| Monday, 3rd February 2025, 1:12 pm

ദുല്‍ഖര്‍-നഹാസ് ചിത്രത്തില്‍ എസ്.ജെ. സൂര്യയില്ല, പകരം തമിഴിലെ മറ്റൊരു ടോപ്പ് സംവിധായകന്‍, ഇത് സംഗതി കളറാകും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ സിനിമാപ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഒന്നാണ് ദുല്‍ഖറിന്റെ മലയാളത്തിലേക്കുള്ള റീ എന്‍ട്രി. കിങ് ഓഫ് കൊത്തക്ക് ശേഷം മലയാളത്തില്‍ ദുല്‍ഖര്‍ സിനിമകളൊന്നും ചെയ്തിരുന്നില്ല. സിനിമയില്‍ നിന്ന് താരം ഒരുവര്‍ഷത്തോളം ഇടവേളയെടുക്കുകയും ചെയ്തിരുന്നു. ഇടവേളക്ക് ശേഷം തിയേറ്ററുകളിലെത്തിയ ലക്കി ഭാസ്‌കര്‍ കഴിഞ്ഞവര്‍ഷത്തെ വന്‍ വിജയമായിരുന്നു.

ചിത്രത്തിന്റെ പ്രൊമോഷന്‍ വേളയില്‍ തന്റെ അടുത്ത മലയാളചിത്രത്തെക്കുറിച്ച് ദുല്‍ഖര്‍ സംസാരിച്ചിരുന്നു. ആര്‍.ഡി.എക്‌സ് എന്ന ആക്ഷന്‍ ചിത്രം ഒരുക്കിയ നഹാസ് ഹിദായത്തുമായാണ് ദുല്‍ഖര്‍ തന്റെ അടുത്ത മലയാളചിത്രം ചെയ്യുന്നത്. ഷൂട്ട് ആരംഭിച്ചില്ലെങ്കിലും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു.

ദുല്‍ഖറിനൊപ്പം ആന്റണി വര്‍ഗീസ് പെപ്പയും ചിത്രത്തിന്റെ ഭാഗമാകുന്നുവെന്ന റൂമറുകളുണ്ട്. ചിത്രത്തില്‍ വില്ലനായി എത്തുന്നത് തമിഴ് നടനും സംവിധായകനുമായ എസ്.ജെ. സൂര്യയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ എസ്. ജെ. സൂര്യ ഉണ്ടാകില്ലെന്ന വാര്‍ത്തകളാണ് പുറത്തവരുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് മറ്റൊരു സിനിമയുടെ ഡേറ്റുമായി ക്ലാഷ് വരുമെന്ന കാരണത്തിലാണ് എസ്.ജെ. സൂര്യ പിന്മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

എസ്.ജെ. സൂര്യക്ക് പകരം തമിഴിലെ മികച്ച സംവിധായകരിലൊരാളും നടനുമായ മിഷ്‌കിന്‍ ഡി.ക്യൂ 40ല്‍ വില്ലനായെത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. മാവീരന്‍, ലിയോ എന്നീ ചിത്രങ്ങളില്‍ മിഷ്‌കിന്റെ വില്ലന്‍ വേഷം വലിയ ചര്‍ച്ചയായിരുന്നു. മലയാളത്തിലേക്കുള്ള അരങ്ങേറ്റം മിഷ്‌കിന്‍ മോശമാക്കില്ലെന്നാണ് കരുതുന്നത്.

മലയാളത്തില്‍ അധികം പരീക്ഷിച്ചിട്ടില്ലാത്ത ഫാന്റസി ആക്ഷന്‍ ഴോണറിലാണ് ഡി.ക്യു 40 ഒരുങ്ങുക. ചിത്രത്തിന്റെ ലൊക്കേഷന്‍ ഹണ്ട് പൂര്‍ത്തിയായെന്നാണ് വിവരം. നഹാസ് ചിത്രത്തിന് ശേഷം സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ദുല്‍ഖര്‍ നായകനാകും. പറവക്ക് ശേഷം ദുല്‍ഖര്‍- സൗബിന്‍ കോമ്പോ ഒന്നിക്കുന്ന ചിത്രത്തിന് മേലെ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്.

നിലവില്‍ രണ്ട് അന്യഭാഷാചിത്രങ്ങളിലാണ് ദുല്‍ഖര്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നവാഗതനായ സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്യുന്ന കാന്ത, പവന്‍ സദിനേനി സംവിധാനം ചെയ്യുന്ന ആകാസം ലോ ഒക്ക താര എന്നീ ചിത്രങ്ങളാണ് ദുല്‍ഖറിന്റേതായി ഒരുങ്ങുന്ന ചിത്രങ്ങള്‍. ഈ വര്‍ഷം അവസാനം കാന്തയും അടുത്ത വര്‍ഷം പകുതിയോടെ ആകാസം ലോ ഒക്ക താരയും തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.

Content Highlight: Mysskin on board for Dulquer Salmaan’s new movie instead of S J Suryah

We use cookies to give you the best possible experience. Learn more