| Wednesday, 17th September 2025, 6:44 pm

മുത്തങ്ങ സംഭവത്തില്‍ ദു:ഖം; ആദിവാസികളെ ചുട്ടുകരിച്ചവനെന്ന പഴി കേള്‍ക്കേണ്ടി വന്നു; അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടട്ടെ: ആന്റണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തന്റെ ഭരണകാലത്ത് മുത്തങ്ങയിൽ നടന്ന പൊലീസ് വെടിവെയ്പ്പ് നിർഭാഗ്യകരമെന്ന് എ.കെ ആന്റണി. ഇന്നലെ നടന്ന മുഖ്യമന്ത്രിയുടെ നിയമസഭ പ്രസംഗത്തിന് മറുപടി നൽകി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

തന്റെ ഭരണകാലത്തെ കുറിച്ച് ഏകപക്ഷീയമായ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്നും മറുപടി പറയാൻ സമയമായെന്ന് തോന്നിയതുകൊണ്ടാണ് ഇപ്പോൾ പ്രതികരിക്കുന്നതെന്നും എ.കെ ആന്റണി പറഞ്ഞു.

മുത്തങ്ങ സമരത്തിൽ തന്റെ പൊലീസ് മണ്ണെണ്ണയും പഞ്ചസാരയും ചേര്‍ത്തു പത്തിലേറെ ആദിവാസികളെ ചുട്ടുകരിച്ചെന്ന് അന്നത്തെ പ്രതിപക്ഷ നേതാവ് പച്ചക്കള്ളം പറഞ്ഞെന്നും എ.കെ ആന്റണി പറഞ്ഞു.

കേരളത്തിലെ ആദിവാസികള്‍ക്ക് ഏറ്റവും കൂടുതല്‍ ഭൂമി കൊടുത്തത് താനാണെന്ന് എ.കെ. ആന്റണി പറഞ്ഞു. കണ്ണൂരിലെ ആലങ്കോട് എസ്‌റ്റേറ്റ് ഉള്‍പ്പെടെ, വയനാട്ടിലെ ചൂണ്ടേല്‍, പേരാമ്പ്ര എസ്റ്റേറ്റ്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി എന്നിവിടങ്ങളിൽ ഭൂമി നൽകിയിട്ടുണ്ടെന്നും കൂടാതെ ട്രാന്‍വന്‍കൂര്‍ കോര്‍പ്പറേഷന് കീഴിലുള്ള ആറളം ഫാമിൽ ആദിവാസികൾക്ക് താമസിക്കാൻ അനുമതി കൊടുത്തതെന്നും എ.കെ ആന്റണി കൂട്ടിച്ചേർത്തു.

പാലക്കാട്ടെ അട്ടപ്പാടിയിലെ ഒരു പ്രദേശം പൂര്‍ണമായും മരുഭൂമിയായി മാറിയപ്പോൾ ആ മരുഭൂമിയില്‍ ജപ്പാന്റെ സഹായത്തോടുകൂടി അഹാഡ്‌സ് എന്നൊരു പദ്ധതി രൂപീകരിച്ച് താൻ തറക്കല്ലിട്ടെന്നും
മൂന്നാമത് മുഖ്യമന്ത്രിയായപ്പോള്‍ പ്രസിഡന്റ് അബ്ദുള്‍ കലാമിനെകൊണ്ട് ഉദ്ഘാടനം ചെയ്യിച്ചെന്നും എ.കെ ആന്റണി പറഞ്ഞു.

അത്തരത്തില്‍ ഒരുപാട് നല്ല കാര്യങ്ങള്‍ ആദിവാസികൾക്ക് വേണ്ടി ചെയ്ത ആളാണ് താനെന്നും ഒടുവില്‍ ആദിവാസികളെ ചുട്ടുകരിച്ചെന്ന പഴി തനിക്ക് കേള്‍ക്കേണ്ടി വന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുത്തങ്ങയിൽ സംഭവിച്ചത് എന്താണെന്ന് ജനങ്ങൾ അറിയട്ടെയെന്ന് എ.കെ ആന്റണി പറഞ്ഞു.

