| Sunday, 14th June 2026, 11:56 pm

പാര്‍ട്ടിയെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍ യഥാര്‍ത്ഥ്യത്തിന്റെ കണിക പോലുമില്ലാത്തവ; ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് എം.വി. ഗോവിന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: പാര്‍ട്ടി നേതൃസ്ഥാനമാറ്റത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വരുന്നത് യഥാര്‍ത്ഥ്യത്തിന്റെ കണിക പോലുമില്ലാത്ത വ്യാജവാര്‍ത്തളെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സിപിഎം നേതൃത്വത്തില്‍ ഒരു മാറ്റവും വരാന്‍ പോകുന്നില്ലെന്നും പിണറായി വിജയനെയും തന്നെയും മാറ്റിക്കളയാം എന്നതെല്ലാം വ്യാമോഹം മാത്രമാണെന്നും എം.വി ഗോവിന്ദന്‍ സി.പി.ഐ.എം മേഖലാ റിപ്പോര്‍ട്ടിങ്ങില്‍ സംസാരിക്കവെ പറഞ്ഞതായി ചില മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ എം.വി ഗോവിന്ദന്‍ പ്രതികരിച്ചിരിക്കുന്നത്.

യഥാര്‍ത്ഥ്യത്തിന്റെ കണിക പോലുമില്ലാത്ത വ്യാജവാര്‍ത്തകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് എം.വി ഗോവിന്ദന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ നടന്നതെന്ന പേരില്‍, വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് കുറെ ദിവസമായി മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരം വ്യാജവാര്‍ത്തകള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

സി.പി.ഐ.എമ്മില്‍ ആര് നേതാവാകണം എങ്ങനെ പ്രവര്‍ത്തിക്കണം എന്നൊക്കെ നിശ്ചയിക്കുന്നത് പാര്‍ടിയാണ്, മാധ്യമങ്ങളല്ല. തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് പാര്‍ടി പ്രവര്‍ത്തകര്‍ ബ്രാഞ്ച് യോഗങ്ങള്‍ വരെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ പരിശോധിച്ച്, ആവശ്യമായ തിരുത്തലുകള്‍ പാര്‍ടി വരുത്തുകയാണെന്നും എം.വി ഗോവിന്ദന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

‘തെറ്റ് പറ്റിയാല്‍ ഏത് നേതാവിനെയും വിമര്‍ശിക്കാനും തിരുത്താനും പാര്‍ടിക്ക് കഴിയും. ഞാനുള്‍പ്പെടെ എല്ലാ നേതാക്കള്‍ക്കും ഇത് ബാധകമാണ്,’ എം.വി. ഗോവിന്ദന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സി.പി.ഐ.എമ്മിനെതിരെയുള്ള കള്ളപ്രചരണങ്ങള്‍ തള്ളിക്കളയണമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

പുതിയ കാലത്തെ വെല്ലുവിളികള്‍ നേരിടാന്‍ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും തേടുന്നുണ്ട്. പതിനായിരക്കണക്കിന് നിര്‍ദ്ദേശങ്ങളാണ് പൊതുജനങ്ങളില്‍ നിന്ന് ഇതിനകം ലഭിച്ചത്. സി.പി.ഐ.എമ്മില്‍ പൊതുജനങ്ങള്‍ക്കുള്ള വിശ്വാസവും സ്‌നേഹവുമാണ് ഇതിലൂടെ വ്യക്തമാവുന്നത്. ഈ തിരുത്തല്‍ പ്രക്രിയയ്ക്ക് തുരങ്കം വെക്കാനാണ് മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകളിലൂടെ നിരന്തരം ശ്രമിക്കുന്നതെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

യഥാര്‍ത്ഥ്യത്തിന്റെ കണിക പോലുമില്ലാത്ത വ്യാജവാര്‍ത്തകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്. പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ നടന്നതെന്ന പേരില്‍, വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് കുറെ ദിവസമായി മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരം വ്യാജവാര്‍ത്തകള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കും.

സി.പി.ഐ.എമ്മില്‍ ആര് നേതാവാകണം എങ്ങനെ പ്രവര്‍ത്തിക്കണം എന്നൊക്കെ നിശ്ചയിക്കുന്നത് പാര്‍ടിയാണ്, മാധ്യമങ്ങളല്ല. തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് പാര്‍ടി പ്രവര്‍ത്തകര്‍ ബ്രാഞ്ച് യോഗങ്ങള്‍ വരെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ പരിശോധിച്ച്, ആവശ്യമായ തിരുത്തലുകള്‍ പാര്‍ടി വരുത്തുകയാണ്.

തെറ്റ് പറ്റിയാല്‍ ഏത് നേതാവിനെയും വിമര്‍ശിക്കാനും തിരുത്താനും പാര്‍ടിക്ക് കഴിയും. ഞാനുള്‍പ്പെടെ എല്ലാ നേതാക്കള്‍ക്കും ഇത് ബാധകമാണ്.

ഇതിനൊപ്പം പുതിയ കാലത്തെ വെല്ലുവിളികള്‍ നേരിടാന്‍ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും തേടുന്നുണ്ട്. പതിനായിരക്കണക്കിന് നിര്‍ദ്ദേശങ്ങളാണ് പൊതുജനങ്ങളില്‍ നിന്ന് ഇതിനകം ലഭിച്ചത്.

സി.പി.ഐ.എമ്മില്‍ പൊതുജനങ്ങള്‍ക്കുള്ള വിശ്വാസവും സ്‌നേഹവുമാണ് ഇതിലൂടെ വ്യക്തമാവുന്നത്. ഈ തിരുത്തല്‍ പ്രക്രിയയ്ക്ക് തുരങ്കം വെക്കാനാണ് മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകളിലൂടെ നിരന്തരം ശ്രമിക്കുന്നത്.

സി.പി.ഐ.എമ്മിനെതിരെയുള്ള ഈ കള്ളപ്രചരണങ്ങള്‍ തള്ളിക്കളയണം എന്ന് അഭ്യര്‍ഥിക്കുന്നു.

Content Highlight: MV Govindan criticized Media on speculations about CPIM

Latest Stories

We use cookies to give you the best possible experience. Learn more