മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ 2013ല്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായിരുന്ന 22 പേരെ കോടതി വെറുതെവിട്ടു.
മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതിനെ തുടര്‍ന്നാണ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജി കനിഷ്‌ക് കുമാര്‍ പ്രതികളെ കുറ്റവിമുക്തരാക്കിയത്.
2013 സെപ്റ്റംബര്‍ 8-ന് മുഹമ്മദ്പൂര്‍ റൈസിംഗ് ഗ്രാമത്തില്‍ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഹനീഫ് എന്ന വ്യക്തി നല്‍കിയ പരാതി പ്രകാരം ആയുധധാരികളായ ഒരു സംഘം ഗ്രാമത്തിലെ വീടുകള്‍ക്ക് തീയിടുകയും സ്വത്തുക്കള്‍ കൊള്ളയടിക്കുകയുമായിരുന്നു.
കലാപത്തില്‍ 60-ലധികം പേര്‍ കൊല്ലപ്പെടുകയും 40,000-ത്തിലധികം പേര്‍ ഭവനരഹിതരാകുകയും ചെയ്തിരുന്നു.
അക്രമത്തിനിടെ പരാതിക്കാരന്റെ പിതാവായ റഹീസുദ്ദീന്‍ കൊല്ലപ്പെടുകയും ഗ്രാമത്തിലെ ഒരു പള്ളിക്ക് നേരെ ആക്രമണം അഴിച്ച് വിടുകയും ചെയ്തു.
ഈ കേസില്‍ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ആകെ 26 പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ വിചാരണ കാലയളവിനിടയില്‍ 4 പ്രതികള്‍ മരണപ്പെട്ടു. തുടര്‍ന്ന് കേസില്‍ 22 പേരുടെ വിചാരണനടപടികളാണ് പൂര്‍ത്തിയായത്.
ശാസ്ത്രീയ തെളിവുകളുടെ അഭാവവും സാക്ഷികളുടെ മൊഴിയിലെ വൈരുദ്ധ്യവും ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത്.
മുഹമ്മദ്പൂര്‍ ഗ്രാമവാസികളായ അനില്‍, സുഭാഷ്, സഞ്ജീവ്, കരണ്‍, ഷേര്‍സിംഗ്, ഋഷിപാല്‍, ഹന്‍സര്‍പാല്‍, പ്രമോദ്, വിക്കി, ബാദല്‍, മദന്‍, ജൈനരൈന്‍, ബ്രിജ്വീര്‍, വിനോദ്, കല, പര്‍വീണ്‍, ജഗ്പാല്‍, പ്രേംപാല്‍, പപ്പു, നിതു, ഭുര, ഹരേന്ദര്‍ സിംഗ് എന്നിവരെയാണ് കുറ്റവിമുതരാക്കിയത്.
Content Highlight: Muzaffarnagar riots linked case: U.P. court acquits 22