| Sunday, 25th May 2025, 11:15 am

17കാരിയെ ബലാത്സംഗം ചെയ്ത കേസ്; ബെംഗളൂരുവിൽ മഠാധിപതി അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മഠാധിപതി സ്വാമി ദര്‍ശകന്‍ അറസ്റ്റില്‍. 17 കാരിയെ ബലാത്സംഗം ചെയ്ത കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. ബെളഗാവി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മഠത്തിന്റെ മേധാവിയാണ് ദര്‍ശകന്‍.

പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് മഠാധിപതിക്കെതിരെ പൊലീസ് കേസെടുത്തത്. ബാഗല്‍കോട്ട് വനിതാ പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടി വിവരങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കളാണ് പൊലീസില്‍ പരാതിപ്പെട്ടത്. നിലവില്‍ ഈ കേസ് മുദലഗി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

കുട്ടിയെ പ്രതി പലതവണയായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. വിവരം പുറത്തുപറഞ്ഞാല്‍ മഠാധിപതി കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു.

കുട്ടിയുടെ മാതാപിതാക്കള്‍ മഠത്തിലെ ഭക്തരായിരുന്നുവെന്നും ഇവര്‍ ആഴ്ചകളോളം മകളെ മഠത്തില്‍ വിടാറുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇയാള്‍ക്കെതിരെ ഇതിനുമുമ്പും ഒന്നിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

മെയ് 13ന് പ്രതി പെണ്‍കുട്ടിയെ റായ്ച്ചൂരിലേക്ക് കൊണ്ടുപോയി രണ്ടു ദിവസം അവിടെ താമസിച്ചുവെന്നും 15ന് ബാഗല്‍കോട്ടിലെത്തിയ പ്രതി അവിടെയും രണ്ട് ദിവസം പെണ്‍കുട്ടിയെ താമസിപ്പിച്ച് പീഡിപ്പിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

പിന്നീട് വീട്ടില്‍ വിടാമെന്ന് പറഞ്ഞ് മെയ് 17ന് കുട്ടിയെ ഇയാള്‍ മഹാലിംഗപുര ബസ് സ്റ്റോപ്പില്‍ ഇറക്കിവിടുകയായിരുന്നു.

അതേസമയം 2021ല്‍ നാട്ടുകാര്‍ ചേര്‍ന്ന് ദര്‍ശകനെ മര്‍ദിക്കുകയും നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

പിന്നാലെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് ഇയാളെ കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് കോടതി ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തിരുന്നു.

Content Highlight: Mutt chief arrested in rape case of 17-year-old girl in bengaluru

We use cookies to give you the best possible experience. Learn more