സിനിമയില്‍ ദീര്‍ഘ കാലമായി സൗഹൃദം സൂക്ഷിക്കുന്നവരാണ് കാര്‍ത്തിക് സുബ്ബരാജും അല്‍ഫോണ്‍സ് പുത്രനും. സിനിമയില്‍ സജീവമാകുന്നതിനു മുമ്പ് തന്നെ ചെന്നൈയിലെ ഒരു സൗഹൃദകൂട്ടായ്മയുടെ ഭാഗമായിരുന്നു ഇരുവരും. വിജയ് സേതുപതിയും ബോബി സിംഹയുമുള്‍പ്പെടെയുള്ളവരും ഈ കൂട്ടായ്മയിലുണ്ടായിരുന്നു.
അല്‍ഫോണ്‍സ് പുത്രനുമായുള്ള സൗഹൃദത്തെ കുറിച്ചും ആത്മബന്ധത്തെ കുറിച്ചും സംസാരിക്കുകയാണ് കാര്‍ത്തിക്ക് സുബ്ബരാജ്. ലോകസിനിമയെ തനിക്ക് പരിചയപ്പെടുത്തിയത് അല്‍ഫോണ്‍സാണെന്നാണ് കാര്‍ത്തിക് പറയുന്നത്. ഡൊറോത്തിയുടെ ഭാഗമായി ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാനും അല്‍ഫോണ്‍സും പാരലല്‍ ആയി കരിയര്‍ തുടങ്ങിയവരാണ്. എന്റെ ആദ്യത്തെ മലയാളം കണക്ഷന്‍ അല്‍ഫോണ്‍സുമായിട്ടാണ്. എന്റെ ഷോര്‍ട്ഫിലിമുകളുടെ എഡിറ്റിങ്ങിന്റെ ഭാമഗായാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. ലോകസിനിമയെ എനിക്ക് പരിചയപ്പെടുത്തിയത് അല്‍ഫോണ്‍സാണ്’, കാര്‍ത്തിക് പറഞ്ഞു.
കാര്‍ത്തിക് സുബ്ബരാജ് നിര്‍മിച്ച അവിയല്‍ എന്ന ആന്തോളജി സിനിമയുടെ ഒരു ഭാഗം സംവിധാനം ചെയ്തതും, റെട്രോ എന്ന സിനിമയുടെ ട്രെയ്‌ലര്‍ എഡിറ്റ് ചെയ്തതും അല്‍ഫോണ്‍സ് പുത്രന്‍ ആണ്. അഭിനയ രംഗത്തേക്കുള്ള അല്‍ഫോണ്‍സിന്റെ കടന്നുവരവിനെക്കുറിച്ചും കാര്‍ത്തിക് സംസാരിച്ചു.
തന്റെ ഒരു പ്രൊജക്ടിലേക്ക് അല്‍ഫോണ്‍സിനെ അഭിനയിക്കാന്‍ വിളിച്ചിരുന്നെങ്കിലും ഡേറ്റ് ഇല്ലാത്തതിനാല്‍ അത് നടന്നില്ലെന്ന് അഭിമുഖത്തില്‍ കാര്‍ത്തിക് പറഞ്ഞു.
പുതുമയുള്ള മെയ്ക്കിങ്ങും എഡിറ്റിങ്ങും കൊണ്ട് ചുരുങ്ങിയ സിനിമകളാല്‍ തന്റേതായ ഒരിടം മലയാള സിനിമയില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞ സംവിധായകനും നടനമാണ് അല്‍ഫോണ്‍സ് പുത്രന്‍. തമിഴിലും മലയാളത്തിലുമായി ഒരുക്കിയ ആദ്യ സിനിമ നേരം മികച്ച പ്രതികരണം നേടിയിരുന്നു. നിവിന്‍ പോളി തന്നെ നായകനായ പ്രേമം മലയാള സിനിമ ചരിത്രത്തിലെ തന്നെ ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു.
അതേസമയം ഡൊറോത്തി എന്ന LGBTQ + പ്രേമേയം അവതരിപ്പിക്കുന്ന സിനിമയിലൂടെ, സിനിമ പ്രേക്ഷകര്‍ക്കിടയില്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയാണ് കാര്‍ത്തിക് സുബ്ബരാജ്.
തന്റെ പതിവ് കമേഴ്ഷ്യല്‍ സിനിമകളില്‍ നിന്നും മാറി റിയലിസ്റ്റിക് ശൈലിയിലാണ് കാര്‍ത്തിക് ഡൊറോത്തി ഒരുക്കിയിരിക്കുന്നത്. തിയേറ്ററുകളില്‍ എത്തുന്നതിനു മുമ്പേ ഡൊറോത്തി , ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയര്‍ ചെയ്തിരുന്നു.
അതേസമയം തമിഴ് സംസ്‌ക്കാരത്തെ അപമാനിച്ചുവെന്ന രീതിയില്‍ തമിഴ്‌നാട്ടില്‍ നിന്നും സിനിമയ്‌ക്കെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍ മലയാളം ഉള്‍പ്പടെ മറ്റു ഭാഷാ ഇന്‍ഡസ്ട്രികളില്‍ നിന്നും മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.
Content Highlight: my first Malayalam connection is with Alphonse: Karthik Subbaraj