‘മുത്തങ്ങ ദേശീയ വൈല്‍ഡ് ലൈഫ് സാങ്ച്വറിയാണ്. വന്യമൃഗങ്ങളുടെ സാങ്ച്വറിയാണ്. അവിടെ ചിലരുടെ പ്രേരണയില്‍ ആദിവാസികൾ കുടില്‍കെട്ടി. അന്നത്തെ വയനാട് എഡിഷന്‍ പത്രം നോക്കണം. മുത്തങ്ങയില്‍ ആദിവാസികള്‍ കയറി കുടില്‍ കെട്ടിയപ്പോള്‍ വയനാട്ടിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എല്ലാ കര്‍ഷക സംഘടനകളും എല്ലാ മാധ്യമങ്ങളും അതിനെ എതിര്‍ത്തു.’ എ.കെ ആന്റണി പറഞ്ഞു.

‘എന്നാൽ പൊലീസ് ആക്ഷന്‍ കഴിഞ്ഞപ്പോള്‍ മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും നിലപാട് മാറ്റി. അവിടെ സംഘര്‍ഷമുണ്ടാകുകയും പൊലീസുമായി ഏറ്റുമുട്ടൽ ഉണ്ടാവുകയും ചെയ്തു. ഒരു ആദിവാസിയും ഒരു പൊലീസുകാരനും മരിച്ചു.’ ആന്റണി പറഞ്ഞു.

അന്നത്തെ സംഭവം സി.ബി.ഐ അന്വേഷണത്തിനായി വിട്ടു. മുത്തങ്ങയിലെ പൊലീസ് ആക്ഷനെ കുറിച്ച് സി.ബി.ഐയുടെ റിപ്പോര്‍ട്ട് എന്താണെന്നും ആര്‍ക്കെതിരെയാണ് നടപടിക്ക് ശുപാർശ ചെയ്തതെന്നും എ.കെ ആന്റണി ചോദിച്ചു.

‘ആ റിപ്പോര്‍ട്ട് ഇപ്പോഴത്തെ സര്‍ക്കാരിന്റെ കയ്യിലുണ്ട്. അവര്‍ അത് പ്രസിദ്ധീകരിക്കട്ടെ. 2004ല്‍ കേരള മുഖ്യമന്ത്രി സ്ഥാനം ഞാൻ രാജിവെച്ചു. അതിന് ശേഷം എത്ര സര്‍ക്കാര്‍ മാറി വന്നു. എന്തുകൊണ്ടത് പ്രസിദ്ധീകരിക്കുന്നില്ല.’ എ.കെ ആന്റണി ചോദിച്ചു.

ഈ 21 വര്‍ഷത്തിനിടയില്‍ താൻ ആദിവാസികളെ ഇറക്കിവിട്ടത് തെറ്റാണെന്ന് വിശ്വസിക്കുന്ന ഏതെങ്കിലും ഗവര്‍മെന്റ് വീണ്ടും ആദിവാസികളെ അവിടെ താമസിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടോയെന്നും വനഭൂമി കൊടുക്കാനും കുടില്‍ കെട്ടിക്കാനും ശ്രമിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു

‘സാധ്യമല്ല. കാരണം അത് നാഷണല്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറിയാണ്. അച്യുതാനന്ദനും ശ്രമിച്ചിട്ടില്ല നായനാരും ശ്രമിച്ചിട്ടില്ല. 15 വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണത്തില്‍ അവര്‍ ആദിവാസികളെ അവിടെ പുനര്‍ജ്ജീവിപ്പിക്കാനോ കുടില്‍കെട്ടാനോ അനുവദിച്ചിട്ടില്ല. എനിക്ക് മാത്രമാണ് പഴി. ഇതല്ലേ സത്യം. സത്യങ്ങള്‍ ഇതായിട്ടും 21 വര്‍ഷമായി ഇത് തന്നെ ആവര്‍ത്തിക്കുകയാണ്. കാര്യങ്ങള്‍ പറയാന്‍ ആരുമില്ല. ഇന്നലെയും അവര്‍ ഇത് ആവര്‍ത്തിച്ചു. അതുകൊണ്ടാണ് ഇത് പറയുന്നത്. നായനാര്‍ നിയമിച്ച ഭാസ്‌ക്കരന്‍ നമ്പ്യാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും എന്റെ കാലത്ത് ഉണ്ടായ സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ടും ഇത് രണ്ടും പുറത്തുവിടണം’ എ.കെ ആന്റണി പറഞ്ഞു.

Content Highlight: Muthanga incident; Had to hear the accusation of being the one who burned the tribals; Let the government release the investigation report: AK Antony

We use cookies to give you the best possible experience. Learn more