| Friday, 12th September 2025, 12:33 pm

ത്രിവർണ പതാകയെ അപമാനിച്ചു, പാക്കിസ്ഥാനെ അനുകൂലിച്ചു; മുസാഫർ സ്വദേശിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അലഹബാദ് : ദേശ വിരുദ്ധ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച മുസാഫർ നഗർ സ്വദേശിയുടെ ജാമ്യാപേക്ഷ തള്ളി അലഹബാദ് ഹൈക്കോടതി.

ദേശീയ പതാകയെ അപകീർത്തിപ്പെടുത്തുന്നവർ സമൂഹത്തിന് വെല്ലുവിളിയാണെന്ന് കോടതി നിരീക്ഷിച്ചു.

ത്രിവർണ പതാകയെ അപമാനിക്കുകയും പാക്കിസ്ഥാനെ അനുകൂലിക്കുകയും ചെയ്ത ഫേസ്ബുക് പോസ്റ്റ് പ്രകോപനവും ആക്ഷേപകരവുമായ ദേശ വിരുദ്ധ പോസ്റ്റുകളാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

2025 മെയ് 16 നാണ് വാസിക് ത്യാഗിക്കെതിരെ പൊലീസ് കേസെടുത്തത്. ജൂൺ 7 ന് ത്യാഗിയെ അറസ്റ്റ് ചെയ്തു. ഫേസ്ബുക് പോസ്റ്റുകളുടെ ഐ.പി വിലാസങ്ങൾ വാസിക്കിന്റെ മൊബൈൽ നമ്പറുകളിൽ ഉപയോഗിച്ചിരുന്നതായാണ് മെറ്റയുടെ റിപ്പോർട്ട്.

‘പ്രകോപനപരവും ആക്ഷേപകരവും സാമുദായിക സംഘർഷം സൃഷ്ടിക്കുന്നതും പൊതുസമാധാനവും ക്രമസമാധാനവും തകർക്കാൻ കഴിവുള്ളതുമാണെന്ന് ഈ പ്രവൃത്തി’ ജസ്റ്റിസ് സഞ്ജയ് കുമാർ സിങ്ങിന്റെ സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. ഇത്തരം പ്രവൃത്തികൾ സമൂഹത്തിന് അപകടകരമാണ് എന്നും കോടതി പറഞ്ഞു.

ഭാരതീയ ന്യായ സംഹിത (BNS) 152, 192, 197(1), 353(2) പ്രകാരമുള്ള കുറ്റകൃത്യങ്ങളാണ് വാസിക് ത്യാഗിക്കെതിരെ എഫ്‌.ഐ.ആറിൽ ഫയൽ ചെയ്തത്.

പാകിസ്ഥാനെ പിന്തുണച്ച് “കമ്രാൻ ഭട്ടി പ്രൗഡ് ഓഫ് യു. പാകിസ്ഥാൻ സിന്ദാബാദ്” എന്ന പോസ്റ്റും ഇന്ത്യൻ ദേശീയ പതാക നിലത്ത് വയ്ക്കുകയും അതിൽ ഒരു നായയെ ഇരുത്തുകയും ചെയ്തതായി ആരോപിക്കുന്ന മറ്റൊരു പോസ്റ്റുമാണ് എഫ്‌.ഐ.ആറിൽ പരാമർശിച്ചിട്ടുള്ളത്.

ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയിൽ നിന്ന് ലഭിച്ച വിശദാംശങ്ങൾ, പോസ്റ്റുകൾ അപ്‌ലോഡ് ചെയ്യാൻ ഉപയോഗിച്ച ഐ.പി വിലാസങ്ങൾ എന്നിവ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

ഇന്ത്യൻ ദേശീയ പതാക അഭിമാനത്തിന്റെയും ദേശ സ്നേഹത്തിന്റെയും പ്രതീകമാണ്. അതിനെ തകർക്കുന്ന വിധത്തിലുള്ള സമീപനങ്ങൾ പരിഗണിക്കാൻ കഴിയുന്നതല്ലെന്ന് കോടതി പറഞ്ഞു.

നമ്മുടെ രാജ്യത്തിൻറെ പ്രതിച്ഛായയെയും ദേശീയ പതാകയേയും ഏതെങ്കിലും തരത്തിൽ അപകീർത്തിപ്പെടുത്തുന്ന ഏതൊരു വ്യക്തിയും സമൂഹത്തിന് അപകടകരമാണെന്നും കോടതി നിരീക്ഷിച്ചു.

കുറ്റാരോപിതനായ വാസിക് ത്യാഗിയുടെ ഇന്ത്യയോടുള്ള വികാരങ്ങൾ ദേശസ്നേഹമുള്ളതല്ലെന്നും പ്രഥമദൃഷ്ട്യാ രാജ്യത്തിന്റെ അന്തസിനെ ഹനിക്കാൻ വേണ്ടി അപമാനകരമായ ഫോട്ടോകൾ മനപൂർവം പോസ്റ്റ് ചെയ്തതാണെന്നും കോടതി നിരീക്ഷിച്ചു.

Content Highlight: Muzaffarpur native’s bail plea rejected by High Court for insulting tricolor flag and supporting Pakistan

We use cookies to give you the best possible experience. Learn more