സുല്‍ത്താന്‍ ബത്തേരി: വയനാട് മുട്ടില്‍ മരം മുറി കേസില്‍ പിടിച്ചെടുത്ത മരങ്ങള്‍ ലേലം ചെയ്യാന്‍ സുല്‍ത്താന്‍ ബത്തേരി മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കി. ഏകദേശം നാല് കോടി രൂപ മൂല്യം വരുന്ന മരങ്ങളാണ് ലേലം ചെയ്യുന്നത്.
പിടിച്ചെടുത്ത ഈ മരങ്ങള്‍ നിലവില്‍ വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
മരക്കൊമ്പുകള്‍ ഉള്‍പ്പെടെയുള്ളവയുടെ പൂര്‍ണമായ കണക്ക് സമര്‍പ്പിക്കാന്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങളോട് കോടതി ആവശ്യപ്പെട്ടു
മരങ്ങളുടെ പൂര്‍ണമായ കണക്ക് ഹാജരാക്കാന്‍ പൊലീസിനും സുല്‍ത്താന്‍ ബത്തേരി സി.ജെ.എം കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ 112 മരങ്ങളില്‍ നിന്നായി 800 തടികളുടെ കണക്കാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.
ഇതിന്റെ കൊമ്പുകളടക്കമുള്ള മറ്റ് ഭാഗങ്ങള്‍ മേപ്പാടി റേഞ്ച് ഓഫീസിലാണ് സൂക്ഷിച്ചിരിക്കുന്നത്. തടികള്‍ ലേലം ചെയ്യുന്ന നടപടികള്‍ വേഗത്തിലാക്കാനാണ് പൂര്‍ണ്ണമായ കണക്ക് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചത്.
റോജി അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍ എന്നിവര്‍ പ്രതികളായ 41 കേസുകളിലും അന്വേഷണസംഘം ഇതിനോടകം കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരി ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് പൊലീസ് കുറ്റപത്രം നല്‍കിയത്.
Content Highlight: Muttil tree felling case; Court allows auction of seized trees