വാരണാസി: സമാജ് വാദി പാര്‍ട്ടിക്കും അഖിലേഷ് യാദവിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം തലവന്‍ അസസുദ്ദീന്‍ ഒവൈസി. മുസ്‌ലിങ്ങള്‍ യാദവ വംശത്തിന്റെ അടിമത്തം അവസാനിപ്പിക്കണമെന്ന് ഒവൈസി പറഞ്ഞു.
മുസ്‌ലിങ്ങള്‍ തലമുറകളായി മുലായം സിങ് യാദവിനെയും അഖിലേഷ് യാദവിനെയും സേവിക്കുകയാണെന്നും എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുളള ചവിട്ടുപടിയായി മാത്രം സമുദായത്തെ ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
2027ലെ തെരഞ്ഞെടുപ്പില്‍ സഖ്യം ചേരുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സമാജ് വാദി പാര്‍ട്ടി അനുകൂലമായി പ്രതികരിച്ചിരുന്നില്ല. സഖ്യം ചേരാനുള്ള സമയപരിധി കഴിഞ്ഞ് ഒമ്പത്ദിവസം കഴിഞ്ഞിട്ടും പ്രതികരിക്കാത്ത സാഹചര്യത്തിലാണ് പരസ്യമായ വിമര്‍ശനം.
‘ മുസ്‌ലിങ്ങളുടെ തലമുറകള്‍ മുലായം സിങ് യാദവിനെയും അഖിലേഷ് യാദവിനെയും സേവിച്ചിട്ടുണ്ട്. പക്ഷേ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ഒരു ചവിട്ടുപടിയായി സമുദായത്തെ ചൂഷണം ചെയ്തതല്ലാതെ ഒരു മുസ് ലിമിനെയും നേതാവാക്കാന്‍ അവര്‍ ഒരിക്കലും അനുവദിക്കില്ല,’ ഒവൈസി പറഞ്ഞു.
ഇനി ആരും ആരുടേയും അടിമകളായി തുടരേണ്ടതില്ലെന്നും പകരം എല്ലാവരും സ്വന്തം നേതാവായി മാറണമെന്നും അദ്ദേഹം പറഞ്ഞു.
‘വ്യക്തിപരമായി എനിക്കൊന്നും വേണ്ട, ഇവിടുത്തെ ജനങ്ങളുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ വേണ്ടി മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അഖിലേഷ് യാദവിന് വേണ്ടിയല്ല, മറിച്ച് മാതാപിതാക്കള്‍ക്ക് വേണ്ടിയാണ് യുവാക്കള്‍ സ്വയം സമര്‍പ്പിക്കേണ്ടത്. ഒരു പാര്‍ട്ടിയേയും ആശ്രയിക്കാതെ അവകാശങ്ങളും പ്രാതിനിധ്യവും ഉറപ്പാക്കാന്‍ മുസ്‌ലിങ്ങള്‍ സ്വന്തം നേതൃത്വം കെട്ടിപ്പടുക്കണം,’ അദ്ദേഹം പറഞ്ഞു.
Content Highlight: Muslims must stop being slaves to the Yadav clan: Owaisi