| Tuesday, 26th August 2025, 7:36 am

'ഗാന്ധിയുടെ നാട്ടിൽ നിന്ന് ഞാൻ നിങ്ങളോട് പറയുന്നു, കർഷകരെ ഒരു തരത്തിലും എന്റെ സർക്കാർ ഉപദ്രവിക്കില്ല': മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: യു.എസിന്റെ അധിക തീരുവ സമ്മർദത്തിൽ സർക്കാർ വഴി കണ്ടെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിന് യു.എസ് ഇന്ത്യക്ക് മേൽ ചുമത്തിയ അധിക തീരുവ പ്രാബല്യത്തിൽ വരാനിരിക്കെയാണ് മോദി ഇക്കാര്യം പറഞ്ഞത്.

എത്ര സമ്മർദം വന്നാലും അതിനെ നേരിടാനുള്ള ശക്തി സർക്കാർ വർധിപ്പിച്ചുകൊണ്ടിരിക്കുമെന്നും ചെറുകിട സംരംഭകർ, കർഷകർ, ക്ഷീര കർഷകർ എന്നിവർക്ക് സർക്കാർ ഒരു ദോഷവും വരുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഇന്ന് ലോകത്ത് സാമ്പത്തിക സ്വാർത്ഥതാത്പര്യത്തിന് രാഷ്ട്രീയമുണ്ട്, എല്ലാവരും സ്വയം ചിന്തിക്കുന്നു. നമ്മൾ ഇതിന് സാക്ഷ്യം വഹിക്കുന്നു. ഗാന്ധിയുടെ നാട്ടിൽ നിന്ന് ഞാൻ നിങ്ങളോട് പറയുന്നു, എനിക്ക് നിങ്ങളുടെ താത്പര്യങ്ങളാണ് പ്രധാനം. ചെറുകിട സംരംഭകരെയോ, കർഷകരെയോ ഒരു തരത്തിലും ഉപദ്രവിക്കാൻ എന്റെ സർക്കാർ ഒരിക്കലും അനുവദിക്കില്ല,’ അഹമ്മദാബാദിലെ പൊതുപ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

കർഷകരുടെയും ക്ഷീര കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും സർക്കാർ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രംപ് ഭരണകൂടത്തിന്റെ താരിഫിനെതിരെ മോദി ‘സ്വദേശി’ ഉത്പന്നങ്ങളിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. സ്വദേശിയും ആത്മനിർഭർ ഭാരതും ഒരു വീക്ഷിത് ഭാരതത്തിനുള്ള പ്രധാന ഘടകങ്ങളാണെന്നും പറഞ്ഞിരുന്നു.

നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തി’ന്റെ ഏറ്റവും പുതിയ എപ്പിസോഡിലും രാഷ്ട്രത്തിനായുള്ള യഥാർത്ഥ സേവനം തദ്ദേശീയ ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലാണെന്ന് പറഞ്ഞിരുന്നു.

അതേസമയം ഇന്ത്യക്ക് മേൽ യു.എസ് ചുമത്തിയ അധിക തീരുവ പ്രാബല്യത്തിലൽ വരാനിരിക്കുകയാണ്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ട്രംപ് ഇന്ത്യയ്ക്ക് മേൽ ആദ്യം 25 ശതമാനം തീരുവ ചുമത്തിയിരുന്നു. എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടർന്നാൽ താരിഫ് വർധിപ്പിക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ഇരട്ട താരിഫ് എന്ന രീതിയിൽ 25 ശതമാനം അധിക തീരുവ ചുമത്തുകയും ചെയ്തിരുന്നു.

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ദ്വിതീയ ഉപരോധങ്ങളും ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നവരിൽ ഏറ്റവും മുൻനിരയിലുള്ള രണ്ട് രാജ്യങ്ങൾ ചൈനയും ഇന്ത്യയുമാണ്.

Content Highlight: My government will not harm farmers in any way says Modi

We use cookies to give you the best possible experience. Learn more