സോഷ്യല്‍ മീഡിയയില്‍ രസകരമായ റീലുകളിലൂടെ ശ്രദ്ധ നേടിയ കണ്ടന്റ് ക്രിയേറ്ററാണ് ബേസില്‍ ബെന്നി. നിത്യജീവിതത്തില്‍ കാണുന്ന മനുഷ്യരെയും അവര്‍ സംസാരിക്കുന്ന രീതികളെയും സാഹചര്യങ്ങളെയുമെല്ലാം നര്‍മത്തില്‍ അവതരിപ്പിക്കുന്നതാണ് ബേസിലിന്റെ വീഡിയോകളുടെ പ്രത്യേകത. തന്റെ റീലുകള്‍ക്ക് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്നത് പ്രവാസികളാണെന്നും താന്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെല്ലാം യഥാര്‍ഥ ജീവിതത്തില്‍ കണ്ടുമുട്ടിയ മനുഷ്യരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്നും പറയുകയാണ് ബേസില്‍.
നാട്ടില്‍ നിന്ന് വിദേശത്തേക്ക് പോയി പ്രവാസജീവിതം നയിക്കുന്നവരാണ് തന്റെ വീഡിയോകളെ കൂടുതല്‍ പിന്തുണയ്ക്കുന്നതെന്ന് ബേസില്‍ പറയുന്നു. ദുബായ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും അയര്‍ലന്‍ഡ്, കാനഡ തുടങ്ങിയ ഇടങ്ങളില്‍ നിന്നും നിരവധി പേര് സന്ദേശങ്ങള്‍ അയക്കാറുണ്ട്. സമ്മര്‍ദം നിറഞ്ഞ സമയങ്ങളില്‍ തന്റെ റീലുകള്‍ കാണുമ്പോള്‍ സന്തോഷം ലഭിക്കുന്നുവെന്ന് പറയുന്നവരുമുണ്ടെന്നും ബേസില്‍ വ്യക്തമാക്കി.
‘എനിക്ക് ഏറ്റവും കൂടുതല്‍ സന്തോഷം തരുന്നത് നമ്മുടെ റീലുകള്‍ കാണുന്നതും സപ്പോര്‍ട്ട് ചെയ്യുന്നതും പ്രവാസികളായ ആളുകളാണെന്നതാണ്. ദുബായിലുള്ളവരും മറ്റും മെസേജ് അയക്കാറുണ്ട്. സ്ട്രസ് ആയി നില്ക്കുന്ന സമയത്ത് എന്റെ റീല്‍ കാണുമ്പോള്‍ സന്തോഷം കിട്ടാറുണ്ടെന്ന് പലരും പറയാറുണ്ട്. നാട്ടില്‍ നിന്ന് പോയി പ്രവാസജീവിതം നയിക്കുന്നവര്‍ക്ക് അവര്‍ കണ്ടിട്ടുള്ള ആളുകളെ വീണ്ടും കാണുന്നതുപോലെയാണ്. അവരെ സംബന്ധിച്ച് ഇതൊരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ്,’ ബേസില്‍ പറഞ്ഞു.
ഇന്ത്യ വിട്ട് മറ്റു രാജ്യങ്ങളില്‍ കഴിയുന്നവരാണ് തന്റെ വീഡിയോകള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്നതെന്നും ബേസില്‍ പറയുന്നു. എന്നാല്‍, തന്നെ അടുത്തറിയുന്നവരില്‍ നിന്ന് പ്രതീക്ഷിക്കുന്ന തരത്തിലുള്ള പിന്തുണ ലഭിക്കാറില്ലെന്നാണ് താരം പറയുന്നു.
‘സപ്പോര്‍ട്ട് ചെയ്യാത്തത് പച്ചയ്ക്ക് പറഞ്ഞാല്‍ സ്വന്തക്കാരാണ്. നമ്മളെ അടുത്തറിയാവുന്നവര്‍ ഒരിക്കലും നമ്മളെ അംഗീകരിക്കില്ല. കമന്റ് ബോക്സ് എടുത്തുനോക്കിയാല്‍ എന്റെ വേണ്ടപ്പെട്ടവരോ കൂടെ പഠിച്ചവരോ ഒന്നും കമന്റ് ചെയ്യാറില്ല. മാത്രമല്ല, എന്റെ വീഡിയോകളിലുള്ള അധികം പേരും എന്റെ സ്വന്തക്കാര് തന്നെയാണ്,’ ബേസില്‍ പറഞ്ഞു.
