| Thursday, 24th July 2025, 1:55 pm

'എൻ്റെ തന്തയും ചത്തു, സഖാവ് വി.എസും ചത്തു'; പുതിയ പോസ്റ്റുമായി വിനായകൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.ഐ.എം നേതാവുമായ വി. എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അർപ്പിച്ചതിന് താൻ നേരിട്ട സൈബർ ആക്രമണങ്ങൾക്ക് പിന്നാലെ പുതിയ പോസ്റ്റുമായി നടൻ വിനായകൻ.

‘എൻ്റെ തന്തയും ചത്തു. സഖാവ് വി.എസും ചത്തു. ഗാന്ധിയും ചത്തു. നെഹ്റുവും ചത്തു. ഇന്ദിരയും ചത്തു. രാജീവും ചത്തു. കരുണാകരനും ചത്തു. ഹൈബിയുടെ തന്ത ജോർജ് ഈഡനും ചത്തു. നിൻ്റെ അമ്മേടെ നായര് ചാണ്ടിയാണേൽ അയാളും ചത്തു. ചത്തു ചത്തു,’ എന്നായിരുന്നു വിനായകന്റെ പോസ്റ്റ്.

വി.എസിന് അന്ത്യാഭിവാദ്യമര്‍പ്പിച്ചതിന് പിന്നാലെ വിനായകനെതിരെ വലിയ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. മുമ്പ് വിനായകൻ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റുകള്‍ക്ക് താഴെ നിരവധി അസഭ്യ കമന്റുകളാണ് വരുന്നത്. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിക്കെതിരെ നടൻ മുമ്പ് നടത്തിയ പ്രതികരണം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ നടന്‍ തന്നെ ഫേസ്ബുക്കില്‍ പങ്കുവെച്ചു. പിന്നാലെയാണ് പുതിയ പോസ്റ്റ് വന്നിരിക്കുന്നത്.

‘ആരാണ് ഈ ഉമ്മൻചാണ്ടി? ഉമ്മൻചാണ്ടി ചത്തു, അതിന് ഞങ്ങൾ എന്തു ചെയ്യണം? എന്തിനാണ് മൂന്ന് ദിവസം അവധി? എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമുക്കറിയില്ലേ ഇയാൾ ആരൊക്കെയാണെന്ന്’ എന്ന വിവാദ പരാമർശമായിരുന്നു ഉമ്മൻ ചാണ്ടിയുടെ മരണത്തിന് പിന്നാലെ വിനായകൻ നടത്തിയത്. പിന്നാലെ വലിയ വിമർശങ്ങൾ വിനായകൻ നേരിട്ടു. വിനായകനെതിരെ ഉമ്മൻ ചാണ്ടിയെ അപമാനിച്ചെന്ന് കേസെടുക്കുകയും ചെയ്തിരുന്നു.

ഇന്നലെയായിരുന്നു വി.എസിന് അന്ത്യാഭിവാദ്യവുമായി നടന്‍ രംഗത്തെത്തിയത്. എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍ഡില്‍ പ്രദേശത്തെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തായിരുന്നു വിനായകന്‍ വി. എസിന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചത്. ‘ഇല്ലാ ഇല്ലാ മരിക്കുന്നില്ല, സഖാവ് വി. എസ് മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ’ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു വിനായകനും ജനകീയ കൂട്ടായ്മയിലെ മറ്റ് അംഗംങ്ങളും വി. എസിന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചത്.

ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ വിനായകനെതിരെ വലിയ വിമർശനം ഉയരുകയും സൈബർ ആക്രമണങ്ങൾ ഉണ്ടാവുകയുമായിരുന്നു.

Content Highlight: My father also died, Comrade VS also died; Vinayakan with a new post

We use cookies to give you the best possible experience. Learn more