| Tuesday, 12th August 2025, 8:53 am

ഇത്ര ശക്തമായി അവസരവാദം പറയുന്ന മറ്റൊരാളില്ല; ജോസഫ് പാംപ്ലാനിക്ക് എതിരെ എം.വി ഗോവിന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്ക് എതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാളില്ലെന്നാണ് പാംപ്ലാനിയെ കുറിച്ച് അദ്ദേഹം പറഞ്ഞത്.

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവവുമായി ബന്ധപ്പെട്ട് പാംപ്ലാനി സ്വീകരിച്ച നിലപാടുകളെയാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി വിമര്‍ശിച്ചത്. എന്‍.ജി.ഒ യൂണിയന്‍ തളിപ്പറമ്പ് ഏരിയാ സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.വി ഗോവിന്ദന്‍.

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോള്‍ പാംപ്ലാനി ബി.ജെ.പിക്ക് എതിരെ സംസാരിച്ചു. പിന്നീട് കന്യാസ്ത്രീകള്‍ക്ക് ജാമ്യം കിട്ടിയപ്പോള്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള ആളുകള്‍ക്ക് സ്തുതി പാടിയ പാംപ്ലാനി ഒഡീഷയിലെ സംഭവം വന്നതോടെ വീണ്ടും നിലപാട് മാറ്റിയെന്നും എം.വി ഗോവിന്ദന്‍ പരിഹസിച്ചു.

ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് എതിരെയുള്ള കടന്നാക്രമണങ്ങള്‍ രാജ്യത്തിന്റെ പല ഭാഗത്തായി നടക്കുന്നുണ്ട്. ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകളെയും മുസ്‌ലിങ്ങളെയും ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിച്ചവരാണ് സംഘപരിവാറെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

അവരുടെ ഇത്തരം ആക്രമണങ്ങള്‍ യാഥൃശ്ചികമായി സംഭവിക്കുന്നതല്ല. കൃത്യമായ ആസൂത്രണത്തോടെയുള്ള കടന്നാക്രമണമാണെന്നും അത് തിരിച്ചറിയാന്‍ സാധിക്കണമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

മാര്‍ ജോസഫ് പാംപ്ലാനിയുടെ നിലപാടിന് എതിരെ നേരത്തെയും പലരും വിമര്‍ശിച്ചിരുന്നു. ബി.ജെ.പിയെ പിന്തുണച്ച ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ നിലപാട് സഭയുടെ നിലപാടല്ലെന്ന് ക്രൈസ്തവ മേലധ്യക്ഷന്‍മാര്‍ അറിയിച്ചിരുന്നു.

കന്യാസ്ത്രീകളുടെ മോചനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പിനെ മറികടന്ന് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുണ്ടായെന്ന് പറഞ്ഞായിരുന്നു മാര്‍ ജോസഫ് പാംപ്ലാനി ബി.ജെ.പിയെ പിന്തുണച്ചത്.

Content Highlight: MV Govindan against Archbishop of Thalassery Archdiocese Mar Joseph Pamplani

We use cookies to give you the best possible experience. Learn more