| Tuesday, 4th November 2025, 8:56 pm

എന്റെ പേര് ഉമര്‍ എന്നല്ല, രാമചന്ദ്ര എന്നായതിനാല്‍ സി.എ.എക്കെതിരെ പ്രതിഷേധിച്ചിട്ടും ഗവേഷണവും എഴുത്തും തുടരാനായി;ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സമീപകാലത്ത് താന്‍ വായിച്ച ഏറ്റവും മികച്ച ഗവേഷണ പ്രബന്ധത്തെ കുറിച്ചും ദല്‍ഹി കലാപക്കേസില്‍ യു.എ.പി.എ ചുമത്തി ജയിലിലടച്ച ജെ.എന്‍.യുവിലെ മുന്‍ ഗവേഷക വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന് ഭരണകൂടം നീതി നിഷേധിക്കുന്നതിനെ കുറിച്ചും ലേഖനവുമായി ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ.

ഉമര്‍ ഖാലിദിനെ പോലെ ഒരു യുവ ചരിത്രകാരന്റെ കഴിവ് എങ്ങനെയാണ് ഇന്നത്തെ ഇന്ത്യയില്‍ അടിച്ചമര്‍ത്തപ്പെടുന്നതെന്ന് ഗുഹ ‘ടെലഗ്രാഫ് ഇന്ത്യ’യില്‍ പ്രസിദ്ധീകരിച്ച തന്റെ ലേഖനത്തില്‍ വിശദീകരിക്കുന്നു.

ഇനിയും പുസ്തകമായി പുറത്തെത്താത്ത ജെ.എന്‍.യുവിലെ മുന്‍ വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന്റെ പ്രബന്ധത്തെ പ്രശംസിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ലേഖനം ആരംഭിക്കുന്നത്. ഒപ്പം സ്വാതന്ത്ര്യം നിഷേധിച്ച് ഉമര്‍ ഖാലിദിനെ പോലെ ഏറെ കഴിവുകളുള്ള ഒരു യുവ ചരിത്രകാരനെ ജയിലിലടച്ച ഭരണകൂടത്തിന്റെ നിലപാടിനെയും അതിനോടുള്ള നീതിന്യായ വ്യവസ്ഥയുടെ മൗനത്തെ കുറിച്ചും ലേഖനത്തില്‍ പരാമര്‍ശിക്കുന്നു.

ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ സിങ്ഭും മേഖലയിലെ ആദിവാസി സമൂഹത്തിനുണ്ടായ പരിവര്‍ത്തനമാണ് ഉമര്‍ ഖാലിദിന്റെ പ്രബന്ധത്തിലെ വിഷയം. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി എങ്ങനെയാണ് ഇന്നത്തെ ജാര്‍ഖണ്ഡിന്റെ ഭാഗമായ ഈ ആദിവാസി മേഖലയില്‍ സൈനികവും ഭരണപരവുമായ സ്ഥിരമായ ആധിപത്യം നേടിയതെന്ന് വെളിപ്പെടുത്തുന്ന പ്രബന്ധമാണ് ഉമര്‍ ഖാലിദിന്റെത്.

ജാര്‍ഖണ്ഡ് സംസ്ഥാനത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്ന ഈ പ്രബന്ധം വളരെ മികച്ചതാണെന്നും ഇതിന് പ്രധാനപ്പെട്ട ആറ് ഗുണങ്ങളുണ്ടെന്നും രാമചന്ദ്ര ഗുഹ തന്റെ ലേഖനത്തില്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ തന്നെ പല മുന്‍കാല എഴുത്തുകാരുടെയും ജാര്‍ഖണ്ഡിലെ ഗോത്രങ്ങളെ കുറിച്ചുള്ള രചനകളെ കുറിച്ചുള്ള അറിവ്, ഒരു നൂറ്റാണ്ട് പഴക്കമുള്ള പുസ്തകങ്ങള്‍ പോലും പ്രാഥമിക സ്രോതസായി ഉപയോഗിച്ചുള്ള ഗവേഷണം, ഫീല്‍ഡ് പഠനത്തിലൂടെ അറിവ് നേടാനുള്ള സന്നദ്ധത,

പ്രാഥമിക സ്രോതസുകളില്‍ നിന്നുള്ള ഉജ്ജ്വലമായ ഉദ്ധരണികള്‍ കണ്ടെത്താനുള്ള കഴിവ്, വളരെ ചെറിയ പദപ്രയോഗങ്ങളിലൂടെ വ്യക്തമായി ഗദ്യ രൂപത്തില്‍ വസ്തുതകള്‍ എഴുതാനുള്ള മികവ്,

തന്റെ വാദങ്ങളെ സൂക്ഷ്മമായ വിശദീകരിക്കാനും സ്റ്റീരിയോടൈപ്പ് ആകാതെ നോക്കാനുമുള്ള ശ്രദ്ധ തുടങ്ങിയ ആറ് പ്രധാന ഗുണങ്ങളാണ് ഈ യുവചരിത്രകാരനില്‍ തനിക്ക് കാണാനായതെന്ന് രാമചന്ദ്ര ഗുഹ വിശദീകരിക്കുന്നു.

താന്‍ വായിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച ഒരു ഇന്ത്യക്കാരന്റെ ഡോക്ടറല്‍ പ്രബന്ധങ്ങളിലൊന്നാണ് ഉമര്‍ ഖാലിദിന്റെതെന്നും അദ്ദേഹം പ്രശംസിക്കുന്നു.

