ഭോപാല്‍: മുസ്‌ലിം സ്ത്രീകള്‍ക്കെതിരെ ബലാത്സംഗഭീഷണിയുമായി ഭോപ്പാലിലെ ഹുസൂരില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ രാമേശ്വര്‍ ശര്‍മ. ഗര്‍ബ നൃത്തത്തിനെത്തുന്ന മുസ്‌ലിം പുരുഷന്മാര്‍ തങ്ങളുടെ സഹോദരിമാരെയും പെണ്‍മക്കളെയും കൊണ്ടുവരൂ, ഞങ്ങളുടെ ആണ്‍കുട്ടികളും തയ്യാറാണ് എന്നാണ് ഒരു പൊതുപരിപാടിയില്‍ രാമേശ്വര്‍ ശര്‍മ പ്രസംഗിച്ചത്.
ഗര്‍ബ നൃത്ത പരിപാടികളിലേക്ക് മുസ്‌ലിങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു എം.എല്‍.എ.
‘സ്ഥിരമായി മുസ്‌ലിങ്ങള്‍ക്ക് ഇതില്‍ ചേരാനാഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനും ഞങ്ങള്‍ തയ്യാറാണ്. നെറ്റിയില്‍ തിലകം ചാര്‍ത്തി ജയ് ശ്രീറാം വിളിക്കൂ. ഗോമാതാവിനെ സംരക്ഷിക്കൂ.ആര്‍ക്കും ഒരു പ്രശ്‌നവുമുണ്ടാവില്ല’, രാമേശ്വര്‍ ശര്‍മ പറഞ്ഞു.
മുസ്‌ലിങ്ങള്‍ക്ക് സനാതനധര്‍മത്തോട് താത്പര്യമാണെന്നും അവര്‍ അവരുടെ സഹോദരിമാരെയും പെണ്‍മക്കളെയും അച്ഛനെയും അമ്മയെയുമൊക്കെ കൊണ്ടുവരണമെന്ന് പിന്നീട് ഇതിനെപ്പറ്റി ചോദിച്ചപ്പോള്‍ ഇയാള്‍ പറഞ്ഞു.
വെറുതെ ഗര്‍ബയ്ക്ക് വരാതെ പൂജചെയ്യാനും പ്രസാദം സ്വീകരിക്കാനുമെല്ലാം എം.എല്‍.എ പറഞ്ഞു.
ഭോപാല്‍ സെന്‍ട്രല്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ ആരിഫ് മസൂദ് ഈ പ്രസ്താവനകളെ ശക്തമായി അപലപിച്ച് രംഗത്തെത്തി. ആക്ഷേപകരവും നീചവും വിലകുറഞ്ഞതുമാണ് ഹുസൂര്‍ എം.എല്‍.എയുടെ വാക്കുകള്‍ എന്ന് ആരിഫ് മസൂദ് പറഞ്ഞു.
ഇത്തരം പ്രസ്താവനകള്‍ ശര്‍മ എപ്പോഴും നടത്തുന്നതാണെന്നും ഇത് പറഞ്ഞാണ് അയാള്‍ മൂന്നോ നാലോ തവണ എം.എല്‍.എ ആയതെന്നും കോണ്‍ഗ്രസ് നേതാവ് മുകേഷ് നായക് പറഞ്ഞു.
ബി.ജെ.പി എം.എല്‍.എ ഭരണഘടന വായിക്കണമെന്ന് എ.ഐ.എം.ഐ.എം മധ്യപ്രദേശ് പ്രസിഡന്റ് മൊഹ്‌സിന്‍ ഖാന്‍ പറഞ്ഞു.
മുസ്‌ലിങ്ങളെയും മതാചാരങ്ങളെയും പറ്റി ഇതിനുമുന്‍പും രാമേശ്വര്‍ ശര്‍മ വിവാദപ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്.
ഗര്‍ബ ആഘോഷവേളയില്‍ മുസ് ലിം മതത്തില്‍ പെട്ടവര്‍ പങ്കെടുക്കുന്നതിനെതിരെ ഇതിനുമുന്‍പ് തീവ്ര വലത് സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. ഹിന്ദു പെണ്‍കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഇവരെത്തുന്നത് എന്നാണ് ആരോപണം. പലയിടത്തും സംഘാടകര്‍ പ്രവേശനകവാടത്തില്‍ ആധാര്‍ പരിശോധിച്ച് ഹിന്ദുക്കളെ മാത്രം കടത്തിവിടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
Content Highlight: Muslims should bring their sisters and daughters to Garba: BJP MLA