| Friday, 4th September 2026, 4:21 pm

മഹാരാഷ്ട്രയിൽ നവരാത്രി പരിപാടികളിൽ മുസ്‌ലിംങ്ങൾക്ക് വിലക്ക്: ആധാർ പരിശോധന നിർബന്ധമാക്കണമെന്ന് വി.എച്ച്.പി

ശ്രീലക്ഷ്മി പി.പി

മുംബൈ: മഹാരാഷ്ട്രയിലെ നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന ഗർബ-ദാണ്ഡിയ നൃത്തപരിപാടികളിൽ മുസ്‌ലിംങ്ങൾ ഉൾപ്പെടെയുള്ള അഹിന്ദുക്കൾക്ക് പ്രവേശനം നൽകരുതെന്ന് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) ആവശ്യപ്പെട്ടു.

പത്ത് ദിവസം നീണ്ടുനിൽക്കുന്ന നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ആളുകളെ തിരിച്ചറിയാൻ പ്രവേശന കവാടങ്ങളിൽ തിരിച്ചറിയൽ രേഖകൾ പരിശോധിക്കണമെന്നും, ഹിന്ദു ആണോയെന്ന് ഉറപ്പാക്കാൻ നെറ്റിയിൽ തിലകം ചാർത്തണമെന്നും വി.എച്ച്.പി സംഘാടകർക്ക് മാർഗനിർദേശം നൽകി.

നവരാത്രി ആഘോഷം കേവലം പാട്ടും നൃത്തവും മാത്രമല്ലെന്നും ദേവീ ആരാധനയാണെന്നും വി.എച്ച്.പി ദേശീയ വക്താവും ജോയിന്റ് സെക്രട്ടറിയുമായ ശ്രീരാജ് നായർ പറഞ്ഞു.
‘നവരാത്രി ഉത്സവകാലത്ത് നടക്കുന്ന ഗർബ-ദണ്ഡിയ നൃത്തങ്ങളിൽ മുസ്‌ലിങ്ങളെ പങ്കെടുക്കാൻ അനുവദിക്കേണ്ടതില്ലെന്നാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്. നവരാത്രി ഉത്സവം പാട്ടും നൃത്തവും മാത്രമല്ല. ഇത് ദേവിയെ ആരാധിക്കുന്നതിനുള്ള ആഘോഷമാണ്. വിഗ്രഹാരാധനയെ അംഗീകരിക്കാത്ത മുസ്‌ലിംങ്ങൾ എന്തിനാണ് ഈ ആഘോഷത്തിൽ പങ്കെടുക്കുന്നത്?’ അദ്ദേഹം ചോദിച്ചു.

മുസ്‌ലിംങ്ങൾക്ക് വേണമെങ്കിൽ പള്ളികളിലോ സ്വന്തം വീടുകളിലോ നവരാത്രി ആഘോഷങ്ങൾ സംഘടിപ്പിക്കാമെന്ന് ശ്രീരാജ് നായർ പറഞ്ഞു.’മുസ്‌ലിംങ്ങൾക്ക് നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാൻ താത്പര്യമുണ്ടെങ്കിൽ, അവർ അവരുടെ കുടുംബാംഗങ്ങളായ ഭാര്യമാരെയും സഹോദരിമാരെയും കൂട്ടിക്കൊണ്ട് വരണം. അവർക്ക് പള്ളികളിലോ സ്വന്തം താമസസ്ഥലങ്ങളിലോ നവരാത്രി ആഘോഷങ്ങൾ സംഘടിപ്പിക്കാം,’ എന്ന് അദ്ദേഹം പറഞ്ഞു.

മുസ്‌ലിംങ്ങളെ രാജ്യത്തുനിന്ന് പുറത്താക്കണമെന്ന് ചിന്തിക്കുന്നവർ യഥാർത്ഥ ഹിന്ദുവല്ലെന്ന് ന്യൂയോർക്കിൽ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് പ്രസ്താവന നടത്തി ദിവസങ്ങൾക്കകം ആണ് ബി.ജെ.പി ഭരണത്തിലുള്ള മഹാരാഷ്ട്രയിൽ വി.എച്ച്.പിയുടെ വിവാദ നിലപാട് പുറത്തുവരുന്നത്.

Content Highlight:Muslims barred from Navratri events in Maharashtra: VHP calls for mandatory Aadhaar verification.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more