കൊല്ലം: റാപ്പര്‍ വേടനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ആര്‍.എസ്.എസ് നേതാവും കേസരി മുഖ്യപത്രാധിപരുമായ എന്‍.ആര്‍. മധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മൊഴി രേഖപ്പെടുത്തിയതിന് ശേഷം എന്‍.ആര്‍. മധുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കൊല്ലം കിഴക്കേക്കട സ്റ്റേഷനിലാണ് അദ്ദേഹം ഹാജരായത്.
എന്നാല്‍ സ്റ്റേഷനില്‍ ഹാജരാവാന്‍ എത്തിയപ്പോള്‍ താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു. വേടനെന്ന കലാകാരനെയല്ല വേടന്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെയാണ് താന്‍ എതിര്‍ക്കുന്നതെന്നും എന്‍.ആര്‍. മധു കൂട്ടിച്ചേര്‍ത്തു.
വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നു എന്ന പരാമര്‍ശത്തിലാണ് പൊലീസ് കേസെടുത്തത്. സി.പി.ഐ.എം കിഴക്കേ കല്ലനട ലോക്കല്‍ സെക്രട്ടറി വേലായുധന്റെ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്. കലാപത്തിന് ആഹ്വാനം ചെയ്തതിന് ഭാരതീയ ന്യായസംഹിത 192 വകുപ്പ് പ്രകാരമാണ് കേസ്.
വേടന്റെ പാട്ട് ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നതാണെന്നും വളര്‍ന്നുവരുന്ന തലമുറയുടെ മനസിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണെന്നുമാണ് എന്‍.ആര്‍. മധു പറഞ്ഞത്. കൊല്ലം കുണ്ടറയിലെ ക്ഷേത്രപരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു എന്‍.ആര്‍. മധുവിന്റെ പരാമര്‍ശം.
ആളുകൂടാന്‍ വേടന്റെ പാട്ട് പരിപാടി നടത്തുന്നവര്‍ അമ്പലപ്പറമ്പില്‍ കാബറയും നടത്തുമെന്നും എന്‍.ആര്‍. മധു പറഞ്ഞു.
ഈ കലാഭാസം കേരളത്തില്‍ അരങ്ങുവാഴുകയാണെന്നും സൂക്ഷ്മമായി പഠിച്ചാല്‍ ഈ രാജ്യത്തിന്റെ വിഘടനം സ്വപ്നം കണ്ട് കഴിയുന്ന തമോമയ ശക്തികള്‍ വേടന് പിന്നിലുണ്ടെന്ന് മനസിലാക്കാമെന്നും എന്‍.ആര്‍. മധു ആരോപിച്ചിരുന്നു.
തൊട്ട് പിന്നാലെ മറ്റൊരു അഭിമുഖത്തില്‍ ഫലസ്തീന്‍ പതാക പുതച്ചുകൊണ്ട് പ്രകടനം നടത്തിയപ്പോഴാണ് റാപ്പര്‍ വേടന് കേരളത്തില്‍ സ്വീകാര്യത ലഭിച്ചതെന്നും കേസരി മുഖ്യപത്രാധിപര്‍ പറയുകയുണ്ടായി.
തൃശൂര്‍ ജില്ലയില്‍ നിരവധി നാടന്‍പാട്ട് കലാകാരന്മാരുണ്ടെന്നും അവരില്‍ 99 ശതമാനവും ദളിത്-പിന്നോക്ക വിഭാഗക്കാരാണെന്നും ഇവരുടെ കൂടെ പാടി വന്ന വേടന്‍ ഫലസ്തീന്‍ പതാക പുതച്ചുകൊണ്ട് പ്രകടനം ആരംഭിച്ചപ്പോഴാണ് അദ്ദേഹത്തിന് സ്വീകാര്യത ലഭിച്ചതെന്നും എന്‍.ആര്‍. മധു ആരോപിച്ചിരുന്നു.
Content Highlight: N. R. Madhu’s arrest recorded for abusive remarks against a Vedan