| Wednesday, 30th September 2026, 6:45 pm

ഒ.ടി.ടി റിലീസിന് മുന്നേ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി ഗ്ലിക്‌സന്റെ മൈസൂര്‍ പാക്ക്... ഷോ സ്റ്റീലറെന്ന് കമന്റുകള്‍

അമര്‍നാഥ് എം.

തിയേറ്ററുകളിലെ ഗംഭീര കുതിപ്പിന് ശേഷം ഒ.ടി.ടി റിലീസിന് തയാറെടുക്കുകയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. നിവിന്‍ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസിലെ പല റെക്കോഡുകളും തകര്‍ത്തെറിഞ്ഞു. ഒക്ടോബര്‍ രണ്ടിന് ജിയോ ഹോട്‌സ്റ്റാറിലൂടെയാണ് ബെത്‌ലഹേം സ്ട്രീം ചെയ്യുക.

ഒ.ടി.ടി റിലീസിന് മുന്നേ ചിത്രത്തിലെ പ്രധാന രംഗങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സ്ട്രീമിങ് പാര്‍ട്ണര്‍മാരായ ജിയോ ഹോട്‌സ്റ്റാറാണ് ഈ രംഗങ്ങള്‍ പുറത്തുവിടുന്നത്. ക്ലൈമാക്‌സിലെ ഇമോഷണല്‍ സീനടക്കം ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. സണ്‍ പിക്‌ചേഴ്‌സ് പണ്ട് എന്തിരനിലെ സീനുകള്‍ ടി.വിയില്‍ പ്രൊമോ മെറ്റീരിയലാക്കിയതുപോലെയാണ് ഇപ്പോള്‍ ജിയോ ഹോട്‌സ്റ്റാര്‍ ചെയ്യുന്നതെന്ന് പലരും കമന്റ് പങ്കുവെക്കുന്നു.

ഒ.ടി.ടി റിലീസിന് മുന്നേ പുറത്തുവന്ന സീനുകളില്‍ ഏറ്റവും കൈയടി നേടുന്നത് റോഷന്‍ അവതരിപ്പിച്ച ഗ്ലിക്‌സണ്‍ എന്ന കഥാപാത്രമാണ്. മമിത അവതരിപ്പിച്ച ആഷ്‌ലിയെ വളയ്ക്കാന്‍ നടക്കുന്ന ടിപ്പിക്കല്‍ ‘കോഴിയായാണ്’ ഗ്ലിക്‌സണെ ഗിരീഷ് എ.ഡി അവതരിപ്പിച്ചത്. തിയേറ്ററില്‍ ഗ്ലിക്‌സന്റെ ഓരോ ഡയലോഗിനും കൈയടിയായിരുന്നു. ഒ.ടി.ടി റിലീസിന് ശേഷം ഗ്ലിക്‌സണ്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.

അതില്‍ തന്നെ എടുത്തുപറയേണ്ട ഒന്നാണ് മൈസൂര്‍ പാക്കിന്റെ കോമഡി സീന്‍. ആഷ്‌ലിയെ എങ്ങനെ ഇംപ്രസ് ചെയ്യാമെന്ന് അവളുടെ അനിയനോട് ചോദിക്കുമ്പോള്‍ ‘ചേച്ചിക്ക് ഷാരൂഖ് ഖാനെ ഇഷ്ടമാണ്’ എന്നാണ് അനിയന്‍ പറയുന്നത്. ‘അത് എന്നെക്കൊണ്ട് കൂട്ടിയാല്‍ കൂടില്ല’ എന്നാണ് ഗ്ലിക്‌സന്‍ പറയുന്നത്. പിന്നീട് ആഷ്‌ലിക്ക് മൈസൂര്‍ പാക്ക് ഇഷ്ടമാണെന്നറിയുമ്പോള്‍ അവിടുത്തെ കടയില്‍ നിന്ന് വാങ്ങിക്കൊടുക്കുകയാണ് ഗ്ലിക്‌സണ്‍.

ഇതറിഞ്ഞ നിവിന്‍ പോളിയുടെ ജസ്റ്റിനും കൂട്ടുകാരും ബസ് സ്‌റ്റോപ്പില്‍ വെച്ച് ഗ്ലിക്‌സണെ കളിയാക്കുന്ന രംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഭരിക്കുകയാണ്. ‘ഗ്ലിക്‌സാ, എവിടുന്നാ, മൈസൂരീന്നാണോ’ എന്നുള്ള ചോദ്യമെല്ലാം തിയേറ്ററില്‍ കൂട്ടച്ചിരി ഉണര്‍ത്തുന്നതായിരുന്നു. ഒ.ടി.ടി റിലീസിന് ശേഷവും ഈ സീന്‍ കൂടുതല്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.

ക്ലൈമാക്‌സില്‍ ശ്യാം മോഹന്റെ പെര്‍ഫോമന്‍സ്, കോളേജ് ഫൈറ്റ് തുടങ്ങി പല സീനുകളും ഒ.ടി.ടി റിലീസിന് ശേഷം സിനിമാപേജുകളില്‍ ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷ. സര്‍വ്വം മായ പോലെ എല്ലാവരും ഒരുപോല ഇഷ്ടപ്പെടുന്ന ചിത്രമായി ബെത്‌ലഹേം കുടുംബ യൂണിറ്റ് മാറുമെന്നാണ് ആരാധകര്‍ കരുതുന്നത്.

Content Highlight: Mysore Pak scene in Bethlehem Kudumba Unit viral in social media

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more