| Tuesday, 30th August 2016, 10:14 am

യു.എസ് ഓപ്പണ്‍: മാരത്തണ്‍ മത്സരത്തില്‍ മയ്‌നേനിക്ക് തോല്‍വി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: കരിയറിലാദ്യമായി ഗ്രാന്‍സ്ലാം മത്സരം കളിക്കാനിറങ്ങിയ ഇന്ത്യയുടെ സാകേത് മയ്‌നെനിക്ക് യു.എസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണ്ണമെന്റിന്റെ ആദ്യ റൗണ്ടില്‍ തോല്‍വി. ലോക 48-ാം നമ്പര്‍ താരമായ ചെക്ക് റിപ്പബ്ലിക്കിന്റെ ജിറി വെസ്ലിയാണ് സാകേതിനെ പരാജയപ്പെടുത്തിയത്.

മൂന്ന് മണിക്കൂര്‍ 47 മിനിട്ട് നീണ്ട് നിന്ന മാരത്തണ്‍ മത്സരത്തില്‍, തന്നേക്കാള്‍ ലോക റാങ്കിങ്ങില്‍ ഏറെ മുന്നിലുള്ള എതിരാളിയെ വിറപ്പിച്ചാണ് ഇന്ത്യന്‍ താരം കീഴടങ്ങിയത്. സ്‌കോര്‍: 6-7(5), 6-4, 6-2, 2-6, 5-7. അഞ്ച് സെറ്റ് നീണ്ട മത്സരത്തില്‍ ആദ്യ സെറ്റ് ട്രൈബ്രേക്കറിനൊടുവില്‍ കൈവിട്ടതാണ് ഇന്ത്യന്‍ താരത്തിന് വിനയായത്.

ആദ്യ സെറ്റ് കൈപ്പിടിയിലൊതുക്കാമെയിരുന്നെങ്കില്‍ മത്സരം ഇന്ത്യന്‍ താരത്തിന് അനുകൂലമായേനേ. രണ്ട് മുന്നും സെറ്റുകള്‍ നിഷപ്രയാസം കൈക്കലാക്കിയ സാകേതിനെ സംബന്ധിച്ചിടത്തോളം ആദ്യ സെറ്റ് കൈവിട്ടത് മത്സരഫലത്തില്‍ നിര്‍ണ്ണായകമായി.

ആദ്യ സെറ്റ് കൈവിട്ടെങ്കിലും കോര്‍ട്ടില്‍ അക്രമണോത്സുക കളി കാഴ്ചവച്ച സാകേത് രണ്ടും മൂന്നും സെറ്റുകള്‍ സ്വന്തമാക്കി മത്സരത്തിലേക്ക് തിരിച്ച് വന്നു. ഇതോടെ ലോക 143-ാം റാങ്കുകാരനായ ഇന്ത്യന്‍ താരം ഒരു അട്ടിമറി ജയത്തിലേക്കാണ് നീങ്ങുന്നതെന്ന തോന്നലുളവാക്കി.

എന്നാല്‍ പിന്നീട് കോര്‍ട്ടില്‍ ഏറെ ക്ഷീണിതനായ സാകേതിനെയാണ് കാണാനായത്. ഇത് മുതലാക്കി മത്സരത്തിലേക്ക് തിരിച്ച് വന്ന ചെക്ക് താരം നാലും അഞ്ചും സെറ്റും മാച്ചും സ്വന്തമാക്കി രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

ഇത്തവണ യു.എസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സിന് യോഗ്യത നേടിയ ഒരേയൊരു ഇന്ത്യന്‍ താരമാണ് സാകേത്. 2013ല്‍ മത്സരിച്ച് സോംദേവ വര്‍മ്മന് ശേഷം ആദ്യമായാണ് ഒരിന്ത്യന്‍ താരം യു.എസ്.ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ മ്ത്സരിക്കാന്‍ യോഗ്യത നേടുന്നത്.

യോഗ്യതാ റൗണ്ട് കളിച്ച് വിജയിച്ചാണ് സാകേത് യു.എസ് ഓപ്പണ്‍ കളിക്കാന്‍ അര്‍ഹത നേടിയത്. യോഗ്യത റൗണ്ടിലെ മൂ്ന്ന് മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ താരം പുറത്തെടുത്തത്. ഒരൊറ്റ സെറ്റും വിട്ടു കൊടുക്കാതെയാണ് യോഗ്യതാ റൗണ്ടിലെ മൂന്ന് മ്തസരങ്ങളും സാകേത് ജയിച്ച കയറിയത്.

We use cookies to give you the best possible experience. Learn more