ഭോപ്പാല്‍: മുസ്‌ലിങ്ങളെ ജിമ്മില്‍ പ്രവേശിപ്പിക്കരുതെന്ന് ഭോപ്പാല്‍ എസ്.ഐയുടെ പരാമര്‍ശം വിവാദത്തില്‍. ഭോപ്പാല്‍ എസ്.ഐയായ സബ് ഇന്‍സ്‌പെക്ടര്‍ ദിനേശ് ശര്‍മയാണ് വിവാദപരാമര്‍ശത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത്.
മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട കസ്റ്റമേഴ്‌സിനേയും പരിശീലകരേയും ജിമ്മില്‍ പ്രവേശിപ്പിക്കരുതെന്നാണ് ദിനേശ് ശര്‍മ ജിം ഉടമയോട് പറഞ്ഞത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അതേസമയം പൊലീസുകാര്‍ ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയാണ് ഇത്തരമൊരു നിര്‍ദേശം ജിമ്മുടമ്മയ്ക്ക് കൈമാറിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ വിഷയത്തില്‍ പൊലീസുകാര്‍ക്ക് ഔദ്യോഗികമായി പരാതിയൊന്നും ലഭിക്കാതെയാണ് എസ്.ഐ ഈ വിഷയത്തില്‍ ഇടപെട്ടത്. എന്നാല്‍ ജിമ്മിലെ ഒരു മുസ്‌ലിം ട്രെയിനര്‍ ഹിന്ദു കസ്റ്റമേഴ്‌സിനെ പരിശീലപ്പിക്കുന്നതിലുള്ള അസഹിഷ്ണുതയാണ് ഇത്തരമൊരു സംഭവത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്
ജിമ്മില്‍ എത്തിയ പൊലീസുകാര്‍ ജിം ട്രെയിനറുടെ ഫോണ്‍ പരിശോധിച്ചിരുന്നു. എന്നാല്‍ അതില്‍ അസ്വഭാവികമായൊന്നും കണ്ടെത്താന്‍ പൊലീസിന് സാധിച്ചില്ല. പൊലീസിന്റെ സാമിപ്യത്തില്‍ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ വനിത ജോലിക്കാരോട് മുസ്‌ലിം ട്രെയിനറെപ്പറ്റി ചോദിച്ചറിഞ്ഞിരുന്നു. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ അന്വേഷണം നടത്തുമെന്ന് എ.സി.പി അക്ഷയ് ചൗധരി പറഞ്ഞു.
അതേസമയം പൊലീസിന്റെ നടപടിയെ ന്യായീകരിച്ച് ഭോപ്പാല്‍ എം.പിയും ബി.ജെ.പി നേതാവുമായ അലോക് ശര്‍മയും രംഗത്ത് എത്തിയിട്ടുണ്ട്. സംസ്ഥാനത്ത് മോഹന്‍ യാദവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഉണ്ടെന്നും ലവ് ജിഹാദും ലാന്‍ഡ് ജിഹാദും ഇവിടെ അനുവദിക്കില്ലെന്നും അലോക് വര്‍മ പറഞ്ഞു.
Content Highlight: Muslims should not be allowed in gym; Bhopal sub-inspector makes hateful remarks