കണ്ണൂര്‍: പയ്യാമ്പലം ഗസ്റ്റ് ഹൗസില്‍ കണ്ണൂര്‍ ജില്ലാസെക്രട്ടറി പി. ജയരാജനെ ചോദ്യം ചെയ്യാനെത്തിയ പോലീസ് ഓഫീസറോട് സി.പി.ഐ.എം നേതാവ് എം.വി ജയരാജന്‍ നടത്തിയ പ്രസ്താവന വിവാദമാകുന്നു. മലദ്വാരത്തില്‍ കമ്പി കയറ്റുന്ന പരിപാടി ഇവിടെയും ഉണ്ടാകുമോയെന്നായിരുന്നു എം.വി ജയരാജന്റെ ചോദ്യം. അന്വേഷണ സംഘത്തില്‍പ്പെട്ട ഡി.വൈ.എസ്.പി സുകുമാരനോടായിരുന്നു ചോദ്യം.
അന്വേഷണസംഘം ആവശ്യപ്പെട്ടതനുസരിച്ച് ചോദ്യം ചെയ്യലിന് ഹാജരായ പി. ജയരാജനൊപ്പം എം.വി ജയരാജനും, ഡ്രൈവര്‍ സുരേന്ദ്രനും ഗസ്റ്റ് ഹൗസിലെത്തിയിരുന്നു. ഗസ്റ്റ് ഹൗസില്‍ ഒമ്പതാം നമ്പര്‍ മുറിയിലായിരുന്നു ചോദ്യം ചെയ്യല്‍. മുറിയിലേക്ക് പി. ജയരാജനൊപ്പം, എം.വി ജയരാജനും സുരേന്ദ്രനും മാധ്യമപ്രവര്‍ത്തകരും പ്രവേശിച്ചിരുന്നു. മുറിയ്ക്കുള്ളിലെത്തിയ എം.വി ജയരാജന്‍ ഡി.വൈ.എസ്.പി സുകുമാരനോട് മൂന്നാം മുറ പ്രയോഗിക്കുമോയെന്ന് ചോദിച്ചായിരുന്നു തുടങ്ങിയത്. പിന്നീട് മലദ്വാരത്തില്‍ കമ്പി കയറ്റുമോ സുകുമാരായെന്ന് ജയരാജന്‍ ആവര്‍ത്തിച്ചു ചോദിച്ചു.
എന്നാല്‍ എസ്.എഫ്.ഐ നേതാവ് സുമേഷിന്റെ മലദ്വാരത്തില്‍ കമ്പി കയറ്റിയ പോലീസുകാരനെ ആ സംഭവത്തിനുശേഷം ആദ്യമായി നേരില്‍ കണ്ടപ്പോള്‍ ഇവിടെയും അതുണ്ടാകുമോ എന്ന് ചോദിക്കുകമാത്രമാണ് താന്‍ ചെയ്തതെന്നാണ് ജയരാജന്‍ പറഞ്ഞത്.
ജയരാജന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം:
പോലീസ് നിയമവിധേയമായി നടത്തുന്ന ഏതൊരു അന്വേഷണത്തോടും പൂര്‍ണമായി സഹകരിക്കും. അതിന്റെ ഭാഗമായാണ് പി.ജയരാജന്‍ അന്വേഷണ സംഘത്തിന് മുന്നിലെത്തിയത്. പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ കാറിലെത്തിയ അദ്ദേഹത്തിനൊപ്പം ഞാനും ഡ്രൈവര്‍ സുരേന്ദ്രനുമുണ്ടായിരുന്നു. ജയരാജനെ അന്വേഷണ സംഘം മുറിയിലേക്ക് കൊണ്ടുപോകുമ്പോള്‍ മാധ്യമപ്രവര്‍ത്തരും ഉള്ളിലേക്ക് കടക്കുന്നത് കണ്ട് ഞാനും ഒപ്പം പോയിരുന്നു. ചോദ്യം ചെയ്യാനുദ്ദേശിക്കുന്ന മുറിയിലേക്ക് ഞങ്ങളാരും പ്രവേശിച്ചിട്ടില്ല. മലദ്വാരത്തില്‍ കമ്പി കയറ്റിയ പോലീസ് ഉദ്യോഗസ്ഥനെ ആ സംഭവത്തിനുശേഷം ആദ്യമായി നേരില്‍ കണ്ടപ്പോള്‍ മലദ്വാരത്തില്‍ കമ്പി കയറ്റുമോ സുകുമാരോ, മൂന്നാംമുറ പ്രയോഗിക്കുമോ സുകുരമാരാ എന്ന് ചോദിക്കുകമാത്രമാണ് ഞാന്‍ ചെയ്തത്.
ജയരാജനെ ചോദ്യം ചെയ്യുന്ന സ്ഥലത്ത് ഞാനുള്‍പ്പെടെ വിരലിലെണ്ണാവുന്ന പാര്‍ട്ടി പ്രവര്‍ത്തകരും പോലീസിന്റെ വന്‍ യുദ്ധസന്നാഹവുമാണുണ്ടായിരുന്നു. ദ്രുതകര്‍മ്മ സേനയുള്‍പ്പെടെ പോലീസിന്റെ വിവിധ സേനകളുണ്ടായിരുന്നു. ജില്ലയിലെ എല്ലാ പോലീസ് സ്‌റ്റേഷനിലും ഒരുങ്ങിയിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജലപീരങ്കിയും മറ്റ് സജ്ജീകരണങ്ങളും സ്ഥലത്തുണ്ട്.
സുമേഷിന്റെ മലദ്വാരത്തില്‍ കമ്പി കയറ്റി പോലീസുകാരനെ കണ്ടപ്പോള്‍ ധാര്‍മ്മികരോഷം പ്രകടിപ്പിക്കുകമാത്രമാണ് ഞാന്‍ ചെയ്തത്. മലദ്വാരത്തില്‍ കമ്പി കയറ്റുകയും പിന്നീട് ആ കമ്പിയെടുത്ത് അവിവാഹിതനായ ആ ചെറുപ്പക്കാരന്റെ വായില്‍ വയ്ക്കുകയും ചെയ്തയാളാണ് അത്. ഇതിനെ പിതൃവാത്സല്യമെന്നാണ് തിരുവഞ്ചൂര്‍ വിശേഷിപ്പിച്ചത്. കണ്ണൂരിലെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ തല്ലിച്ചതക്കുകയാണ് പോലീസ് ചെയ്യുന്നത്.
നാല് തവണ ആഞ്ചിയോപ്ലാസ്റ്റിയ്ക്ക് വിധേയനായ ആളാണ് പി.ജയരാജന്‍. ആര്‍.എസ്.എസിന്റെ ബോംബാക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റയാളാണ് അദ്ദേഹം. അദ്ദേഹത്തിനെതിരെ മൂന്നാംമുറ ഉണ്ടായേക്കുമോയെന്ന ആശങ്ക സ്വാഭാവികമായും എനിക്കുണ്ട്. ആ ആശങ്ക പങ്കുവയ്ക്കുകയാണ് ഞാന്‍ ചെയ്തത്.