| Monday, 5th January 2026, 9:34 pm

നൂറും പൊട്ടും; പണ്ട് ബോംബ് പൊട്ടുമെന്ന് പറഞ്ഞിട്ട് പൊട്ടിയില്ലല്ലോ? വി.ഡി. സതീശനെ പരിഹസിച്ച് എം.വി. ഗോവിന്ദന്‍

രാഗേന്ദു. പി.ആര്‍

തിരുവനന്തപുരം: 100ലധികം സീറ്റുകളോടെ യു.ഡി.എഫ് ഭരണത്തിലേറുമെന്ന അവകാശവാദത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മറുപടിയുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. നൂറും പൊട്ടുമെന്നാണ് എം.വി. ഗോവിന്ദന്റെ പ്രതികരണം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു വിസ്മയവും ഉണ്ടാകാന്‍ പോകുന്നില്ലെന്നും പണ്ട് ബോംബ് പൊട്ടുമെന്ന് പറഞ്ഞിട്ട് പൊട്ടിയില്ലല്ലോ എന്നും എം.വി. ഗോവിന്ദന്‍ ചോദിച്ചു. ഏത് ബോംബ് പൊട്ടിയാലും എല്‍.ഡി.എഫ് അധികാരത്തില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആന്റണി രാജുവിനെ അയോഗ്യനാക്കിയത് എല്‍.ഡി.എഫിന് തിരിച്ചടി അല്ലെന്നും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന കേസ് എങ്ങനെയാണ് തിരിച്ചടിയാകുന്നതെന്നും എം.വി. ഗോവിന്ദന്‍ ചോദ്യമുയർത്തി. കേരളത്തില്‍ പ്രതിപക്ഷം 100ലധികം സീറ്റുകളോടെ അധികാരത്തിലെത്തുമെന്നാണ് വി.ഡി. സതീശന്‍ പറഞ്ഞത്.

സുല്‍ത്താന്‍ ബത്തേരിയില്‍ വെച്ച് നടന്ന കെ.പി.സി.സി നേതൃക്യാമ്പില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യു.ഡി.എഫ് നൂറിലധികം സീറ്റ് നേടുമെന്നും ഇടത്-ബി.ജെ.പി നേതാക്കള്‍ യു.ഡി.എഫിലെത്തുമെന്നും സതീശന്‍ പറഞ്ഞിരുന്നു.

‘മുഖ്യമന്ത്രി സ്ഥാനത്തേക്ക് തര്‍ക്കമുണ്ടാകില്ല. തര്‍ക്കമുണ്ടെന്ന് വരുത്തുന്നത് ഇടത് കേന്ദ്രങ്ങളാണ്. കോണ്‍ഗ്രസ് എന്നും അടിസ്ഥാന വര്‍ഗത്തിനൊപ്പമാണ്. തെരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്നതെല്ലാം വിസ്മയങ്ങളാണ്. കേരളപിറവിക്ക് ശേഷം ഇതുവരെ കാണാത്ത പ്രകടനപത്രികയായിരിക്കും യു.ഡി.എഫ് പുറത്തിറക്കുക. ഇത് ടീം യു.ഡി.എഫാണ്. ഒറ്റക്കെട്ടായി ഒരേമനസോടെ പ്രവര്‍ത്തിക്കും,’ വി.ഡി. സതീശന്‍ പറഞ്ഞിരുന്നു.

ഇതിനുപിന്നാലെയാണ് വി.ഡി. സതീശനെ പരിഹസിച്ച് എം.വി. ഗോവിന്ദന്‍ രംഗത്തെത്തിയത്. നിലവില്‍ ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ തിരിമറിക്കേസും വി.ഡി. സതീശനെതിരായ പുനര്‍ജനി പദ്ധതിയിലെ ആരോപണങ്ങളും സി.ബി.ഐ അന്വേഷണത്തിനുള്ള വിജിലന്‍സ് ശുപാര്‍ശയുമാണ് ഇരുപക്ഷത്തെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നത്.

Content Highlight: MVGovindan mocks V.D.Satheesan

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more