ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇന്‍ഡസ്ട്രിയാണ് കോളിവുഡ്. തമിഴിലെ ഏറ്റവും വലിയ സൂപ്പര്‍താരമായ വിജയ് തന്റെ സിനിമാ ജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങുകയും മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തതോടെ വലിയ ശൂന്യതയായിരുന്നു കോളിവുഡില്‍ സൃഷ്ടിക്കപ്പെട്ടത്. വിജയ് ഒഴിച്ചിട്ട കോളിവുഡിലെ സ്റ്റാര്‍ഡം ഇനി ആര് ഏറ്റെടുക്കും എന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.
എന്നാല്‍ വിജയിക്ക് പകരം ഒരാളെ കണ്ടെത്തുന്നതിന് പകരം നല്ല ഒരുപിടി ചിത്രങ്ങള്‍ തിയേറ്ററിലെത്തിച്ചുകൊണ്ടായിരുന്നു തമിഴ് സിനിമാലോകം ഇതിന് പരിഹാരം കണ്ടെത്തിയത്. വിജയ് ചിത്രങ്ങളെ പോലെ ബോക്സ് ഓഫീസില്‍ വലിയ വിജയമായില്ലെങ്കിലും വലിയ നിരൂപക പ്രശംസ നേടിയ ഒട്ടനവധി ചിത്രങ്ങളാണ് ഈ വര്‍ഷം മാത്രമായി പുറത്തിറങ്ങിയത്.
മിഷ്ക്കിന്. Photo: India Today
കാലികപ്രസക്തിയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത ഡൊറോത്തി, മനസുനിറച്ച ബത്ത, ലോകേഷിന്റെ ഡി.സി, ആക്ഷന്‍ പ്രാധാന്യം നല്കിയ ബ്ലാസ്റ്റ് ഇവയ്ക്കൊപ്പം ടി.ടി.ടി, തായ് കിഴവി, മൊത രാത്രി, മണ്ടാടി തുടങ്ങി നിരവധി ചിത്രങ്ങളാണ് ഈ വര്‍ഷം തമിഴില്‍ നിന്നും പുറത്തിറങ്ങിയത്. ഇതിനൊപ്പം മൂന്ന് വ്യത്യസ്ത ഴോണറിലുള്ള ചിത്രങ്ങള്‍ ചെയ്യുകയും മൂന്ന് ചിത്രങ്ങളും വിജയമാക്കുകയും ചെയ്ത സൂര്യയുടെ തകര്‍പ്പന്‍ വിജയത്തിന് കൂടെയായിരുന്നു തമിഴ് സിനിമാലോകം സാക്ഷ്യം വഹിച്ചത്. കറുപ്പ്, വിശ്വനാഥന് ആന്‍ഡ് സണ്‍സ്, സീന്‍ തുടങ്ങയ ഹിറ്റുകളിലൂടെ മികച്ച ഫോമിലാണ് സൂര്യയുള്ളത്.
ക്ലീഷേ മാസ് മസാല പാറ്റേണില്‍ നിന്നും മാറി നല്ല ചിത്രങ്ങള്‍ ഒരുക്കി കൊണ്ട് ‘കോളിവുഡ് ഈസ് ഹീലിങ്’ എന്ന വാക്കും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഇന്‍ഡസ്ട്രിയെ കുറിച്ച് സീനിയര്‍ ആക്ടറായ മിഷ്കിന് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. നല്ല ചിത്രങ്ങള്‍ വിജയിക്കുന്നതില്‍ താന്‍ ഒരുപാട് സന്തോഷവാനാണെന്നും തമിഴ് സിനിമയ്ക്ക് ഇത് നല്ല വര്‍ഷമാണെന്നും മിഷ്കിന് പറഞ്ഞു. തന്റെ പുതിയ ചിത്രമായ സത്യവാന് സാവിത്രിയുമായി ബന്ധപ്പട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സത്യവാന് സാവിത്രി. Photo: X.com
‘അടുത്തകാലത്തായി ഒരുപാട് ചിത്രങ്ങള്‍ ഹിറ്റടിക്കുന്നത് കാണുമ്പോള്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. 16 ചിത്രങ്ങളാണ് ഈ വര്‍ഷം ഇതുവരെ വിജയിച്ചിരിക്കുന്നത്. അതിന് ആദ്യം ഓഡിയന്‍സിന് ഒരു ക്ലാപ്പ് നല്‍കണം. അത്രയും കംപാഷനോടെയാണ് ഈ സീസണില്‍ അവര്‍ ചിത്രം കാണുന്നത്. സൂര്യയുടെ മൂന്ന് ചിത്രങ്ങളാണ് ഹിറ്റായിരിക്കുന്നത്. ഞങ്ങളുടെ ഈ പടവും ഓഡിയന്‍സിന് ഇഷ്ടപ്പെടുമെന്നാണ് വിശ്വസിക്കുന്നത്. ചിത്രം മോശമാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് വിമര്‍ശിക്കാം. ചെറിയ പോസിറ്റീവ് റെസ്പോണ്‍സ് വന്നാല്‍ പോലും ചിത്രം തിയേറ്ററില്‍ പോയി കാണുന്നത് വലിയ കാര്യമാണ്,’ മിഷ്കിന് പറഞ്ഞു.
പ്രവീണ്‍ എസ്. വിജയ് സംവിധാനം ചെയ്ത് നാളെ (വെള്ളി) തിയേറ്ററുകളിലേക്കെത്തുന്ന ചിത്രമാണ് സത്യവാന് സാവിത്രി. ലീഗല്‍ കോര്‍ട്ട് റൂം ഡ്രാമയായി ഒരുക്കുന്ന ചിത്രത്തില്‍ മിഷ്കിനൊപ്പം കീര്‍ത്തി സുരേഷും വേഷമിടുന്നുണ്ട്.
Content Highlight: Mysskin talks about change of Tamil film industry and how audience accept films