| Friday, 30th September 2016, 3:37 pm

ഒരു ബോംബുപോലും പൊട്ടാത്ത, ഒരു ജീവന്‍പോലും നഷ്ടപ്പെടാത്ത നാദാപുരം ഞങ്ങള്‍ക്ക് തരാന്‍ പറ്റുമോ? മുഖ്യമന്ത്രിക്ക് ഒരു നാദാപുരത്തുകാരന്റെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുതിയ മുഖ്യമന്ത്രി എന്തുചെയ്യുന്നു എന്ന് ഉറ്റുനോക്കുകയാണു ഞങ്ങള്‍, അടുത്ത അഞ്ചു വര്‍ഷം ഒരു ബോംബ് പോലും പൊട്ടാത്ത, ഒരു വീടുപോലും ആക്രമിക്കപ്പെടാത്ത, ഒരു ജീവന്‍ പോലും നഷ്ട്ടപ്പെടാത്ത, ഏതു പാതിരാവിലും സഞ്ചാരയോഗ്യമായ ഒരു നാദാപുരം സാറിനു ഞങ്ങള്‍ക്ക് തരാന്‍ പറ്റുമോ? എങ്കില്‍ അതായിരിക്കും കുറച്ചു സാധാരണ പച്ച മനുഷ്യര്‍ താമസിക്കുന്ന ഈ നാടിനോട് സാറിനു ചെയ്യാന്‍ പറ്റുന്ന എറ്റവും വലിയ കാര്യം.

പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക്,

പൊതുജന താല്‍പര്യാര്‍ത്ഥം സമര്‍പ്പിക്കുന്നത്.

കോഴിക്കോട് ജില്ലയിലെ നാദാപുരം സ്വദേശിയാണ് ഞാന്‍! ഓര്‍മ്മവെച്ച കാലം മുതല്‍ സൈ്വര്യജീവിതം സാധ്യമായിട്ടില്ല! തൊലിപ്പുറത്തുള്ള ചികിത്സകള്‍ പലതും നടത്തിയിട്ടുണ്ട്, ഒന്നും വിജയിച്ചിട്ടില്ല, വിജയിക്കുകയുമില്ല! 95% പേരും സമാധാനം ആഗ്രഹിക്കുന്നു. ബാക്കിവരുന്ന 5% സാമൂഹ്യ വിരുദ്ധരുടെ ചെയ്തികള്‍ കാരണം സമാധാനം നഷ്ടപ്പെട്ടവരാണ് ഞങ്ങള്‍, ഞങ്ങള്‍ക്ക് മടുത്തു!

പുതിയ മുഖ്യമന്ത്രി എന്തുചെയ്യുന്നു എന്ന് ഉറ്റുനോക്കുകയാണു ഞങ്ങള്‍, അടുത്ത അഞ്ചു വര്‍ഷം ഒരു ബോംബ് പോലും പൊട്ടാത്ത, ഒരു വീടുപോലും ആക്രമിക്കപ്പെടാത്ത, ഒരു ജീവന്‍ പോലും നഷ്ട്ടപ്പെടാത്ത, ഏതു പാതിരാവിലും സഞ്ചാരയോഗ്യമായ ഒരു നാദാപുരം സാറിനു ഞങ്ങള്‍ക്ക് തരാന്‍ പറ്റുമോ? എങ്കില്‍ അതായിരിക്കും കുറച്ചു സാധാരണ പച്ച മനുഷ്യര്‍ താമസിക്കുന്ന ഈ നാടിനോട് സാറിനു ചെയ്യാന്‍ പറ്റുന്ന എറ്റവും വലിയ കാര്യം.

ഞങ്ങള്‍ക്ക് വിമാനത്താവളം വേണ്ട, മെട്രോ റെയിലും ഫ്രീ ഇന്റര്‍നെറ്റും വേണ്ട. നാലുവരിപ്പാതയും, സ്മാര്‍ട്ട് സിറ്റികളും വേണ്ട! ഒന്‍പതുമണി കഴിഞ്ഞാല്‍ കിലോമീറ്ററിനു നാല് സ്ഥലത്ത് വെച്ച് പൊലീസ് ചെക്കിങ്ങ്, ഒറ്റക്ക് യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥ, ഇതൊക്കെ താങ്കള്‍ക്ക് മാറ്റി തരാന്‍ പറ്റ്വോ?

എങ്കില്‍ സാര്‍ ഞങ്ങളുടെയും വരും തലമുറകളുടെയും മനസ്സില്‍ മായാതെ നില്‍ക്കുന്ന മഹത് വ്യക്തിത്വമായി നിലകൊള്ളും. ജീവിതത്തില്‍ ഒരല്പം സന്തോഷം ആഗ്രഹിക്കുന്ന ഒരുകൂട്ടം പാവങ്ങളുടെ അപേക്ഷയാണ്. നിരസിക്കില്ല എന്ന് വിശ്വസിക്കുന്നു.

എന്ന്
അഷ്‌റഫ് മനോളി

We use cookies to give you the best possible experience. Learn more