തിയ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ക്കിടയില്‍ തരംഗമാകുകയും ഹിറ്റ് ജോഡിയായി ഇരുവരും മാറുകയും ചെയ്തിരുന്നു. ചെറിയ പ്രായത്തില്‍ മലയാള സിനിമയിലേക്ക് എത്തിയതിനെ കുറിച്ചും മറ്റ് താരങ്ങളുമായുള്ള അനുഭവത്തെ കുറിച്ചും നദിയ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

നദിയ മൊയ്തു. Photo: 20th century movie stars

‘മമ്മൂക്കയുടെയും ലാലേട്ടന്റെയും ഒപ്പം അഭിനയിക്കുമ്പോള്‍ ഞാന്‍ വളരെ ചെറുപ്പമായിരുന്നു. അത് മാത്രമല്ല ഞാന്‍ ബോംബെയില്‍ ജനിച്ച് വളര്‍ന്നത് കാരണം എനിക്ക് അവരുമായി കോമണായിട്ട് സംസാരിക്കാന്‍ ഒന്നും ഇല്ലായിരുന്നു. അന്ന് തന്നെ മലയാളം വളരെ കഷ്ടപ്പെട്ടിട്ടായിരുന്നു സംസാരിച്ച് കൊണ്ടിരുന്നത്. ഇപ്പോഴും കുറച്ചെല്ലാം കഷ്ടപ്പെടുന്നുണ്ട്. എന്നാലും വലിയ കുഴപ്പമില്ല.

അന്ന് എന്റെ ഫാദര്‍ കൂടെ തന്നെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഫാദറായിരുന്നു അവരുമായിട്ട് കൂടുതല്‍ സംസാരിച്ചിരുന്നത്. ഞാന്‍ സംസാരിക്കുന്നത് വളരെ കുറവായിരുന്നു. അതേസമയം റഹ്‌മാന്‍ കേരളക്കാരനായിരുന്നെങ്കിലും അദ്ദേഹം ജനിച്ച് വളര്‍ന്നതെല്ലാം പുറത്തായിരുന്നു. മാത്രമല്ല ഒരേ പ്രായം കൂടിയായിരുന്നതിനാല്‍ അല്പം കൂടെ സംസാരിച്ചിരുന്നത് റഹ്‌മാനുമായിട്ടായിരുന്നു.

പക്ഷേ ഇപ്പോഴും അവരെല്ലാവരും സിനിമയില്‍ സജീവമായി നില്‍ക്കുന്നത് കാണുമ്പോള്‍ ഒരുപാട് സന്തേഷമുണ്ട്. ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവരെല്ലവരും നല്ല സിനിമകള്‍ ചെയ്യുന്നുണ്ട്,’ നദിയ മൊയ്തു പറഞ്ഞു.

നദിയ മൊയ്തു. Photo: IMDB

1994ല്‍ പുറത്തിറങ്ങിയ വധു ഡോക്ടറാണ് എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷം മലയാള സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം തിരിച്ചെത്തുന്നത് 2011 ല്‍ പുറത്തിറങ്ങിയ സെവന്‍സ് എന്ന ചിത്രത്തിലെ അമല എന്ന പൊലീസ് കഥാപാത്രത്തിലൂടെയാണ്. അടുത്തിടെ പുറത്തിറങ്ങി തിയേറ്ററുകളില്‍ വലിയ ഹിറ്റായി മാറിയ മമ്മൂട്ടി നായകനായ ഭീഷ്മ പര്‍വം എന്ന ചിത്രത്തിലും താരം പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു.

Content Highlight: Nadia Moidu talks about her earky career experience with Mohanlal, Mammootty and Rahman

Latest Stories

We use cookies to give you the best possible experience. Learn more