ആർ.ജെ ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ നായകനാകുന്ന പുതിയ ചിത്രം ‘കറുപ്പ്’ സിനിമാലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. തമിഴ്‌നാട്ടിലെ ഗ്രാമങ്ങളിൽ ആരാധിക്കപ്പെടുന്ന കറുപ്പ്‌സ്വാമി എന്ന കാവൽദൈവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. മെയ് 14 ന് ചിത്രം തിയേറ്ററുകളിൽ എത്തുമ്പോൾ ഏറെക്കാലത്തിന് ശേഷം ഒരു തീയറ്റർ ഹിറ്റിനായുള്ള പ്രതീക്ഷയിലാണ് സൂര്യയുടെ ആരാധകർ.
അനീതിക്കെതിരെ പോരാടുന്ന കഥാപാത്രം ആണ് ചിത്രത്തിൽ സൂര്യയുടേത്. നീതി ലഭിക്കാതെ പോകുന്ന നിസ്സഹായരായ രണ്ടു മനുഷ്യരുടെ മുൻപിൽ കറുപ്പ് സ്വാമി എന്ന ദൈവത്തിന്റെ പ്രതിരൂപമായി സൂര്യയുടെ കറുപ്പ് എന്ന കഥാപാത്രം അവതരിക്കുന്നതായാണ് ചിത്രത്തിന്റെ ട്രെയ്‌ലറിൽ നിന്നും
ചിത്രത്തിൽ പരാമർശിക്കുന്ന കറുപ്പ് സ്വാമി ആരാണ്?
തെക്കൻ തമിഴ്നാട്ടിലെ ഗ്രാമങ്ങളിൽ ആരാധിച്ചു വരുന്ന ഒരു ദൈവസങ്കല്പം ആണ് കറുപ്പ്സ്വാമി. ഗ്രാമങ്ങളുടെ കാവൽക്കാരനായാണ് അദ്ദേഹത്തെ അവർ കാണുന്നത്. തങ്ങളുടെ ഗ്രാമങ്ങളെ അനീതിയിൽനിന്നും,അക്രമത്തിൽ നിന്നും കറുപ്പ സ്വാമി സംരക്ഷിച്ചു വരുന്നു എന്ന് തമിഴ്നാട്ടുകാർ വിശ്വസിക്കുന്നു. കറുപ്പ് സ്വാമി തെക്കൻ തമിഴ്‌നാട്ടിലെ ജങ്ങളുടെ ജീവിതത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
കറുപ്പ് Photo:X.com
രൂപവും സവിശേഷതകളും
കറുത്ത നിറത്തിലുള്ള ദൃഢമായ പേശികളും കട്ടിയുള്ള മീശയും ഉള്ള ഒരു യോദ്ധാവിന്റെ
ശരീരവുമാണ് കറുപ്പ് സ്വാമിയുടേത്. വെളുത്ത കുതിരയിൽ യാത്ര ചെയ്യുന്ന അദ്ദേഹത്തിന്റെ കയ്യിൽ വലിയൊരു വാൾ കാണാം. ഈ വാൾ നീതിയുടെയും ശക്തിയുടെയും അടയാളമായി ആണ് നിലകൊള്ളുന്നത്.
ഐതിഹ്യം
കറുപ്പ് സ്വാമി എന്ന ദൈവസങ്കല്പത്തിന്റെ ഐതിഹ്യങ്ങൾ നിരവധിയാണ്. രാജഭരണകാലത്തു ഗ്രാമങ്ങളുടെ സംരക്ഷണത്തിനായി രാജാക്കന്മാർ ഒരാളെ നിയമിച്ചിരുന്നു. അവർ ഗ്രാമ സംരക്ഷകർ എന്നാണ് അറിയപ്പെട്ടിരുന്നത്.
പ്രധാനമായും ആ കാലങ്ങളിൽ ഗ്രാമകർഷകരുടെ വിളവെടുത്ത ധാന്യങ്ങൾക്ക് സംരക്ഷണം വേണമായിരുന്നു. സ്വർണം പോലെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ ധാരാളം കൊള്ളയടിക്കപ്പെട്ടിരുന്നു. സ്ത്രീകളും അവിടെ സുരക്ഷിതരായിരുന്നില്ല. അങ്ങനെയൊരു സാഹചര്യത്തിൽ ആണ് രാജാക്കന്മാർ ഗ്രാമ സംരക്ഷകരെ നിയമിച്ചിരുന്നത്.
