മൂന്ന് മാസത്തെ വ്യത്യാസത്തില്‍ രണ്ടാമത്തെ 1000 കോടി ചിത്രവും സമ്മാനിച്ച് ബോക്‌സ് ഓഫീസിനെ ഞെട്ടിച്ചിരിക്കുകയാണ് രണ്‍വീര്‍ സിങ്. ആദിത്യ ധര്‍ സംവിധാനം ചെയ്ത ധുരന്ധര്‍ 2 റിലീസ് ചെയ്ത് ഒരാഴ്ചക്കുള്ളില്‍ 1000 കോടി കളക്ഷന്‍ മറികടന്നു. ചിത്രത്തിന്റെ ആദ്യഭാഗവും 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു.
ആദ്യഭാഗത്തിന്റെ അത്ര ഗംഭീരമല്ലെങ്കിലും നാല് മണിക്കൂറിനടുത്ത് പ്രേക്ഷകരെ മടുപ്പിക്കാതെ പിടിച്ചിരുത്താന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. യഥാര്‍ത്ഥ സംഭവങ്ങളില്‍ സംവിധായകന്റെ ഫിക്ഷനും ഉള്‍പ്പെടുത്തി ഒരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ ഇനിയും മുന്നേറുമെന്നാണ് ട്രാക്കര്‍മാര്‍ വിലയിരുത്തുന്നത്. ഹംസ എന്ന നായക കഥാപാത്രമായി സിനിമയെ ഉടനീളം താങ്ങിനിര്‍ത്തിയത് രണ്‍വീര്‍ സിങ്ങാണ്.
എന്നാല്‍ സിനിമ കണ്ടിറങ്ങിയവരുടെ മനസില്‍ നിന്ന് മായാത്ത കഥാപാത്രങ്ങളിലൊന്നാണ് റിസ്വാന്‍ ഷാ. ഹംസയുടെ വലംകൈയും ഇന്ത്യയുടെ മറ്റൊരു ചാരനുമായ റിസ്വാനും ക്ലൈമാക്‌സിലെ ആക്ഷന്‍ സീക്വന്‍സില്‍ സ്‌കോര്‍ ചെയ്തിരുന്നു. ചില ഭാഗങ്ങളില്‍ ഹംസയെയും ഓവര്‍ഷാഡോ ചെയ്യുന്ന തരത്തിലായിരുന്നു റിസ്വാന്റെ സ്‌ക്രീന്‍ പ്രസന്‍സ്.
അഫ്ഗാനില്‍ വേരുകളുള്ള ദല്‍ഹി സ്വദേശി മുസ്തഫ അഹമ്മദ് എന്ന താരമാണ് റിസ്വാനായി വേഷമിട്ടത്. ഹംസയെപ്പോലെ ഒരിടത്തും തന്റെ ഐഡന്റിറ്റി വെളിപ്പെടുത്താത്ത ചാരനായി ഗംഭീര പ്രകടനമായിരുന്നു മുസ്തഫയുടേത്. ദല്‍ഹിയില്‍ ജനിച്ചുവളര്‍ന്ന മുസ്തഫയുടെ ജീവിതവും പലര്‍ക്കും പ്രചോദനമാണ്. ഡിസ്‌ലെക്ലിയ എന്ന രോഗമുള്ളതിനാല്‍ സ്‌കൂള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന ബാല്യമായിരുന്നു മുസ്തഫയുടേത്.
എന്നാല്‍ പഠനത്തില്‍ മുന്നേറാനാകാത്ത മുസ്തഫ ബോഡിബില്‍ഡിങ്ങില്‍ ശ്രദ്ധ നല്‍കാന്‍ തുടങ്ങി. ജിം ട്രെയിനറായി കരിയറാരംഭിച്ച മുസ്തഫ പിന്നീട് മുംബൈയിലേക്ക് ചേക്കേറുകയായിരുന്നു. ഈ നീക്കം കരിയറില്‍ വഴിത്തിരിവായി. മുംബൈയിലെ പല ബോളിവുഡ് താരങ്ങളുടെയും പേഴ്‌സണല്‍ ജിം ട്രെയിനറായി മുസ്തഫ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഹൃതിക് റോഷന്‍, രണ്‍വീര്‍ സിങ്, യാമി ഗൗതം എന്നിവരുടെയെല്ലാം ട്രെയിനര്‍ മുസ്തഫയായിരുന്നു. പിന്നീടാണ് സംവിധായകന്‍ ആദിത്യ ധര്‍ മുസ്തഫയെ ക്യാമറക്ക് മുന്നിലെത്തിക്കുന്നത്. ധുരന്ധറിന്റെ ആദ്യഭാഗത്തില്‍ വെറും രണ്ട് സീനില്‍ മാത്രമേ താരമുള്ളൂ. രണ്ടാം ഭാഗത്തില്‍ മുസ്തഫ പല സീനിലും നിറഞ്ഞുനിന്നു. ബോളിവുഡില്‍ ഇനിയും മികച്ച അവസരങ്ങള്‍ താരത്തെ തേടിയെത്തുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
മേക്കിങ്ങിലും പെര്‍ഫോമന്‍സുകളിലും മുന്നിട്ട് നില്‍ക്കുന്നുണ്ടെങ്കിലും ധുരന്ധറിലെ പ്രൊപ്പഗണ്ടകളും വിമര്‍ശിക്കപ്പെടുന്നുണ്ട്. നോട്ട് നിരോധനം പോലുള്ള തീരുമാനങ്ങള്‍ രാജ്യത്തിന്റെ നല്ലതിന് വേണ്ടിയായിരുന്നെന്ന് പറഞ്ഞ് വെള്ളപൂശുന്ന രംഗത്തെ വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ വൈറലായി.
Content Highlight: Mustafa Ahmed’s performance in Dhurandhar 2 movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