ബെംഗളൂരൂ: തന്റെ വിദ്യാഭ്യാസ യോഗ്യത ചോദിച്ച് രംഗത്തെത്തിയ ബി.ജെ.പി നേതാവിന് മറുപടിയുമായി കര്‍ണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാള്‍ വിദ്യാഭ്യാസ യോഗ്യത തനിക്കുണ്ടെന്നും അദ്ദേഹത്തെക്കാള്‍ നന്നായി തന്നെ താന്‍ ഇംഗ്ലീഷ് സംസാരിക്കുമെന്നും ഖാര്‍ഗെ പറഞ്ഞു.
കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ പ്രതിപക്ഷ നേതാവ് ചാലവടി നാരായണസ്വാമിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
‘എന്താണ് പ്രിയങ്ക് ഖര്‍ഗെയുടെ വിദ്യാഭ്യാസ യോഗ്യത? എന്ത് ബിരുദമാണ് അയാള്‍ക്കുള്ളത്? വിവരാവകാശ നിയമം പോലും അത് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അദ്ദേഹം എത്രത്തോളം മികച്ച പ്രതിഭയാണെന്ന് ആളുകള്‍ അറിയട്ടെ,’ ഇതായിരുന്നു ബി.ജെ.പി നേതാവിന്റെ പരാമര്‍ശം.
എന്നാല്‍ തന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് ജനങ്ങള്‍ക്ക് അറിയാമെന്നും മോദിയേക്കാള്‍ യോഗ്യത തനിക്കുണ്ടെന്നും ഖാര്‍ഗെ പറഞ്ഞു. താനൊരു ഗ്രാഫിക് ഡിസൈനറാണെന്ന് ഈ ലോകത്തിന് മുഴുവന്‍ അറിയാമെന്നും അതിലെന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു.
‘ ഞാന്‍ മോദിയേക്കാള്‍ വിദ്യാഭ്യാസമുള്ളയാളാണ്. എനിക്ക് സംസ്കൃതം വായിക്കാനും അറിയാം. അവര്‍ (ബി.ജെ.പി) എന്നെ കോണ്‍വെന്റ് ദളിത് എന്നാണ് വിളിക്കുന്നത്. ഞാന്‍ അദമരു മഠം നടത്തുന്ന സ്കൂളിലാണ് പഠിച്ചിട്ടുള്ളത്. അവരുടെ (ബി.ജെ.പി നേതാക്കളുടെ) മക്കളാണ് കോണ്‍വെന്റ് സ്കൂളുകളില്‍ പഠിച്ചിട്ടുള്ളത്,’ അദ്ദേഹം പറഞ്ഞു
വിവരാവകാശ അപേക്ഷയില്‍ പോലും മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെത് ഇപ്പോഴും രഹസ്യമാണെന്നും ഖാര്‍ഗെ പറഞ്ഞു.
‘കന്നഡിഗരുടെ നികുതിപ്പണം വാങ്ങാന്‍ വേണ്ടി മാത്രമാണ് മോദി കര്‍ണാടകയിലേക്ക് വരുന്നത്. നിങ്ങള്‍ക്ക് ഓര്മയുണ്ടെങ്കില്, ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ദുരന്തനിവാരണ ഫണ്ടിനായി അദ്ദേഹം മോദിയോട് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു രൂപ പോലും നല്‍കിയില്ല. മൈസൂരുവിനെ പാരീസ് ആക്കുമെന്ന് മോദി പറഞ്ഞു. കല്‍ബുറഗി റെയില്‍വേ സ്റ്റേഷന് വികസിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിനെ ലോകപ്രശസ്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ എന്താണ് സംഭവിച്ചത്? എനിക്ക് അദ്ദേഹത്തില്‍ യാതൊരു പ്രതീക്ഷയുമില്ല,’ അദ്ദേഹം പറഞ്ഞു.
Content Highlight:My records are public—what about the Prime Minister’s? Priyank Kharge asks BJP leader who questioned his educational qualifications.