| Thursday, 11th June 2026, 6:14 pm

യൂത്ത് ലീഗിന്റെ ആദ്യ പ്രസിഡന്റും മാധ്യമപ്രവര്‍ത്തകനുമായ കെ.കെ മുഹമ്മദ് അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

യൂത്ത് ലീഗിന്റെ ആദ്യ പ്രസിഡന്റും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ കെ.കെ മുഹമ്മദ് അന്തരിച്ചു. 90 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ കണ്ണൂരിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

1936 ജൂണ്‍ 20 ന് ന്യൂമാഹിയില്‍ രയരോത്ത് അബ്ദുവിന്റെയും നാലുകണ്ടി ആശാരിന്റെവിട ബീവിയുടെയും മകനായി ജനനിച്ച കെ.കെ. മുഹമ്മദ് 1968ലാണ് യൂത്ത് ലീഗിന്റെ സ്ഥാപക പ്രസിഡന്റാവുന്നത്. മുസ്‌ലീം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറി എന്ന നിലയിലും സംഘടനാ ചുമതല നിര്‍വഹിച്ചു.

1975 ലെ മുസ്‌ലീം ലീഗ് പിളര്‍പ്പിനെത്തുടര്‍ന്ന് അഖിലേന്ത്യാ മുസ്‌ലീം ലീഗിന്റെ ഭാഗമായി. 1984ല്‍ പാര്‍ട്ടികള്‍ വീണ്ടും ലയിച്ചപ്പോള്‍ മുസ്‌ലീം ലീഗില്‍ തിരിച്ചെത്തി. അഖിലേന്ത്യാ ലീഗിലായിരിക്കെ പാര്‍ട്ടി ചുമതലകള്‍ വഹിച്ചിരുന്നു. പാര്‍ട്ടി പത്രം ലീഗ് ടൈംസിന്റെ പത്രാധിപരായിരുന്നു.

ലീഗ് ലയനത്തിന് ശേഷം ചന്ദ്രിക ദിന പത്രത്തിലും വിവിധ ചുമതലകള്‍ നിര്‍വഹിച്ചിരുന്നു. കോഴിക്കോട് പ്രസ് ക്ലബ്ബ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സൈനബ ഹജ്ജുമ്മയാണ് ഭാര്യ. നിസാര്‍ മുഹമ്മദ്, ജാഫര്‍ഖാന്‍ മുഹമ്മദ്, സറീന, അബ്ദുല്‍ അസീസ്, ഫൈസല്‍ മുഹമ്മദ്, ജസീല, സാജിദ, ഷഫീന, സഫൂറ, സുഫൈറ, സുമയ്യ എന്നിവരാണ് മക്കള്‍. അസ്മ നിസാര്‍, സിനത്ത് ജാഫര്‍, മുഹമ്മദ് ശാഫി, നദീറ അസീസ്, രജ്‌ന ഫൈസല്‍, നൗഷാദ്, മുഹമ്മദ് റഫീഖ്, ഹാരിസ്, ജാബിര്‍, ഷാനവാസ്, അബ്ദുല്‍ മജീദ് എന്നിവര്‍ മരുമക്കളാണ്.

Content Highlight: Muslim Youth League (MYL) Founder President KK Muhmmeed Passed away

Latest Stories

We use cookies to give you the best possible experience. Learn more