സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗമായി ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍. ഈ മാസം അവസാനം നടക്കുന്ന യോഗത്തില്‍ റയലിന്റെ അംഗങ്ങളോട് ബോര്‍ഡിലേക്കുള്ള താരത്തിന്റെ നിയമനം അംഗീകരിക്കാന്‍ വശ്യപ്പെടുമെന്ന് ക്ലബ് പ്രസ്താവനയിറക്കി.
നിലവില്‍ റയല്‍ മാഡ്രിഡിന്റെ ഓണററി അംഗമാണ് നദാല്‍. കായികചരിത്രത്തിലെ ഇതിഹാസങ്ങളില്‍ ഒരാളും ഏറ്റവുമധികം ആദരിക്കപ്പെടുകയും ചെയ്യുന്ന സ്പാനിഷ് കായികതാരങ്ങളില്‍ ഒരാളുമായ നദാല്‍ ടീമിനൊപ്പം ചേരുന്നു എന്നത് അഭിമാനമുള്ള കാര്യമാണെന്ന് പ്രസ്താവനയില്‍ ക്ലബ് പറഞ്ഞു.
‘കായികനേട്ടങ്ങളിലും വ്യക്തിത്വത്തിലും ഒരുപോലെ ഉന്നതനായ, സ്പാനിഷ് ആഗോള കായികരംഗത്തിന്റെ പ്രതീകമായ ഇത്രയും വലിയൊരു വ്യക്തിത്വം നമ്മുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ചേരുന്നു എന്നത് റയല്‍ മാഡ്രിഡിനും മുഴുവന്‍ മാഡ്രിഡിസ്റ്റ സമൂഹത്തിനും അതിയായ അഭിമാനത്തിന് വക നല്‍കുന്നു. ഈ സ്ഥാനത്തിരുന്ന് അദ്ദേഹം ക്ലബ്ബിന്റെ വര്‍ത്തമാനത്തിനും ഭാവിക്കും നല്‍കുന്ന സംഭാവനകള്‍ ഏറെ വിലപ്പെട്ടതായിരിക്കും,’ ക്ലബ് പറഞ്ഞു.
22 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും രണ്ട് ഒളിമ്പിക് സ്വര്‍ണ മെഡലുകളുമടക്കം 92 വ്യക്തിഗത കിരീടങ്ങള്‍ നേടയ താരമാണ് നദാല്‍. ദീര്‍ഘകാലം ലോക ഒന്നാം നമ്പര്‍ ആയിരുന്ന താരം സ്‌പെയിനൊപ്പം ഡേവിസ് കപ്പ് വിജയങ്ങളിലും പങ്കാളിയായിരുന്നു.
ബാല്യകാലം മുതല്‍ റയല്‍ മാഡ്രിഡ് ആരാധകനായ ടെന്നീസ് ഇതിഹാസം 67,778 എന്ന തന്റെ ക്ലബ് അംഗത്വനമ്പര്‍ ഇപ്പോഴും നിലനിര്‍ത്തുന്നുണ്ട്. ക്ലബ്ബിന്റെ പ്രസ്താവന പങ്കുവെച്ചുകൊണ്ടുള്ള തന്റെ പോസ്റ്റില്‍ താരം ക്ലബ് ജേഴ്‌സിയിലുള്ള തന്റെ ബാല്യകാല ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘റയല്‍ മാഡ്രിഡിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ചേരാന്‍ നിര്‍ദ്ദേശിച്ചതിന് പ്രസിഡന്റ് ഫ്‌ലോറന്റിനോ പെരസിനും ബോര്‍ഡിനും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
വളരെയധികം ആവേശത്തോടെയും ക്ലബിന് എനിക്ക് കഴിയുന്ന രീതിയില്‍ സംഭാവന ചെയ്യാനുമുള്ള സന്നദ്ധതയോടും കൂടി ഈ നിര്‍ദേശം ഞാന്‍ സ്വീകരിക്കുന്നു,’ നദാല്‍ തന്റെ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
ബോര്‍ഡില്‍ എന്ത് ഉത്തരവാദിത്തങ്ങളാവും നദാല്‍ വഹിക്കുക എന്ന കാര്യത്തില്‍ നിലവില്‍ വ്യക്തതയില്ല.
ട്രോഫികളൊന്നുമില്ലാതെ കഴിഞ്ഞ സീസണ്‍ അവസാനിപ്പിച്ച റയല്‍ മാഡ്രിഡ് പോര്‍ച്ചുഗീസ് പരിശീലകന്‍ ജോസേ മൗറിന്യോയുടെ കീഴില്‍ ഈ സീസണില്‍ തിരിച്ചുവരവിനുള്ള പ്രതീക്ഷയിലാണ്.
Content Highlighs: Nadal set to join Real Madrid board of directors.