| Monday, 3rd March 2025, 8:33 pm

മദ്യപിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് എം.വി. ഗോവിന്ദന്‍; ആറ് മാസം തരാമെന്ന് വി.ടി. ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മദ്യപിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. തങ്ങള്‍ ഇതുവരെ ഒരു തുള്ളി മദ്യം കഴിച്ചിട്ടില്ലെന്നും പാര്‍ട്ടിയുടെ ഭരണഘടനാപരമായ തീരുമാനമാണ് അതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

കൊല്ലത്ത് നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്യപിക്കുന്നവരെ കാണിച്ച് തരൂ, അവരെ പുറത്താക്കിയിരിക്കും എന്ന് എം.വി. ഗോവിന്ദന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സിഗരറ്റ് വലിക്കില്ല, മദ്യപിക്കില്ല എന്നിങ്ങനെയുള്ള ദാര്‍ശനികതയിലൂടെയാണ് തങ്ങള്‍ ഇവിടെ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ.എം ലഹരിക്കെതിരാണെന്നും സംസ്ഥാനത്ത് പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരെ പ്രതിപക്ഷത്തിന്റെ ശക്തി കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

എന്നാല്‍ എം.വി. ഗോവിന്ദന്റെ പരാമര്‍ശത്തിന് പിന്നാലെ, മദ്യപിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ആറ് മാസം തരാമെന്ന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ വി.ടി. ബല്‍റാം രംഗത്തെത്തി.

എല്ലാവരേയും ഒന്നും വേണ്ട, ഈ കാരണത്താല്‍ ഒരാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കാണിക്കാന്‍ മിസ്റ്റര്‍ എം.വി. ഗോവിന്ദന് സാധിക്കുമോ എന്ന് വി.ടി. ബല്‍റാം ചോദിച്ചു.

ആറ് മാസം സമയം തരാമെന്നും രാഷ്ട്രീയ നേതാക്കളുടെ ഇത്തരം പരിഹാസ്യമായ അവകാശവാദങ്ങളും നാട്യങ്ങളുമാണ് പുതുതലമുറ നിങ്ങളെയാകെ പുച്ഛിക്കുന്ന അവസ്ഥ ഇവിടെ ഉണ്ടാക്കുന്നതെന്നും വി.ടി. ബല്‍റാം പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ കുട്ടികളിലെ അക്രമവാസന വളര്‍ത്തുന്ന നിലയില്‍ മയക്കുമരുന്നിന്റെ ഉപയോഗം വ്യാപിക്കുന്നുവെന്നും എം.വി. ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ലഹരിയുടെ വ്യാപനത്തില്‍ കക്ഷിരാഷ്ട്രീയം നോക്കാതെ ഒന്നിക്കണം. സര്‍ക്കാര്‍ സംവിധാനത്തിലുള്ള സ്‌കൂളുകളില്‍ ഉള്‍പ്പടെ ഇടപെടല്‍ നടത്തുമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

Content Highlight: MV Govindan said that those who drink will be expelled from the party; VT Balram said that he will give six months

We use cookies to give you the best possible experience. Learn more