മുതലപ്പൊഴി: തിരുവനന്തപുരത്ത് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്റെ പ്രസംഗം കേള്‍ക്കാതെ വേദിവിട്ടിറങ്ങി ജനങ്ങള്‍. നേരത്തെ, മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതികരിച്ച ജോര്‍ജ് കുര്യന്‍ മാധ്യമങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചുകൊണ്ടാണ് ജനങ്ങള്‍ വേദിവിട്ടിറങ്ങിയതെന്നാണ് വിവരം.
മുതലപ്പൊഴി തുറമുഖ നവീകരണ പദ്ധതിയുടെ നിര്‍മാണോദ്ഘാടന വേദിയിലായിരുന്നു സംഭവം. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു പരിപാടിയില്‍ ആദ്യം സംസാരിക്കേണ്ടിയിരുന്നത്. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം അദ്ദേഹത്തിന് ഓണ്‍ലൈനായി പങ്കെടുക്കാന്‍ കഴിഞ്ഞില്ല. പിന്നാലെ ജോര്‍ജ് കുര്യന്‍ സംസാരിക്കുകയായിരുന്നു.
തുടര്‍ന്ന് വേദിയിലുണ്ടായിരുന്ന ആളുകള്‍ ഒന്നൊന്നായി എഴുന്നേറ്റ് പോകുകയാണ് ഉണ്ടായത്. നേരത്തെ പരിപാടിക്ക് മുഖ്യമന്ത്രി നേരിട്ട് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് ചികിത്സാ സംബന്ധമായ ചില തടസങ്ങള്‍ കൊണ്ട് ഓണ്‍ലൈന്‍ വഴി പങ്കെടുക്കുമെന്ന് അറിയിക്കുകയായിരുന്നു.
ഇന്ന് (വ്യാഴം) വൈകുന്നേരം അഞ്ച് മണിക്ക് മുഖ്യമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ 15 മിനിറ്റോളം ഇന്റര്‍നെറ്റ് തടസപ്പെട്ടതോടെ സദസിലുണ്ടായിരുന്ന ജോര്‍ജ് കുര്യന്‍ സംസാരിക്കുകയായിരുന്നു. ഈ സമയം വേദിയിലുണ്ടായിരുന്ന ആളുകള്‍ ഒന്നാകെ ഇറങ്ങി പോകുകയും ചെയ്തു.
ഇന്ന് രാവിലെ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ ജോര്‍ജ് കുര്യന്റെ വാഹനം തടഞ്ഞ് പ്രതിഷേധിക്കുകയും കരിങ്കൊടി കാണിക്കുകയും ചെയ്തിരുന്നു. നിലവില്‍ കേന്ദ്രമന്ത്രിക്ക് വലിയ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കന്യാസ്ത്രീകളുടെ പ്രശ്നപരിഹാരത്തിനായി ബി.ജെ.പി മാത്രമാണ് ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നതെന്നും ബാക്കിയുള്ളവരെല്ലാം കന്യാസ്ത്രീകളെ എത്രകാലം ജയിലില്‍ കിടത്താമെന്നാണ് ആലോചിക്കുന്നതെന്നുമാണ് ജോര്‍ജ് കുര്യന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
കന്യാസത്രീകളുടെ ജാമ്യാപേക്ഷ തള്ളിയത് അപേക്ഷ നല്‍കിയതിലെ പിഴവ് മൂലമാണെന്നും നടപടിക്രമം പൂര്‍ത്തിയാക്കാതെ അപേക്ഷ കൊടുത്താല്‍ തള്ളിക്കളയുമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞിരുന്നു. മാത്രമല്ല, മനുഷ്യക്കടത്തിന് ഇരയാക്കിയെന്ന് പറയുന്ന പെണ്‍കുട്ടികള്‍ ക്രിസ്ത്യാനികള്‍ ആണോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മന്ത്രി കൃത്യമായി മറുപടി നല്‍കിയതുമില്ല.
Content Highlight: People left the stage without listening to George Kurien’s speech at Muthalappozhi