| Saturday, 20th September 2025, 12:43 pm

ബാധ്യത തീര്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഇതുവരെ അറിയിച്ചില്ല; മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്ന് എന്‍.എം. വിജയന്റ മരുമകള്‍ പത്മജ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബാങ്കിലെ ബാധ്യതകള്‍ തീര്‍ക്കുമെന്ന ഉറപ്പ് കോണ്‍ഗ്രസ് നേതാക്കള്‍ ഇതുവരെ നേരിട്ട് അറിയിച്ചിട്ടില്ലെന്നും അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും എന്‍.എം. വിജയന്റ മരുമകള്‍ പത്മജ.

കെ.പി.സി.സി പ്രസിഡന്റിന്റെ പ്രതികരണം ഇന്നലെയാണ് കണ്ടതെന്നും പത്മജ പറഞ്ഞു. സെപ്റ്റംബര്‍ 30നുള്ളില്‍ തന്നെ ബാങ്കിലെ ലോണ്‍ തീര്‍ക്കണമെന്നും അല്ലാത്ത പക്ഷം ഒക്ടോബര്‍ രണ്ട് മുതല്‍ ഡി.സി.സിക്ക് മുന്നില്‍ ഇരിക്കുമെന്നും പത്മജ കൂട്ടിചേര്‍ത്തു.

ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത് കുടുംബത്തിന്റെ ബാധ്യത എന്നാണെന്നും എന്‍.എം. വിജയന് വന്ന ബാധ്യത പാര്‍ട്ടിക്കുവേണ്ടിയാണ് എന്നും പത്മജ ചൂണ്ടിക്കാട്ടി. കരാറിലെ മൂന്ന് കാര്യങ്ങള്‍ എന്നത് കോണ്‍ഗ്രസ് പാര്‍ട്ടി കുടുംബത്തിന് മേല്‍ അടിച്ചേല്‍പ്പിച്ചതാണെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫാണ് എന്‍.എം. വിജയന്റെ അര്‍ബന്‍ ബാങ്കിലെ കടബാധ്യത തീര്‍ക്കുമെന്ന് അറിയിച്ചത്.

രണ്ടര കോടിയുടെ ബാധ്യത തീര്‍ക്കാന്‍ സഹായിക്കാമെന്നും ചികിത്സാ സഹായം നല്‍കാമെന്നും വാഗ്ദാനം നല്‍കി കെ.പി.സി.സി നേതൃത്വവും കല്‍പ്പറ്റ എം.എല്‍.എ ടി. സിദ്ദിഖും വഞ്ചിച്ചുവെന്നാണ് എം.എന്‍. വിജയന്റെ കുടുംബത്തിന്റെ പരാതി.

ജൂണ്‍ 30ന് കടബാധ്യത തീര്‍ത്തുതരാമെന്നായിരുന്നു കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഉണ്ടാക്കിയ ധാരണാപത്രത്തിലുണ്ടായിരുന്നത്. ഇതിനിടെ എന്‍.എം വിജയന്റെ മകന് ചികിത്സയ്ക്കായി ഒന്നര ലക്ഷം രൂപ ആവശ്യം വന്നപ്പോഴും ടി. സിദ്ദിഖിനോട് സഹായം തേടിയിരുന്നു. സഹായിക്കാമെന്ന് വാക്ക് നല്‍കി വീണ്ടും ടി. സിദ്ദിഖ് കബളിപ്പിച്ചെന്നും പത്മജ ആരോപിച്ചിരുന്നു.

കൂടാതെ കോണ്‍ഗ്രസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും പത്മജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാവപ്പെട്ടവര്‍ ബലിയാടായികൊണ്ടിരിക്കുകയാണെന്നും കള്ളന്‍മാര്‍ വെള്ളയിട്ട് നടക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു.

2024 ഡിസംബര്‍ 25നാണ് വിഷം കഴിച്ച എന്‍.എം. വിജയനെയും മകന്‍ ജിജേഷിനെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 27ന് ഇരുവരും മരിച്ചു. ഇതിനുശേഷം പുറത്തുവന്ന വിജയന്റെ ആത്മഹത്യാ കുറിപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉണ്ടായിരുന്നത്.

Content Highlight: N.M. Vijayan’s daughter in law say Congress leaders have not directly said they will clear the debt

We use cookies to give you the best possible experience. Learn more