| Wednesday, 23rd September 2026, 4:37 pm

'എന്റെ കഥാപാത്രം ഇങ്ങനെയല്ല അസീസ്, മാറ്റിച്ചിന്തിക്കേണ്ടി വരും'; സംവിധായകന്‍ പറഞ്ഞത് കേട്ട് തകര്‍ന്നുപോയി: അസീസ് നെടുമങ്ങാട്

ആര്യ.പി

മലയാള സിനിമയില്‍ സ്വാഭാവികമായ അഭിനയത്തിലൂടെ ശ്രദ്ധേയനായ നടനാണ് അസീസ് നെടുമങ്ങാട്. ഹാസ്യവേഷങ്ങളിലൂടെയും സ്വഭാവനടനായും വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ ശ്രദ്ധ നേടിയ അസീസ്, തന്റെ അഭിനയജീവിതത്തിലെ മറക്കാനാകാത്ത ഒരു അനുഭവം പങ്കുവെക്കുകയാണ്. പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍ സിനിമയുടെ ഭാഗമായി ഒറിജിനല്‍സിന് നല്‍കിയ അഭിമുഖത്തില്‍ലാണ് ഒരു സിനിമയുടെ ലൊക്കേഷനില്‍ കഥാപാത്രത്തിനായി മേക്കപ്പിട്ട് ക്യാമറയ്ക്ക് മുന്നിലെത്തിയ ശേഷം, സംവിധായകന്‍ തന്നെ മാറ്റാന്‍ തീരുമാനിച്ചതിനെ കുറിച്ച് അസീസ് സംസാരിച്ചത്.

‘സിനിമാ ലൊക്കേഷനില്‍ ചെന്ന് ആ കഥാപാത്രത്തിനുള്ള മേക്കപ്പൊക്കെയിട്ട് അഭിനയിച്ചു തുടങ്ങി. ഞാന്‍ അഭിനയിക്കുന്നത് കണ്ടിട്ടായിരിക്കാം സംവിധായകന്‍ പറഞ്ഞത്, ‘എന്റെ ക്യാരക്ടര്‍ ഇങ്ങനെയല്ല അസീസ്, സോറി, മാറ്റിച്ചിന്തിക്കേണ്ടി വരും’ എന്ന്. ഞാന്‍ ആകെ തകര്‍ന്നുപോയി,’ അസീസ് പറഞ്ഞു.

ഒരു സിനിമയില്‍ കഥാപാത്രത്തിനായി തയ്യാറെടുത്ത്, മേക്കപ്പിട്ട് ക്യാമറയ്ക്ക് മുന്നിലെത്തി സീന്‍ ചെയ്യുന്നതിനിടെയാണ് ഇത്തരമൊരു സാഹചര്യമുണ്ടായതെന്നും അസീസ് പറയുന്നു. നായകനടന്‍ തന്നെ വിഷമത്തോടെ നോക്കിനില്‍ക്കുകയായിരുന്നു. അദ്ദേഹം തന്റെ സുഹൃത്തായിരുന്നുവെന്നും അസീസ് ഓര്‍ത്തെടുത്തു.

‘പകരം വേറൊരു ആര്‍ട്ടിസ്റ്റ് വരും. അദ്ദേഹം ചിലപ്പോള്‍ നന്നായി ചെയ്യും. ഞാനും ഈ ഫീല്‍ഡില്‍ വന്നത് എവിടെയെങ്കിലുമൊക്കെ എത്താനാണ്. അപ്പോള്‍ ഞാന്‍ സംവിധായകനോട് പറഞ്ഞു, ‘സാര്‍, വണ്‍ മോര്‍. ഇനി ചെയ്തില്ലെങ്കില്‍ സാര്‍ എന്നെ പറഞ്ഞുവിട്ടോ, എനിക്ക് ഒരു കുഴപ്പവുമില്ല’ എന്ന്,’ അസീസ് പറഞ്ഞു.

തോല്‍വി സമ്മതിച്ച് പിന്മാറുന്നതിന് പകരം ഒരിക്കല്‍ കൂടി അവസരം ചോദിക്കുകയായിരുന്നെന്നും ഒരു അഭിനേതാവിന് മുന്നോട്ട് പോകാനുള്ള ആഗ്രഹവും ഉള്ളിലെ തീയും ആവശ്യമാണെന്നും അദ്ദേഹം പറയുന്നു.

‘നമുക്കും ഒരു തീ വേണമല്ലോ. ഞാന്‍ ഒന്നുകൂടി ചെയ്തു. ഞാന്‍ എന്ത് മാറ്റമാണ് കൊണ്ടുവന്നതെന്ന് എനിക്കറിയില്ല. സീന്‍ ചെയ്ത ശേഷം പുള്ളി വന്ന് എന്നെ കെട്ടിപ്പിടിച്ചു. ‘എനിക്ക് ഇതാണ് വേണ്ടത്’ എന്ന് പറഞ്ഞു,’ അസീസ് കൂട്ടിച്ചേര്‍ത്തു.

അഭിനയരംഗത്തേക്ക് വരുന്ന ഓരോരുത്തര്‍ക്കും ഇത്തരം നിരവധി പരീക്ഷണങ്ങളും നിരാശകളും ഉണ്ടാകാറുണ്ടെന്നും അതിനെയെല്ലാം അതിജീവിച്ചാണ് പലരും മുന്നോട്ടുപോകുന്നതെന്നും അസീസ് പറയുന്നു.

Content Highlight: My character isn’t like this, Azees. We’ll have to rethink it”; I was devastated when the director said this: Azees Nedumangad

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more