യൂത്ത് ലീഗ് ഭാരവാഹിത്വം സംബന്ധിച്ച് സംഘടനയില്‍ വലിയ തോതില്‍ അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് നജീബ് കാന്തപുരം, പി.കെ ഫിറോസ് എന്നിവരുടെ പേരില്‍ ചേരി തിരിഞ്ഞ് പോരാട്ടം നടന്നിരുന്നു
കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളെയും ജനറല്‍ സെക്രട്ടറിയായി പി.കെ. ഫിറോസിനെയും തെരഞ്ഞെടുത്തു. എം.എ. സമദാണ് ട്രഷറര്‍.
സീനിയര്‍ വൈസ് പ്രസിഡന്റായി നജീബ് കാന്തപുരത്തെ തെരഞ്ഞെടുത്തു. സമവായ ഭാഗമായാണ് ഇത്തരമൊരു പദവിയുണ്ടാക്കിയത്.
കോഴിക്കോട് ലീഗഗ് ഹൗസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ലീഗ് ദേശീയ സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.
അന്തരിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകനായ മുനവ്വറലി തങ്ങള്‍ ആദ്യമായാണ് യൂത്ത് ലീഗിന്റെ നേതൃപദവിയിലത്തെുന്നത്. നന്മയുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ വക്താവായി മാറുമെന്ന് ഭാരവാഹിയായി പ്രഖ്യാപിക്കപ്പെട്ടശേഷം മുനവ്വറലി പത്രസമ്മേളനത്തില്‍ പറഞ്ഞു.
പുതിയ ദൗത്യം ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കും. മതേതര സ്വഭാവത്തോടെ സാമൂഹ്യ സേവനത്തില്‍ അധിഷ്ഠിതമായ പ്രസ്ഥാനമായി യൂത്ത് ലീഗിനെ മാറ്റിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ യൂത്ത് ലീഗ് ദേശീയ കണ്‍വീനറും സംസ്ഥാന സെക്രട്ടറിയുമായ പി.കെ. ഫിറോസ് രണ്ടു തവണ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റായിട്ടുണ്ട്.
ഐകകണ്‌ഠ്യേനയാണ് ഭാരവാഹികളെ നിശ്ചയിച്ചതെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വൈസ് പ്രസിഡന്റുമാര്‍: അഡ്വ. സുല്‍ഫിക്കര്‍ സലാം – കൊല്ലം, ഫൈസല്‍ ബാഫഖി തങ്ങള്‍ – മലപ്പുറം, പി. ഇസ്മായില്‍ – വയനാട്, പി.കെ സുബൈര്‍ – കണ്ണൂര്‍, പി.എ. അബ്ദുല്‍ കരീം – തൃശ്ശൂര്‍, പി.എ. അഹമ്മദ് കബീര്‍ – എറണാകുളം.
സെക്രട്ടറിമാര്‍: മുജീബ് കാടേരി – മലപ്പുറം, പി.ജി. മുഹമ്മദ് – കോഴിക്കോട്, കെ.എസ്. സിയാദ് – ഇടുക്കി, ആഷിക്ക് ചെലവൂര്‍ – കോഴിക്കോട്, വി.വി. മുഹമ്മദലി – കോഴിക്കോട്, എ.കെ.എം. അഷ്‌റഫ് – കാസര്‍കോട്, പി.പി. അന്‍വര്‍ സാദത്ത് – പാലക്കാട്. കൗണ്‍സില്‍ യോഗം മുസ്ലിം ലീഗ് അഖിലേന്ത്യാ ട്രഷറര്‍ പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.
യൂത്ത് ലീഗ് ഭാരവാഹിത്വം സംബന്ധിച്ച് സംഘടനയില്‍ വലിയ തോതില്‍ അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് നജീബ് കാന്തപുരം, പി.കെ ഫിറോസ് എന്നിവരുടെ പേരില്‍ ചേരി തിരിഞ്ഞ് പോരാട്ടം നടന്നിരുന്നു. തര്‍ക്കം മുറുകിയ സാഹചര്യത്തില്‍ ലീഗ് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് മത്സരം ഒഴിവാക്കി പാനല്‍ ഏകകണ്ഠമായി അംഗീകരിച്ചത്.
സമവായമുണ്ടാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞദിവസം പാണക്കാട് ലീഗ് നേതാക്കളുടെ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ഭാരവാഹികളെ സംബന്ധിച്ച് ധാരണയായത്.