| Tuesday, 20th October 2026, 11:17 pm

വഖഫ് ബോര്‍ഡ്: എ.പി വിഭാഗം പ്രതിനിധികള്‍ വരുമെന്ന് മന്ത്രി എന്‍. ഷംസുദ്ദീന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് ഭരണ സമിതിയില്‍ എ.പി സമസ്ത വിഭാഗം പ്രതിനിധികള്‍ വരുമെന്ന് മന്ത്രി എന്‍. ഷംസുദ്ദീന്‍. വഖഫ് ബോര്‍ഡ് പുനസംഘടനയുമായി ബന്ധപ്പെട്ട് എ.പി സമസ്ത വിഭാഗം നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

എ.പി വിഭാഗം ഉന്നയിക്കുന്നത് മുഖവിലക്കെടുക്കേണ്ട വിഷയമാണെന്ന് മന്ത്രി പറഞ്ഞു. വഖഫ് ബോര്‍ഡ് പുനസംഘടിപ്പിച്ചപ്പോള്‍ എ.പി അബൂബക്കര്‍ മുസ്‌ല്യാര്‍ നേതൃത്വം നല്‍കുന്ന സമസ്ത വിഭാഗത്തിന് പ്രാതിനിധ്യം കിട്ടിയില്ല എന്ന പ്രശ്‌നത്തിന് പരിഹാരം ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വഖഫ് ബോര്‍ഡ് പുനസംഘടിപ്പിച്ചപ്പോള്‍ ആരെയും മാറ്റി നിര്‍ത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും മന്ത്രി ഷംസുദ്ദീന്‍ പറഞ്ഞു. വിവിധ കാറ്റഗറിയായാണ് നിയമനം. ആ കാറ്റഗറിയില്‍ നിന്നാണ് ആളുകളെ എടുക്കേണ്ടത് അങ്ങനെ ഉണ്ടായപ്പോള്‍ ആ സാഹചര്യത്തില്‍ വന്ന ഒരു പ്രതിസന്ധിയാണ് വഖഫ് ബോര്‍ഡ് പുനസംഘടിപ്പിച്ചപ്പോഴുണ്ടായതെന്നും മന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

കാന്തപുരം പറഞ്ഞപോലെ എ.പി വിഭാഗത്തില്‍ നിന്നുള്ള ഒരാളെ ഉള്‍പ്പെടുത്തികൊണ്ട് ഈ പ്രശ്‌നത്തിന് ഒരു പരിഹാരം ഉണ്ടാകും. വക്കഫ് ബോര്‍ഡില്‍ പ്രാതിനിധ്യം വേണമെന്നുള്ളതാണ് കാന്തപുരം വിഭാഗം പറഞ്ഞത്. അത് പരിഹരിക്കപ്പെടുമെന്ന് മന്ത്രി വ്യക്തമാക്കി.

ഈ മാസം 17നാണ് സംസ്ഥാന വഖഫ് ബോര്‍ഡ് പുനസംഘടിപ്പിച്ചത്. മുസ് ലിം ലീഗ് നേതാവ് എം.സി മായിന്‍ ഹാജിയാണ് പുതിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍. എം.ബി മുസ്തഫല്‍ ഫൈസി, ഷിറാസ് ബി. കപ്പാസി, കുറുക്കോളി മൊയ്തീന്‍, അബ്ദുല്‍ മജീദ് സലാഹി, തുടങ്ങിയവര്‍ വഖഫ് ബോര്‍ഡിന്റെ പുതിയ ഭരണസമിതിയിലുണ്ട്. പഴയ ബോര്‍ഡിനെ പൂര്‍ണമായി പിരിച്ച് വിട്ടുകൊണ്ടുള്ള സമ്പൂര്‍ണ പുനസംഘടനയാണ് സര്‍ക്കാര്‍ നടത്തിയത്.

Content Highlight: N Shamsuddin’s Response after Meeting with AP Samasta Leaders on Waqf Board Issue

Latest Stories

We use cookies to give you the best possible experience. Learn more