| Monday, 16th March 2026, 6:51 pm

ലോക മുസ്‌ലിങ്ങൾ വിവേചനം നേരിടുന്നു; സർക്കാരുകളോട് നടപടിയെടുക്കാൻ ആവശ്യപ്പെട്ട് യു.എൻ സെക്രട്ടറി ജനറൽ

മുഹമ്മദ് നബീല്‍

ന്യൂയോർക്ക്: ലോകത്തുടനീളമുള്ള മുസ്‌ലിംങ്ങൾ വിവേചനം നേരിടുന്നുവെന്നും ഇസ്‌ലാമോഫോബിയ ചെറുക്കാൻ സർക്കാരുകൾ ഉടൻ നടപടി സ്വീകരിക്കണമെന്നും ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്.

ഇസ്‌ലാമോഫോബിയയെ ചെറുക്കുന്നതിന് വേണ്ടിയുള്ള അന്താരാഷ്ട്ര ദിനത്തോട് അനുബന്ധിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ലോകത്തെ വിവിധ സംസ്കാരങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നും വരുന്ന ഇരുനൂറുകോടി മുസ്‌ലിങ്ങൾ പലപ്പോഴും വ്യവസ്ഥാപിത വിവേചനകൾക്കും മാറ്റിനിർത്തലുകൾക്കും കാരണമാകുന്നുണ്ട്,’ അദ്ദേഹം പറഞ്ഞു.

സാമൂഹികവും സാമ്പത്തികവുമായ മാറ്റിനിർത്തലുകളും ഏകപക്ഷീയമായ കുടിയേറ്റ നയങ്ങളും മുസ്‌ലിംങ്ങൾ നിരന്തരം അഭിമുഖീകരിക്കേണ്ടി വരുന്നുണ്ടെന്നും, മുസ്‌ലിം വിരുദ്ധ പ്രസംഗങ്ങളും വിദ്വേഷവുമാണ് ഇതിനുപിറകിലെ കാരണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വിദ്വേഷ പരാമർശങ്ങളുടെ വ്യാപനം വ്യക്തികൾക്കും മുസ്‌ലിം ആരാധനാലയങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും ഗുട്ടറസ് കൂട്ടിച്ചേർത്തു.

വിദ്വേഷ പ്രസംഗങ്ങളെ നേരിടുന്നതിനും മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും സർക്കാരുകൾ നടപടികൾ കൈക്കൊള്ളണമെന്നും യു.എൻ മേധാവി ആവശ്യപ്പെട്ടു.

വ്യക്തികൾക്ക് എതിരായുള്ള വിദ്വേഷങ്ങൾ നിയന്ത്രിക്കുന്നതിന് സാമൂഹിക മാധ്യമങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്നും മതഭ്രാന്ത്, അന്യമത വിരോധം, വിവേചനം എന്നിവയ്‌ക്കെതിരെ ശബ്ദമുയർത്താൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

2025 മെയ് മാസം ഇസ്‌ലാമോഫോബിയയെ നേരിടുന്നതിനുവേണ്ടി ഐക്യരാഷ്ട്രസഭ പ്രത്യേക പ്രതിനിധിയെ നിയോഗിച്ചതായും അദ്ദേഹം എക്സ് പോസ്റ്റിൽ കൂട്ടിച്ചേർത്തു.

ഓരോ രാജ്യത്തുനിന്നും സമൂഹത്തിൽ നിന്നും ഇസ്‌ലാമോഫോബിയ എന്ന വിപത്തിനെ നമുക്ക് തുടച്ചു നീക്കാം എന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Muslims around the world face discrimination; UN Secretary-General urges governments to take action

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more