ഇത്തരത്തിലേറെ മേന്മകളുള്ള ഒരു തീസിസ് പുസ്തകമായി പ്രസിദ്ധീകരിക്കാറുണ്ട്. എന്നാല്‍, പ്രസിദ്ധീകരിച്ചാല്‍ ഏറെ വിലമതിക്കപ്പെടുന്ന ഈ തീസിസ് 2018ല്‍ സമര്‍പ്പിച്ചതാണെങ്കിലും ഇതുവരെ പുസ്തകമായിട്ടില്ല.

കാരണം അത് തയ്യാറാക്കിയയാളുടെ പേര് ഉമര്‍ ഖാലിദ് എന്നാണ്. ക്രൂരമായ ഭരണകൂടവും മന്ദഗതിയിലുള്ള നീതിന്യായ വ്യവസ്ഥയും ഈ ചരിത്രകാരനെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിലേറെയായി കുറ്റം പോലും ചുമത്താതെ ജയിലിലടച്ചിരിക്കുകയാണ്.

താന്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഉമര്‍ ഖാലിദിനെ കണ്ടിട്ടില്ല. പക്ഷെ, സി.എ.എയ്ക്ക് എതിരെ താനും ഉമര്‍ ഖാലിദിനെ പോലെ 2019 ഡിസംബറില്‍ രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.

സമാധാനപരമായിരുന്നു പ്രതിഷേധം. അദ്ദേഹം ദല്‍ഹിയിലും താന്‍ ബംഗളൂരുവിലും. എന്നാല്‍ പിന്നീട് തങ്ങളിരുവരുടെയും ജീവിതത്തില്‍ സംഭവിച്ചത് വളരെ വ്യത്യസ്തമായ കാര്യങ്ങളായിരുന്നു. അതിന് കാരണവും താന്‍ പലപ്പോഴും ചിന്തിക്കാറുണ്ടെന്ന് ഗുഹ പറയുന്നു.

Umar Khalid

‘എന്റെ പേരിന്റെ ആദ്യഭാഗം ഉമര്‍ എന്നല്ല, രാമചന്ദ്ര എന്നാണ്. അതുകൊണ്ട് എനിക്ക് ഗവേഷണവും എഴുത്തും തുടരാന്‍ സാധിച്ചു. എന്നാല്‍, ഉമറിന് അങ്ങനെ തുടരാന്‍ കഴിഞ്ഞോ?’, രാമചന്ദ്ര ഗുഹ ലേഖനത്തിലൂടെ ചോദിക്കുന്നു.

ഉമര്‍ ഖാലിദിന്റെ കഴിവിലെ സമ്പന്നതയും പ്രവര്‍ത്തനങ്ങളിലെ ആഴവും വിലമതിക്കാനാകാത്തതിനാലാണ് താന്‍ ഈ ലേഖനത്തില്‍ അദ്ദേഹത്തെ കുറിച്ച് പറയുന്നത്.

എന്നാല്‍, രാഷ്ട്രീയ നേതാക്കളുടെ ഉത്തരവുകള്‍ പാലിച്ച് പൊലീസ് തിടുക്കത്തില്‍ സംശയാസ്പദമായ കുറ്റങ്ങള്‍ ചുമത്തി ജയിലലിടച്ച നല്ല കഴിവുള്ള അനേകം സത്യസന്ധരായ മനുഷ്യരില്‍ ഒരാളാണ് ഉമര്‍ ഖാലിദെന്ന് താന്‍ ഉറച്ചുവിശ്വസിക്കുന്നെന്നും ഗുഹ പറഞ്ഞു.

പൊലീസ് ഇത്തരത്തില്‍ ജയിലിലടച്ച ചിലര്‍ പണ്ഡതന്മാരും ഗവേഷകരുമാണ്. മറ്റുള്ളവര്‍ സാമൂഹിക പ്രവര്‍ത്തകരുമാണ്. അവരെന്നും ഭരണഘടനയുടെ മൂല്യങ്ങളോടും അഹിംസയോടും പ്രതിബദ്ധത കാണിച്ചിട്ടുണ്ട്.

ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ

അവരുടെ ബഹുസ്വരതയോടും ജനാധിപത്യത്തോടുമുള്ള ഈ പ്രതിബദ്ധതയാണ് ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യ, ഭൂരിപക്ഷ പ്രവണതകള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ അവരെ പ്രേരിപ്പിച്ചത്.

അതുകൊണ്ട് അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല നാളുകള്‍ ഇരുണ്ട ജയിലറകളില്‍ ചെലവഴിക്കേണ്ട അവസ്ഥയിലാണ്. അവര്‍ക്ക് രാജ്യത്തിനായി മികച്ച സംഭാവനകള്‍ നല്‍കാന്‍ കഴിയുമായിരുന്നു.

ഇവര്‍ക്ക് നിഷേധിക്കപ്പെട്ട സ്വാതന്ത്ര്യം നല്‍കാനുള്ള മാന്യതയും ധൈര്യവും രാജ്യത്തെ ന്യായാധിപന്മാര്‍ കാണിക്കണമെന്നും ഇപ്പോള്‍ തന്നെ സമയം അതിക്രമിച്ചിരിക്കുകയാണെന്നും പറഞ്ഞാണ് രാമചന്ദ്ര ഗുഹ തന്റെ ലേഖനം അവസാനിപ്പിക്കുന്നത്.

Content Highlight: My name is Ramachandra, not Umar, so I was able to continue researching and writing despite protesting against CAA; historian Ramachandra Guha on Umar Khalid’s thesis

We use cookies to give you the best possible experience. Learn more