| Wednesday, 16th September 2026, 8:48 am

'മാധ്യമസ്ഥാപനത്തിന് നേരെയുള്ള കടന്നു കയറ്റം കേരള ചരിത്രത്തില്‍ അപൂര്‍വം'; റിപ്പോര്‍ട്ടര്‍ റെയ്ഡിനെക്കുറിച്ച് സി.പി.ഐ.എം

റെന്വര്‍ പി

കൊച്ചി: റിപ്പോര്‍ട്ടര്‍ ടി.വിയുടെ ന്യൂസ് ഡെസ്‌കില്‍ പൊലീസ് നടത്തിയ റെയ്ഡിനെ അപലപിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ‘മാധ്യമസ്ഥാപനത്തിന് നേരെയുള്ള കടന്നു കയറ്റം കേരള ചരിത്രത്തില്‍ അപൂര്‍വമാണെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിയോട് ടെലിഫോണില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്ത് അടിസ്ഥാനത്തിലാണ് ഈ രീതിയിലുള്ള റെയ്ഡ് എന്നും മാധ്യമ സ്ഥാപനങ്ങളില്‍ പോലും ഈ രീതിയില്‍ പുകമറ സൃഷ്ടിച്ചുകൊണ്ട് റെയ്ഡ് നടത്തിക്കൊണ്ടിരിക്കുന്നു എന്നുള്ള വിവരം ആശങ്ക ഉണ്ടാക്കുന്ന ഒരു കാര്യമാണെന്നും എം.വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. നരേന്ദ്രമോദി ഗവണ്‍മെന്റും ഇപ്പോള്‍ അതിനൊപ്പം ചേര്‍ന്നുകൊണ്ട് വി.ഡി. സതീശന്‍ ഗവണ്‍മെന്റും എല്ലാതരത്തിലുള്ള പൗരസ്വാതന്ത്ര്യത്തെയും വെല്ലുവിളിക്കുന്ന നിലപാടാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്താണെന്നുള്ള കാര്യം പോലും അറിയിക്കാതെ മാധ്യമങ്ങള്‍ക്ക് നേരെ ഇതുപോലുള്ള ഒരു കടന്നാക്രമം കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വ്വമായ ഒരു സംഭവമാണ്. അതിന്റെ വിശദാംശങ്ങള്‍ എന്താണ് എന്ന് നമുക്ക് ആര്‍ക്കും മനസിലാക്കാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘സുതാര്യമല്ലാത്ത രീതിയിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങളെ, നീച പ്രവര്‍ത്തനങ്ങളെ കേരളീയ സമൂഹം ശക്തിയായിട്ട് ഇതിനു മുമ്പും എതിര്‍ത്തിട്ടുണ്ട്. ഇപ്പോഴും എതിര്‍ക്കും എന്നുള്ള കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല.

കാര്യങ്ങള്‍ വസ്തുതാപരമായും ജനാധിപത്യപരമായ രീതിയിലും കൈകാര്യം ചെയ്യുന്നതിനു പകരം അതെല്ലാം തെറ്റായ നിലപാട് സ്വീകരിച്ചുകൊണ്ട് മാധ്യമങ്ങള്‍ക്ക് നേരെ നടക്കുന്ന ഈ കടന്നാക്രമത്തെ ശക്തിയായിട്ട് പ്രതിഷേധിക്കേണ്ടതുണ്ട് എന്ന് തന്നെയാണ് പ്രാഥമികമായിട്ട് അതിന്റെ വിവരങ്ങള്‍ ഒന്നും പൂര്‍ണമായിട്ട് പുറത്തു വരുന്നതിനു മുമ്പ് തന്നെ എനിക്ക് ചൂണ്ടി കാണിക്കാനുള്ളത്,’ എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.

‘ഇതിനെതിരെ ശക്തിയായി ഇടപെടണം. ഞങ്ങള്‍ സ്വാഭാവികമായിട്ടും ഇത്തരത്തിലുള്ള തെറ്റായ നിലപാടിനെതിരെ ശക്തിയായിട്ട് പ്രതിഷേധിക്കുകയാണ്.

പത്ര സ്വാതന്ത്ര്യത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും അതിശക്തമായിട്ട് കടന്നാക്രമിക്കുന്ന ഒന്നാണ് ഇത്. ഇതിന്റെ അടിസ്ഥാനം എന്താണ് എന്ന് മനസിലാക്കി ഫലപ്രദമായിട്ട് ഇടപെടാന്‍ ഗവണ്‍മെന്റിന് ബാധ്യതയുണ്ട്. അതുപോലെതന്നെ ആദ്യന്തര വകുപ്പ് അടിയന്തരമായിട്ട് ഇടപെടേണ്ടതുണ്ട്.

