| Sunday, 9th November 2025, 7:41 am

സംസ്ഥാന വനം വകുപ്പിന് 159 കോടി, വൈദ്യുതി വകുപ്പിന് 199 കോടി; അടിസ്ഥാന വികസനത്തിന് 1441 കോടിയുടെ നബാര്‍ഡ് സഹായം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനത്തിന് 1441 കോടിയുടെ നബാര്‍ഡ് (ദേശീയ കാര്‍ഷിക ഗ്രാമീണ വികസന ബാങ്ക്) സഹായം.

കേരള ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി സഹായത്തിന് അംഗീകാരം നല്‍കിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇന്ത്യയിലെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനത്തിനായി നബാര്‍ഡിന്റെ ആര്‍.ഐ.ഡി.എഫ് ഘട്ടങ്ങള്‍ വര്‍ഷംതോറും അനുവദിക്കുന്ന ഫണ്ടാണ് ഈ സഹായം.

വനം വകുപ്പിന് 159.64 കോടി രൂപയും വൈദ്യുതി വകുപ്പിന് 199.70 കോടി രൂപയും ജലവിഭവ വകുപ്പിന് 176.42 കോടി രൂപയും കൃഷി വകുപ്പിന് 176.14 കോടി രൂപയും തദ്ദേശ സ്വയംഭരണ വകുപ്പിന് 165 കോടി രൂപയുമാണ് 31ാം ഘട്ടമായ ഈ ഘട്ടത്തില്‍ അനുവദിച്ചിട്ടുള്ളത്.

കേരള ലാന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന് 261 കോടി രൂപയുടെ പദ്ധതികള്‍ക്കും അംഗീകാരം നല്‍കി.

ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് ഫണ്ട് സ്‌കീമിന് കീഴില്‍ കുറഞ്ഞ പലിശ നിരക്കില്‍ ഏറ്റെടുക്കുന്നതിനായി ഫിഷറീസ്, പോര്‍ട്ട് എന്‍ജിനീയറിങ് വകുപ്പുകള്‍ സമര്‍പ്പിച്ച 243 കോടി രൂപയുടെ പദ്ധതികള്‍ക്ക് സമിതി അംഗീകാരം നല്‍കാനും ശുപാര്‍ശ ചെയ്തു.

റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളുടെ രൂപീകരണം, ഫോറസ്റ്റ് സ്റ്റേഷന്‍ കോംപ്ലക്‌സുകളുടെ നിര്‍മാണം, ഫോറസ്റ്റ് ഓഫിസുകളുടെ അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കാണ് വനം വകുപ്പിന് അനുവദിച്ച 159.64 കോടി രൂപ വിനിയോഗിക്കുക.

കൃഷി വകുപ്പ് ലഭിക്കുന്ന 176.14 കോടി രൂപ ഉപയോഗിച്ച് 12 ജില്ലകളില്‍ 26 സ്മാര്‍ട്ട് അഗ്രികള്‍ച്ചറല്‍ ഹൗസുകള്‍ സ്ഥാപിക്കുകയും, ആലപ്പുഴ ജില്ലയിലെ വിവിധ നെല്‍വയലുകളില്‍ അടിസ്ഥാന സൗകര്യ വികസനം, കണ്ണൂര്‍ ജില്ലയില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യും.

വൈദ്യുതി വകുപ്പിന് കൃഷി വകുപ്പിലെ ഗുണഭോക്താക്കള്‍ക്കായി 5,689 സോളാര്‍ പമ്പുകള്‍ സ്ഥാപിക്കുന്നതിനാണ് 199.70 കോടി രൂപ അനുവദിച്ചിരിക്കുന്നത്.

ജലവിഭവ വകുപ്പിന് 176.42 കോടി രൂപ ജലസേചന പദ്ധതികള്‍ക്കായി വിനിയോഗിക്കാം. കേരള ലാന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന് 261 കോടി രൂപ അഞ്ച് ജില്ലകളിലെ നെല്‍വയലുകളും കുളങ്ങളും നവീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനും വേണ്ടിയുള്ള പദ്ധതികള്‍ക്കായും വിനിയോഗിക്കാനാകും.

തദ്ദേശ സ്വയംഭരണ വകുപ്പിന് അനുവദിച്ച 165 കോടി രൂപ സമഗ്ര മുനിസിപ്പല്‍ ലിക്വിഡ് വേസ്റ്റ് മാനേജ്‌മെന്റ്, റോഡ് പുനരുദ്ധാരണ പദ്ധതി എന്നിവയ്ക്ക് കീഴിലുള്ള പദ്ധതികള്‍ക്കായി വിനിയോഗിക്കും.

ജലവിഭവ വകുപ്പിന് അനുവദിച്ച 176.42 കോടി രൂപയുടെ ജലസേചന പദ്ധതികള്‍ കാര്‍ഷിക മേഖലയ്ക്ക് വലിയ ഉത്തേജനം നല്‍കും. ഒപ്പം, ജലലഭ്യത ഉറപ്പാക്കാനും, വരള്‍ച്ചാ സാധ്യതകള്‍ കുറയ്ക്കാനും സഹായിക്കും. കനാലുകളുടെ നവീകരണത്തിനും ഈ ഫണ്ട് ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്.

വൈദ്യുതി വകുപ്പിൻ്റെ 199.70 കോടി രൂപ  സോളാർ പമ്പ് പദ്ധതിക്കായാണ് അനുവദിച്ചിരിക്കുന്നത്. ഇത്  കൃഷിക്കാർക്ക് കുറഞ്ഞ ചെലവിൽ ജലസേചനം ഉറപ്പാക്കാൻ സഹായിക്കും. 5,689 സോളാർ പമ്പുകൾ സ്ഥാപിക്കാനാണ് നീക്കം.

കേരള ലാന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന് ലഭിച്ച 261 കോടി രൂപ നെല്‍കൃഷിക്ക് ഊന്നല്‍ നല്‍കാനുള്ളതാണ്. അഞ്ച് ജില്ലകളില്‍ നെല്‍വയലുകള്‍ നവീകരിക്കുന്നതിലൂടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നെല്‍കൃഷിക്ക് ഒരു പുനരുജ്ജീവന സാധ്യത തെളിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

Content Highlight:  NABARD assistance of 1441 crores for Kerala infrastructure development

We use cookies to give you the best possible experience. Learn more