ബംഗളൂരു: അടുത്ത മാസം 22ന് ആരംഭിക്കുന്ന മൈസൂരു ദസറ ബുക്കര്‍ സമ്മാന ജേതാവും എഴുത്തുകാരിയുമായ ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്യുന്നതിനെതിരെ കേന്ദ്ര സഹമന്ത്രി ശോഭ കരന്ദ്‌ലാജെ.
ഒരു മുസ്‌ലിം ഉദ്ഘാടനം ചെയ്യുന്നതിനെതിരെയാണ് ശോഭ രംഗത്ത് വന്നത്. ബി.ജെ.പിയിലെ തീവ്ര നിലപാടുള്ള എം.എല്‍.എ ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍ ബാനു മുഷ്താഖിനെതിരെ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.
ദസറ ആഘോഷം ഉദ്ഘാടനം ചെയ്യുന്നതില്‍ നിന്ന് ബാനു വിട്ടുനില്‍ക്കണമെന്ന് ശോഭ അറിയിച്ചു. വിഗ്രഹാരാധനയുടെ ആചാരം പിന്തുടരാത്തവര്‍ ഉദ്ഘാടത്തില്‍ പങ്കെടുത്ത് എന്തുചെയ്യുമെന്ന് ശോഭ ചോദിച്ചു.
‘ഹിന്ദു മതത്തില്‍ വിശ്വസിക്കാത്തവരും വിഗ്രഹാരാധനയുടെ ആചാരം പിന്തുടരാത്തവരും ദസറ ഉദ്ഘാടനത്തില്‍ പങ്കെടുത്ത് എന്തു ചെയ്യും.
കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുകയാണ്. എഴുത്തുകാരി ബാനു മുഷ്താഖ് ചാമുണ്ഡി കുന്നുകളിലേക്ക് പോകരുത്. ചാമുണ്ഡേശ്വരി ദേവിക്ക് അവര്‍ പുഷ്പാര്‍ച്ചന നടത്തില്ലെന്ന് താന്‍ കരുതുന്നു.
പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ബാനു മുഷ്താഖ് ചാമുണ്ഡേശ്വരി ദേവിയില്‍ വിശ്വസിക്കുന്നുവെങ്കില്‍, അവര്‍ അത് അറിയിക്കട്ടെ. അങ്ങനെ ചെയ്താല്‍ പുഷ്പാര്‍ച്ചന നടത്തുന്നതില്‍ തങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിക്കില്ല’ ശോഭ പറഞ്ഞു.
അതേസമയം, മൈസൂരു രാജാവും കുടക്-മൈസൂരു ബി.ജെ.പി എം.പിയുമായ യദുവീര്‍ കൃഷ്ണദത്ത വാഡിയാറും ജെ.ഡി.എസ് എം.എല്‍.എ എച്ച്.ഡി. രേവണ്ണയും മതേതര സ്വഭാവമുള്ള ആഘോഷമായ ദസറ മുഷ്താഖ് ഉദ്ഘാടനം ചെയ്യുന്നതിന് അനുകൂല നിലപാട് പ്രഖ്യാപിച്ചു.
ആക്ടിവിസ്റ്റ് എന്ന നിലയില്‍ മുഷ്താഖ് സാമൂഹികമായി വളരെയധികം നന്മ ചെയ്തിട്ടുണ്ടെന്നും മുസ്ലിം സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശനം നല്‍കുന്നതില്‍ അവര്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയെന്നും യദുവീര്‍ കൃഷ്ണദത്ത വാഡിയാര്‍ പറഞ്ഞു.
2000ല്‍ അവര്‍ സാമൂഹിക ബഹിഷ്‌കരണം പോലും നേരിടേണ്ടി വന്നു. ജീവിതത്തിലുടനീളം മുസ്‌ലിം
സ്ത്രീകളുടെ ഉന്നമനത്തിനായി അവര്‍ ശ്രമിച്ചുവെന്നും അതിന്റെ പേരില്‍ വധഭീഷണി പോലും നേരിടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവയെല്ലാം വളരെ മാന്യമായ കാര്യങ്ങളാണെന്നും ആ കാഴ്ചപ്പാടില്‍ ദസറ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ യോഗ്യയായ അതിഥിയാണെന്നും അദ്ദേഹം പറഞ്ഞു.
മൈസൂരു ദിവാനായിരുന്ന മിര്‍സാ ഇസ്മയില്‍ ചെയര്‍മാനായി ദസറ ആഘോഷിച്ച ചരിത്രവും പ്രമുഖ കവിയും സാഹിത്യകാരനുമായിരുന്ന കെ.എസ്.നിസാര്‍ അഹമ്മദ് ദസറ ഉദ്ഘാടനം ചെയ്തിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി ഡോ.ജി. പരമേശ്വര പറഞ്ഞു. ദസറ മതപരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതൊരു സംസ്ഥാന ഉത്സവമാണെന്നും തങ്ങള്‍ എല്ലാവരെയും ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചാമുണ്ഡേശ്വരി ദേവിയില്‍ വിശ്വസിക്കണോ വേണ്ടയോ എന്നത് മുഷ്താഖിന്റെ ഇഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Mysore Dussehra: Union Minister Shobha opposes Banu Mushtaq’s inauguration