ഒരുതരത്തിലും സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനം അനുവദിക്കില്ല എന്ന നിലപാടിന്റെ ഭാഗമാണ് ഈ റെയ്ഡ്. ഇത് ശക്തിയായിട്ട് പ്രതിഷേധിക്കേണ്ട ഒന്നാണ് എന്നാണ് എന്റെ അഭിപ്രായം,’ എം.വി. ഗോവിന്ദന്‍ പറഞ്ഞു.

ആഭ്യന്തര മന്ത്രി അറിയാതെ ഇതുപോലെ ന്യൂസ് ഡെസ്‌ക് പോലുള്ള മാധ്യമ പ്രവര്‍ത്തനത്തിന് നേരെയുള്ള ഒരു കടന്നാക്രണം നടത്തുമെന്ന് എനിക്ക് തോന്നുന്നില്ല. അല്ലെങ്കില്‍ ആഭ്യന്തര മന്ത്രിക്ക് പകരം മുഖ്യമന്ത്രി തന്നെയും ചിലപ്പോള്‍ ഇതിന്റെ നിലപാട് സ്വീകരിച്ചോ എന്നുള്ളത് മനസിലായാലേ പറ്റുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വളരെ ശക്തിയായ രീതിയില്‍ ഇതിനെ പ്രതിഷേധിക്കുകയാണ് സ്വാഭാവികമായിട്ടും ഇതിനെതിരായിട്ടുള്ള ശരിയായ നിലപാട്. നിയമപരമായ നിലപാട് ഉള്‍പ്പെടെ ചാനല്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കളമശ്ശേരിയില്‍ റിപ്പോര്‍ട്ടര്‍ ടി.വി. ന്യൂസ് ഡെസ്‌കിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചാനലിന്റെ ഓഫീസിലെത്തി പരിശോധന നടത്തുന്നത്.

പുലര്‍ച്ച അഞ്ചുമണിക്ക് ആരംഭിച്ച റെയ്ഡില്‍ മാധ്യമ പ്രവര്‍ത്തകരുടെ ഫോണ്‍ അടക്കം പൊലീസ് പിടിച്ച് വാങ്ങിയതായി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് തങ്ങളുടെ ജോലി തടസപ്പെടുന്ന തരത്തിലാണ് ഇടപെടുന്നതെന്നും റിപ്പോര്‍ട്ടറിലെ മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരിച്ചു.

70ഓളം മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. ചാനലിന്റെ സംപ്രേക്ഷണത്തെയും പൊലീസ് റെയ്ഡ് ബാധിച്ചു.

തങ്ങളുടെ ഓഫീസില്‍ പൊലീസ് നടത്തുന്നത് ഗുണ്ടായിസമാണെന്നും റിപ്പോര്‍ട്ടര്‍ ടി.വി അഭിപ്രായപ്പെട്ടു. ഒരു നോട്ടീസും നല്‍കാതെയും കേസ് ഏതാണെന്ന് അറിയിക്കാതെയുമാണ് പൊലീസ് ചാനല്‍ ഓഫീസില്‍ പരിശോധന നടത്തിയതെന്നും റിപ്പോര്‍ട്ടറിലെ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കേരളത്തിലില്ലാത്ത സമയത്താണ് റെയ്ഡെന്നും ചാനലിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

തങ്ങള്‍ക്ക് ആര്‍ക്കും പുറംലോകവുമായി ബന്ധപ്പെടാന്‍ പോലും കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ടറിലെ ചാനല്‍ അവതാരകര്‍ പറഞ്ഞു. ചെറിയ കുട്ടികളുള്ള അമ്മമാര്‍ ഉള്‍പ്പെടെ ഇവിടെയുണ്ട്. അവര്‍ക്കാര്‍ക്കും ഫോണില്‍ പോലും വിളിക്കാന്‍ കഴിയുന്നില്ല. ഇവിടെ ഒരുകൂട്ടം ജേര്‍ണലിസ്റ്റുകള്‍ മാത്രമാണ് ഉള്ളത് ഈ ന്യൂസ് ഡെസ്‌കില്‍ ഉള്ളതെന്നും അവര്‍ പറഞ്ഞു.

ന്യൂസ് ബ്യൂറോകളെ പോലും ബന്ധപ്പെടാന്‍ പറ്റുന്നില്ല. വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യാന്‍ പറ്റുന്നില്ല. ചാനലിലെ മാധ്യമ പ്രവര്‍ത്തകര്‍ ഏതെങ്കിലും തരത്തില്‍ കേസില്‍ പെട്ടവരോ എന്തെങ്കിലും കുറ്റകൃത്യം ചെയ്തവരോ പോലുമല്ല. രാവിലെ ഡ്യൂട്ടിക്ക് വന്നവരാണ്. അവരോടാണ് ഈ രീതിയില്‍ പെരുമാറുന്നതെന്നും അവതാരകര്‍ പറഞ്ഞു.

Content Highlight: MV Goviundan of CPIM on Police Raid At Reporter TV News Desk

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more