നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് നദിയ മൊയ്തു. ആദ്യ സിനിമ തന്നെ സൂപ്പർ ഹിറ്റായി. പിന്നീട് നദിയയ്ക്ക് സിനിമയിൽ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കല്യാണത്തിന് ശേഷം അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത നദിയ 2004ൽ എം. കുമരൻ സൺ ഓഫ് മഹാലക്ഷ്മി എന്ന തമിഴ് ചിത്രത്തിലൂടെ തിരിച്ചുവരവും നടത്തി. ഇപ്പോൾ സിനിമയിൽ എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് നദിയ മൊയ്തു.
‘പപ്പയുടെ സുഹൃത്ത് നാസര്‍ അങ്കിളിന്റെ സഹോദരന്‍ ഖായിസ്‌ക്ക ഒരിക്കല്‍ ഞങ്ങളുടെ വീട്ടില്‍ വന്നു. അദ്ദേഹമാണ് നാട്ടില്‍ പോയി ഫാസില്‍ അങ്കിളിനോട് എന്നെക്കുറിച്ച് പറഞ്ഞത്. ആ സമയത്ത് ഫാസില്‍ അങ്കിള്‍ ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്‘ എന്ന ചിത്രത്തിലേക്ക് നായികയെ തേടുകയായിരുന്നു,’ നദിയ മൊയ്തു പറഞ്ഞുതുടങ്ങി.
സംവിധായകന്‍ ഫാസില്‍ പിന്നീട് തങ്ങളുടെ വീട്ടിൽ വന്നെന്നും താനും അനിയത്തിയും ഫാസിലും കൂടി നടക്കാന്‍ പോയെന്നും നദിയ പറഞ്ഞു.
തന്റെ ഹോബികളെക്കുറിച്ചും ഇഷ്ടങ്ങളെക്കുറിച്ചും ഫാസില്‍ ചോദിച്ചുവെന്നും സംസാരിച്ച് നടക്കുന്നതിനിടെ സൈക്കിള്‍ ചവിട്ടി കുറെ ആണ്‍കുട്ടികള്‍ തങ്ങളെ കടന്നുപോയെന്നും നദിയ പറയുന്നു.
‘അതിലൊരാള്‍ എന്നെ നോക്കി കമന്റടിച്ചു. ഞാന്‍ തിരിഞ്ഞു നിന്ന് അവനെ രൂക്ഷമായി നോക്കി. ആ നോട്ടത്തിലാണത്രെ ഫാസില്‍ അങ്കിള്‍ ഗേളിയെ കണ്ടത്,’ നദിയ കൂട്ടിച്ചേര്‍ത്തു.
തന്നോട് സിനിമയുടെ കഥ പറഞ്ഞെന്നും ഇത്രയും മനോഹരമായി കഥ പറയുന്ന ആരെയും താന്‍ കണ്ടിട്ടില്ലെന്നും നടി പറഞ്ഞു. ആ കഥ പറച്ചിലില്‍ തന്നെ ഗേളിയാകാന്‍ താന്‍ തയാറായെന്നും നദിയ പറയുന്നു.
‘ചില സിനിമകള്‍ ‘ടൈംലെസ്’ ആണെന്ന് നമ്മള്‍ പറയാറില്ലേ. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് അങ്ങനെയുള്ള ഒരു സിനിമയാണ്. 1984ല്‍ ചിത്രീകരിച്ച് 85ല്‍ ആണ് സിനിമ റിലീസ് ചെയ്തത്. അന്നൊരു 50 വയസുള്ള ആളുകളൊക്കെ പിന്നെയും കുറെ വര്‍ഷങ്ങള്‍ക്കുശേഷം എന്നെ കാണുമ്പോള്‍ ‘ഗേളി’ എന്ന് വിളിച്ച് കെട്ടിപ്പിടിക്കുമായിരുന്നു. പക്ഷേ, അന്ന് ജനിച്ചിട്ട് പോലുമില്ലാത്ത കുട്ടികള്‍ക്കും ആ സിനിമയും അതിലെ പാട്ടുകളും ഇഷ്ടമാണ്,’ നദിയ മൊയ്തു പറയുന്നു.
താന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെന്ന് നദിയ മൊയ്തു പറഞ്ഞു. തനിക്ക് ഇപ്പോഴും നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയെക്കുറിച്ചുള്ള പോസ്റ്ററുകളും ട്രോളുകളും ആരെങ്കിലുമൊക്കെ അയച്ചുതരാറുണ്ടെന്നും നദിയ കൂട്ടിച്ചേര്‍ത്തു. തലമുറ വ്യത്യാസമില്ലാതെ ആളുകള്‍ക്ക് ഈ സിനിമ റിലേറ്റ് ചെയ്യാന്‍ പറ്റുന്നുണ്ടെന്നും ഗേളി എന്ന കഥാപാത്രത്തെ സ്‌നേഹിച്ചത് തന്റേടംകൊണ്ട് മാത്രമല്ല, ആത്മവിശ്വാസം കൊണ്ടുകൂടിയാണെന്നും നദിയ കൂട്ടിച്ചേര്‍ത്തു.
Content Highlight: Nadia Moidu talking about her first movie