നെയ്പിഡോ: മ്യാന്മറില് സൈന്യം ഇന്നലെ (നവംബര്‍ 28, ശനി) നടത്തിയ മൂന്ന് വ്യോമാക്രമണങ്ങളിലായി മുപ്പതിലധികം പേര് പേര് കൊല്ലപ്പെട്ടു. ഇതില്‍ ഒരു വിവാഹ ചടങ്ങിന് നേര്‍ക്ക് നടന്ന ആക്രമണവും ഉള്‍പ്പെടുന്നു.
വടക്കുകിഴക്കന്‍ മേഖലയിലെ മോ ബൈ ജില്ലയിലാണ് വിവാഹച്ചടങ്ങിന് നേരെ ആക്രമണം നടന്നതെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ഈ ആക്രമണത്തില്‍ മാത്രം ഇരുപതിലധികം പേര് കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ സംസ്ഥാനമായ റാഖൈനില്‍ സൈന്യം ഇന്നലെ നടത്തിയ രണ്ട് ബോംബാക്രമണങ്ങളിലാണ് മറ്റുള്ളവര്‍ കൊല്ലപ്പെട്ടത്.
രാജ്യത്തെ ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് പലായനം ചെയ്ത രണ്ട് പേരുടെ വിവാഹം നടക്കുന്ന സ്ഥലത്തിന് നേര്‍ക്കാണ് മോ ബൈയില്‍ ബോംബാക്രമണം നടന്നത്. ആക്രമണത്തിന് മുമ്പ് ആകാശത്ത് ഒരു വിമാനം പറക്കുന്ന ശബ്ദം കേട്ടതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
21 പേര് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ക്യാമ്പുകളില്‍ കഴിയുന്ന പലായനം ചെയ്ത ആളുകളെ സഹായിക്കുന്ന ‘ന്വേ ഊ യാങ് ചി ഫൗണ്ടേഷന്’ എന്ന സംഘടന അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ അഞ്ച് കുട്ടികളും ഉള്‍പ്പെടുന്നു. 40 പേര്‍ക്ക് ആക്രമണങ്ങളില്‍ പരിക്കേറ്റു. സംഭവ സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെ രണ്ടാമതൊരു ആക്രമണം കൂടി നടന്നെന്നും ‘ന്വേ ഊ യാങ് ചി ഫൗണ്ടേഷന്’ പ്രവര്‍ത്തകരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
റാഖൈന്‍ സംസ്ഥാനത്ത് മ്രോക്ക്-യു എന്ന സ്ഥലത്തുള്ള ഒരു മാര്‍ക്കറ്റിന് നേര്‍ക്കായിരുന്നു ഒരു ആക്രമണം. ആക്രമണത്തില്‍ ഒമ്പത് പേര് കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. പ്രാദേശിക സമയം രാത്രി എട്ട് മണിയോടെയായിരുന്നു ആക്രമണം. ഇരുപതോളം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.
ശനിയാഴ്ച വൈകി ഇതേ പ്രദേശത്ത് രണ്ടാമതൊരു വ്യോമാക്രമണം കൂടി നടന്നതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ നിരവധി പേര് മരിച്ചതായി കാണിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്നും എന്നാല്‍ അവ സ്ഥിരീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യാഴാഴ്ച മധ്യ മ്യാന്‍മറിലുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് ശനിയാഴ്ചത്തെ ആക്രമണങ്ങള്‍. സൈന്യം വ്യാഴാഴ്ച നടത്തിയ ആക്രമണത്തില്‍ 29 പേര് കൊല്ലപ്പെട്ടതായി പ്രവാസത്തില്‍ കഴിയുന്ന നാഷണല്‍ യൂണിറ്റി ഗവണ്മെന്റ് പ്രസസ്താവനയില് പറഞ്ഞിരുന്നു.
മ്യാന്മറിലെ മഗ്വേ മേഖലയിലുള്ള ‘ഇന്‍ യോന്‍’ ഗ്രാമത്തിലെ ഒരു സ്കൂളിന് നേര്‍ക്കാണ് വ്യാഴാഴ്ചത്തെ ആക്രമണമെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ കൊല്ലപ്പെട്ടത് വിദ്യാര്‍ത്ഥികളും, യുവ സന്യാസിമാരും, അധ്യാപകരും ഉള്‍പ്പെടെയുള്ള സാധാരണക്കാരാണെന്നും നാഷണല്‍ യൂണിറ്റി ഗവണ്മെന്റ്’ അറിയിച്ചു. സൈനിക നേതൃത്വത്തിലുള്ള മ്യാന്മര് സര്‍ക്കാര്‍ ഈ ആക്രമണങ്ങളെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
മ്യാന്മറില് 2021-ല്‍ നടന്ന സൈനിക അട്ടിമറിക്ക് ശേഷം നടക്കുന്ന ആഭ്യന്തരയുദ്ധത്തില്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായി സംഘര്‍ഷ നിരീക്ഷണ ഗ്രൂപ്പായ ‘ആക്ലെഡ്’ വ്യക്തമാക്കുന്നു.
റോഹിംഗ്യന്‍ വംശജര്‍ക്കെതിരെ മ്യാന്മര് വംശഹത്യ നടത്തിയൈന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ) ഈ മാസം 19ന് കണ്ടെത്തിയിരുന്നു. ഇതിന് ശേഷം ഒരാഴ്ച പിന്നിടുമ്പോഴാണ് ഇപ്പോള്‍ പുതിയ ആക്രമണങ്ങള്‍.
Content Highlight: Myanmar military airstrikes on wedding and market kill at least 30