| Friday, 25th February 2011, 9:32 am

‘നാടകമേ ഉലകം’ തുടങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിജി തമ്പി സംവിധാനം ചെയ്യുന്ന “നാടകമേ ഉലകം” ഇന്ന് തിയ്യേറ്ററുകളില്‍. സിനിമാപശ്ചാത്തലത്തില്‍ നര്‍മത്തില്‍ പൊതിഞ്ഞ് കഥ പറയുന്ന ചിത്രത്തില്‍ മുകേഷും വിനുമോഹനുമാണ് കേന്ദ്രകഥാപാത്രങ്ങള്‍.സരയൂവാണ് നായിക.

മൊബൈല്‍ ഫോണിന് റേയ്ഞ്ചില്ലാത്ത ഗ്രാമത്തിന്റെ കഥ. അവിടുത്തെ ജനങ്ങളുടെ ജീവിതത്തിലെ ചില മൂഹൂര്‍ത്തങ്ങള്‍ നര്‍മത്തില്‍ ചാലിച്ച് വിജി തമ്പി ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ്.

പൊയിലൂര്‍ എന്ന കുഗ്രാമത്തിലെ ബാങ്ക് ഉദ്യോഗസ്ഥനായ ഓമനക്കുട്ടന്‍ കലയെ അതീവമായി സ്‌നേഹിക്കുന്നയാളാണ്. നടനും സംവിധായകനുമായി വിലസുന്ന ഓമനക്കുട്ടന്‍, തന്റെ രണ്ടു സഹോദരിമാരെ കെട്ടിച്ചുവിടാനാണ് പിശുക്കനായ ലംബോധരന്‍ പിള്ളയുടെ മകള്‍ ഉഷയെ വിവാഹം കഴിക്കുന്നത്. അച്ഛന്‍ സോഷ്യലിസ്റ്റ് കുമാരനേക്കാള്‍ ഓമനക്കുട്ടന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് അമ്മായിയച്ഛനാണ്. ഓമനക്കുട്ടന്റെ സന്തതസഹചാരിയും ഗാനരചയിതാവുമാണ് പപ്പന്‍ പ്ലാവിള. പാറശാല പവനന്‍ എന്ന സംവിധായകന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഓമനക്കുട്ടന്‍ സിനിമ പിടിക്കാനിറങ്ങുന്നു. രചനയും നിര്‍മാണവും ഓമനക്കുട്ടന്‍. സിനിമാനിര്‍മാണം ഓമനക്കുട്ടന്റെ ജീവിതം മാറ്റിമറിക്കുന്നിടത്ത് നാടകമേ ഉലകം വഴിത്തിരിവിലെത്തുന്നു. ഓമനക്കുട്ടന്റെ വേഷത്തില്‍ മുകേഷും ലംബോധരപിള്ളയായി ജഗതിയും ഉഷയായി സരയൂവും വേഷമിടുന്നു. സുരാജ് വെഞ്ഞാറമ്മൂട് പാറശാല പവനനായും ജഗദീഷ് പപ്പന്‍ പ്ലാവിളയായും വേഷമിടുന്നു.

ഇനിയുമുണ്ട് നിരവധി കഥാപാത്രങ്ങള്‍. ഓമനക്കുട്ടന്റെ അനിയന്‍ മുരളി( വിനുമോഹന്‍), അളിയന്‍ ഓന്ത് വാസു (സലിംകുമാര്‍), ശത്രുവായ ബ്ലെയ്ഡുകാരന്‍ ആണിക്കുറുപ്പ് ( ജനാര്‍ദ്ദനന്‍), ഇവരെക്കൂടാതെ നാടക നടി (ശരണ്യ മോഹന്‍) സീമ, ബിന്ദു പണിക്കര്‍ തുടങ്ങിയവരുമുണ്ട്.”നാടോടിക്കാറ്റ്” എന്ന ചിത്രത്തിനുശേഷം സീമ, സീമയായിത്തന്നെ എത്തുന്ന ചിത്രം കൂടിയാണിത്.

ശശീന്ദ്രന്‍ വടകരയാണ് തിരക്കഥയും സംഭാഷണവും. കൈതപ്രത്തിന്റെ വരികള്‍ക്ക് ജോണ്‍സണ്‍ ഈണം പകര്‍ന്നിരിക്കുന്നു. അനില്‍ നായരാണ് ക്യാമറ. ക്‌ളീന്‍ എന്റര്‍ടെയിനര്‍ ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിനുമോഹന്‍,ജഗതീഷ്,സലീം കുമാര്‍,ജനാര്‍ദനന്‍ എന്നിവരും കഥാപാത്രങ്ങളായുണ്ട്. സൂര്യകാന്തി ക്രിയേഷന്‍സിന്റെ ബാനറില്‍ രവീന്ദ്രന്‍ എം.കെ സുരേഷ് എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്.

We use cookies to give you the best possible experience. Learn more