ഗേളി മാത്യു എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് നദിയ മൊയ്തു. നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയിലെ കഥാപാത്രമായിരുന്നു ഇത്. ഇപ്പോള്‍ ഈ സിനിമയുടെ ഷൂട്ടിങ് ദിനങ്ങള്‍ ഓര്‍മയുണ്ടോയെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് നദിയ.
തനിക്ക് അത് ഇന്നും നല്ല ഓര്‍മയുണ്ടെന്നും താന്‍ ആദ്യമായി ചെയ്ത സിനിമയായിരുന്നു നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്നുമാണ് നടി പറയുന്നത്. സെറ്റില്‍ ചെന്നപ്പോള്‍ സിനിമയില്‍ അഭിനയിക്കുകയാണ് എന്ന തോന്നല്‍ തനിക്ക് ഉണ്ടായിരുന്നില്ല എന്നതാണ് സത്യമെന്നും നദിയ കൂട്ടിച്ചേര്‍ത്തു.
‘സ്‌കൂളില്‍ ഏതോ ഒരു നാടകത്തില്‍ അഭിനയിക്കുകയാണ് എന്നേ എനിക്ക് തോന്നിയിട്ടുള്ളൂ. ഫാസില്‍ അങ്കിളിന്റെ സഹോദരന്‍മാരെല്ലാം എന്റെ അച്ഛന്റെ സുഹൃത്തുക്കളായിരുന്നു. ആ ഒരു അടുപ്പമുണ്ടായിരുന്നു.
‘ഈ സിനിമ നന്നായി ഓടണം. അതുകഴിഞ്ഞ് കുറേ പടങ്ങള്‍ ചെയ്യണം’ എന്നിങ്ങനെയുള്ള വിചാരങ്ങളൊന്നും എനിക്ക് തീരെ ഉണ്ടായിരുന്നില്ല. നല്ല പരിചയമുള്ള ആളുകള്‍ ഒരു പടം ചെയ്യാന്‍ ഓഫര്‍ തന്നു, ചെയ്തു. അത്രേയുള്ളൂ,’ നദിയ മൊയ്തു പറയുന്നു.
അന്ന് തനിക്ക് മലയാളം അത്ര നന്നായി സംസാരിക്കാന്‍ അറിയില്ലായിരുന്നെന്നും തനിക്കാണെങ്കില്‍ കുറേ ഡയലോഗുകള്‍ പറയാനുണ്ടായിരുന്നെന്നും നടി കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനില്‍ സംസാരിക്കുകയായിരുന്നു നദിയ.
‘സംവിധായകന്‍ സിദ്ദിഖ് ആയിരുന്നു അന്ന് ഫാസില്‍ സാറിന്റെ അസോസിയേറ്റ് ആയിരുന്നത്. എനിക്ക് ഡയലോഗുകള്‍ പഠിപ്പിച്ചുതരാനും അത് മനപ്പാഠമാക്കിത്തരാനും ഒക്കെ സിദ്ദിഖ് കുറേ മെനക്കെട്ടിട്ടുണ്ട്.
സെറ്റില്‍ ഇടവേളകളില്‍ ലാലും സിദ്ദിഖും കുറേ മിമിക്രിയും അതുമിതുമൊക്കെ കാണിക്കുമായിരുന്നു. അത് ആസ്വദിക്കും. എന്നാലും എനിക്ക് പഠിക്കാന്‍ കുറേ ഡയലോഗുകള്‍ ഉള്ളതുകൊണ്ട് അതിലേക്കായിരുന്നു കൂടുതല്‍ ശ്രദ്ധ,’ നദിയ മൊയ്തു പറയുന്നു.
നോക്കെത്താദൂരത്ത് കണ്ണുംനട്ട്:
ഫാസില്‍ സംവിധാനം ചെയ്ത് 1984ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നോക്കെത്താദൂരത്ത് കണ്ണുംനട്ട്. സിനിമയിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നേടിയെടുക്കാന്‍ നദിയക്ക് കഴിഞ്ഞു. നദിയ മൊയ്തുവിന് പുറമെ പത്മിനി, മോഹന്‍ലാല്‍ എന്നിവരായിരുന്നു ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: Nadhiya Moidu Talks About Nokkethadhoorathu Kannum Nattu