ബേസിലിന്റെ റീലുകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നാണ് ദുബായില്‍ നിന്ന് നാട്ടിലെത്തുന്ന പ്രവാസി. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പ്രചോദനമായത് യഥാര്‍ഥ ജീവിതത്തില്‍ കണ്ടുമുട്ടിയ ഒരാളാണെന്ന് ബേസില്‍ പറയുന്നു.
‘ഞാന്‍ ചെയ്ത എല്ലാ വീഡിയോകളിലുമുള്ളവരെ യഥാര്‍ഥ ജീവിതത്തില്‍ കണ്ടിട്ടുള്ളതാണ്. അതില്‍ കുറച്ച് ഡോസ് കൂട്ടുന്നു എന്നേയുള്ളൂ,’ ബേസില്‍ പറഞ്ഞു.
നാട്ടില്‍ ജോലി ചെയ്തിരുന്ന ഒരാള്‍, നാട്ടുകാര്‍ക്കിടയില്‍ വലിയ വിലയില്ലാത്ത അവസ്ഥയില്‍ നിന്ന് ബന്ധുവിന്റെ സഹായത്തോടെ ദുബായിലെത്തുന്നതും പിന്നീട് റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ പ്രവര്‍ത്തിച്ച് ജീവിതം പച്ചപിടിച്ചിപ്പിച്ചു.
വിദേശത്തെ ജീവിതത്തിനുശേഷം സ്വര്‍ണച്ചെയിനും ബ്രേസ്ലെറ്റുമൊക്കെയണിഞ്ഞ് നാട്ടിലേക്ക് മടങ്ങിയെത്തുന്ന അയാളുടെ പെരുമാറ്റത്തിലെ മാറ്റങ്ങളാണ് വീഡിയോയില്‍ അവതരിപ്പിച്ചത്.
‘ഒരു ഞായറാഴ്ച പള്ളിയില്‍ വെച്ചാണ് ഞാന്‍ പുള്ളിയെ കണ്ടത്. ‘അച്ചനെ ഒന്നുകാണണം, അച്ചന്..അച്ചന് ഉണ്ടോ ഇവിടെ’ എന്നൊക്കെ ഒരു പ്രത്യേക രീതിയില്‍ പുള്ളി ചോദിക്കുകയാണ്. ഇയാളെന്താണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നതെന്ന് അന്ന് തോന്നി. അന്ന് വൈകുന്നേരം വീട്ടില്‍ ചെന്നപ്പോള്‍ പുള്ളിയുമായി നടന്ന സംഭാഷണം തന്നെയാണ് റീലാക്കിയത്,’ ബേസില്‍ പറഞ്ഞു.
ദൈനംദിന ജീവിതത്തില്‍ കേള്‍ക്കുന്ന സംഭാഷണങ്ങളും കാണുന്ന മനുഷ്യരുമാണ് തന്റെ ഉള്ളില്‍ കഥാപാത്രങ്ങളായി രൂപപ്പെടുന്നതെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു. ഓരോരുത്തര്‍ക്കും തങ്ങളുടെ ജീവിതത്തില്‍ കണ്ടിട്ടുള്ള ആരെങ്കിലുമായി ബന്ധപ്പെടുത്താന്‍ കഴിയുന്ന തരത്തിലുള്ള സാഹചര്യങ്ങളാണ് റീലുകളില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും ബേസില്‍ വ്യക്തമാക്കി.
ചിലര്‍ ഉപയോഗിക്കുന്ന പ്രത്യേക വാക്കുകളും വിളിപ്പേരുകളുമെല്ലാം ഇത്തരത്തില്‍ മനസില്‍ തങ്ങിനില്ക്കാറുണ്ട്. ഉദാഹരണത്തിന്, ചിലര്‍ ‘അമ്മച്ചി’ എന്നതിന് പകരം ‘അംച്ചി’ എന്ന് പറയുന്നതുപോലുള്ള പ്രയോഗങ്ങള്‍ പോലും കഥാപാത്രങ്ങളുടെ സംഭാഷണങ്ങളില്‍ കൊണ്ടുവരാറുണ്ട്,’ ബേസില്‍ പറഞ്ഞു.
Content Highlight: My Reels Get More Support from NRI s; Characters Are Inspired by Real People: Basil Benny