അങ്ങനെ നിയമിക്കപ്പെട്ടവർ ഏറ്റെടുത്ത ജോലിയിൽ വളരെ വിശ്വാസ്യതയുള്ളവരും
തെറ്റ് കണ്ടാൽ യാതൊരു ദയയും കൂടാതെ കടുത്ത ശിക്ഷ നൽകുന്നവരുമായിരുന്നു. ഗ്രാമത്തിൽ അനീതി സംഭവിച്ചാൽ അവിടെയെത്തി നീതി നടപ്പാക്കിയിരുന്നു. അങ്ങനെ ഒരു ഗ്രാമത്തിന്റെ സംരക്ഷകനായി നിലകൊണ്ടവരിൽ ഒരാളാണ് കറുപ്പ് എന്നാണ് ഒരു വിശ്വാസം.
കറുപ്പ് സ്വാമി Photo: Astroved
മറ്റൊന്ന്,പണ്ട് കാലത്ത് ഒരു ഗ്രാമത്തിൽ കടുത്ത വരൾച്ച അനുഭവപ്പെട്ട് കൃഷി നശിച്ചതോടെ ഗ്രാമീണർ വലിയ പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിൽ, കയ്യിൽ ഉള്ള ധാന്യങ്ങൾ എല്ലാവർക്കും തുല്യമായി വീതിച്ചു നൽകാൻ രാജാവ് തീരുമാനിച്ചു.
എന്നാൽ, ചിലർ സ്വാർത്ഥത മൂലം ധാന്യങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ച ‘കറുപ്പ്’ എന്ന ഗ്രാമത്തിന്റെ കാവൽക്കാരനെ കൊള്ള സംഘം കൊലപ്പെടുത്തി ധാന്യങ്ങൾ മോഷ്ടിക്കുന്നു. കറുപ്പിന്റെ മരണം ഗ്രാമത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി.
പക്ഷേ, കറുപ്പിന്റെ മരണശേഷം ഗ്രാമത്തിൽ അത്‍ഭുദങ്ങൾ നടക്കാൻ തുടങ്ങി. കൊള്ളയിൽ പങ്കെടുത്തവർ ഓരോരുത്തരായി അസാധാരണമായ രീതിയിൽ കൊല്ലപ്പെട്ടു. ഭയന്നുപോയ മറ്റുള്ളവർ മോഷ്ടിച്ച ധാന്യങ്ങൾ തിരികെ നൽകി. വീണ്ടും മോഷ്ടിക്കാൻ വന്നവർ പ്രകൃതിക്ഷോഭങ്ങളിൽ പെട്ട് മരണമടയാനും തുടങ്ങിയപ്പോൾ കറുപ്പ് മരിച്ചിട്ടില്ലെന്നും ഗ്രാമത്തെ സംരക്ഷിക്കാൻ കാവലാളായി ഇപ്പോഴും നിലകൊള്ളുന്നുവെന്നും ജനങ്ങൾ വിശ്വസിച്ചു. തുടർന്ന് അവർ അദ്ദേഹത്തിന്റെ ശില്പം സ്ഥാപിച്ച് ആരാധിക്കാൻ തുടങ്ങി. ഇതാണ് ഗ്രാമങ്ങളുടെ കാവൽദൈവമായ കറുപ്പ്സ്വാമിക്ക് പിന്നിലെ മറ്റൊരു പ്രധാന കഥ.
ആർ.ജെ ബാലാജിയുടെ കറുപ്പ് സിനിമയിൽ നീതി നടപ്പാക്കേണ്ട നീതിപീഠം തന്നെ അനീതിക്ക് കൂട്ടുനില്ക്കുമ്പോൾ അവിടെ നീതി നടപ്പാക്കാൻ എത്തുന്ന കറുപ്പ് സ്വാമിയുടെ ഒരു പ്രതിരൂപമായാണ് സൂര്യയുടെ കറുപ്പ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതെന്ന് ട്രെയിലറിൽ നിന്നും വ്യക്തമാവുന്നു . നടിപ്പിൻ നായകൻറെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലാണ് തമിഴ് സിനിമ ലോകം.
Content Highlight: Myth Of Karuppu Swaamy