ന്യൂദല്‍ഹി: ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ മിന്ത്രക്കെതിരെ കേസെടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഫെമ നിയമമനുസരിച്ചാണ് നടപടി. വിദേശനാണ്യ വിനിമയ നിയമങ്ങള്‍ ലംഘിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് മിന്ത്രക്കെതിരെ ഇ.ഡി കേസെടുത്തത്. മിന്ത്ര 1,654 കോടി രൂപയുടെ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.
ബെംഗളൂരു സോണല്‍ ഓഫീസാണ് മിന്ത്രക്കെതിരെ നടപടിയെടുത്തത്. മിന്ത്രയും അനുബന്ധ കമ്പനികളും മള്‍ട്ടി-ബ്രാന്‍ഡ് റീട്ടെയില്‍ ട്രേഡില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ‘ഹോള്‍സെയില്‍ ക്യാഷ് ആന്‍ഡ് ക്യാരി’ ബിസിനസുകള്‍ നടത്തിയെന്നുമാണ് ഇ.ഡി കണ്ടെത്തിയിരിക്കുന്നത്.
മൊത്തം വ്യാപാരത്തിനെന്ന് അവകാശപ്പെട്ട് വിദേശ നിക്ഷേപം നേരിട്ട് സ്വീകരിച്ചുവെന്നും നേരിട്ട് ഉപഭോക്താക്കളുമായി വില്‍പ്പന നടത്തിയെന്നും ആരോപണമുണ്ട്. ഒരേസമയം മൊത്തവ്യാപാരവും ചില്ലറ വ്യാപാരവും നടത്തിയ മിന്ത്ര നിയമങ്ങള്‍ ലംഘിക്കാന്‍ ശ്രമിച്ചുവെന്നും ഇ.ഡി ആരോപിക്കുന്നു.
2010ല്‍ പ്രാബല്യത്തില്‍ വന്ന എഫ്.ഡി.ഐ ഭേദഗതി പ്രകാരം മൊത്ത വ്യാപാര വില്‍പ്പനയുടെ 25 ശതമാനം മാത്രമെ സ്ഥാപനവുമായി ബന്ധമുള്ള കമ്പനികള്‍ക്ക് നല്‍കാന്‍ കഴിയുകയുള്ളു. ഈ പരിധി മിന്ത്ര ലംഘിച്ചതായാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപിക്കുന്നത്. ഫെമ നിയമത്തിലെ വകുപ്പ് 6(3)ബി പ്രകാരമുള്ള വ്യവസ്ഥകളാണ് മിന്ത്ര ലംഘിച്ചിരിക്കുന്നത്.
വെക്ടര്‍ ഇ-കൊമേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് മിന്ത്രയുടെ അനുബന്ധ സ്ഥാപനമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെക്ടര്‍ ഇ-കൊമേഴ്സ് വഴിയാണ് റീട്ടെയില്‍ വില്‍പ്പന നടന്നതെന്നാണ് ഇ.ഡി കണ്ടെത്തിയത്. വില്‍പ്പനയുടെ 100 ശതമാനവും മിന്ത്ര വെക്ടര്‍ ഇ-കൊമേഴ്സുമായാണ് നടത്തിയിരിക്കുന്നത്.
പിന്നീട് ഈ കമ്പനി അന്തിമ ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങള്‍ നേരിട്ട് ചില്ലറയായി വില്‍ക്കുകയായിരുന്നു. വിദേശ നിക്ഷേപകരില്‍ നിന്ന് 1654,35,08,981 രൂപയ്ക്ക് തുല്യമായ എഫ്.ഡി.ഐ മിന്ത്ര സ്വീകരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം തങ്ങളുമായി ഇ.ഡി ഉദ്യോഗസ്ഥര്‍ ഔദ്യോഗികമായി ബന്ധപ്പെട്ടിട്ടില്ലെന്ന് മിന്ത്ര പ്രതികരിച്ചു. ഏത് സാഹചര്യത്തിലും അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണ്. ഇതുവരെ ഇ.ഡിയില്‍ നിന്ന് പരാതിയുടെയോ അനുബന്ധ രേഖകളുടെയോ പകര്‍പ്പ് ലഭിച്ചിട്ടില്ലെന്നും മിന്ത്ര പ്രസ്താവനയില്‍ പറഞ്ഞു. നിലവില്‍ മിന്ത്രയുടെ അനുബന്ധന സ്ഥാപനങ്ങള്‍ക്കും ഡയറക്ടര്‍മാര്‍ക്കുമെതിരെയും കേസെടുത്തിട്ടുണ്ട്.
Content Highlight: ED files case against Myntra for fraud worth Rs 1,654 crore